പാർലമെന്‍റ് അതിക്രമ കേസ്: പ്രതി നീലം ആസാദിന്‍റെ ഹരിയാനയിലെ വീട്ടിൽ റെയ്ഡ്; കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത് ഡൽഹി പൊലീസ്
text_fieldsന്യൂഡൽഹി: പാർലമെന്‍റ് അതിക്രമ കേസിൽ പ്രതി നീലം ആസാദിന്‍റെ ഹരിയാനയിലെ വീട്ടിൽ റെയ്ഡ്. ഡൽഹി പൊലീസിന്‍റെ പ്രത്യേക സംഘമാണ് ജിൻഡിലെ ഖാഗോ ഗ്രാമത്തിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. നീലത്തിന്‍റെ മുറിയിൽ പരിശോധന നടത്തിയ പ്രത്യേക സംഘം കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫിസർ ബൽവാൻ സിങ്ങും വനിത ഓഫീസറുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
അറസ്റ്റിലായവർക്കെതിരായ എഫ്.ഐ.ആറിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് നീലത്തിന്‍റെ മാതാപിതാക്കൾ ഡൽഹി പാട്യാല ഹൗസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. റിമാൻഡ് സമയത്ത് എഫ്.ഐ.ആറിനായി ഡൽഹി പൊലീസിനെ സമീപിക്കാനായിരുന്നു കോടതി നിർദേശം.
കേസിലെ മറ്റൊരു പ്രതിയായ സാഗർ ശർമയുടെ ലക്നോയിലെ വസതിയിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. സാഗർ ധരിച്ച ഷർട്ട് വീട്ടിൽ നിന്ന് കണ്ടെടുത്തു. കൂടാതെ, സാഗർ ഷൂസ് വാങ്ങിച്ച ആലംബാഗിലെ കടയിലും പൊലീസ് പരിശോധന നടത്തി. 600 രൂപ വരുന്ന രണ്ട് ജോടി ഷൂസ് ആണ് വാങ്ങിയത്. കടയിലെ സി.സി.ടിവി പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികൾ കത്തിച്ചുകളഞ്ഞ മൊബൈൽ ഫോണുകളുടെ അവശിഷ്ടങ്ങൾ രാജസ്ഥാനിൽ നിന്ന് ഇന്നലെ കണ്ടെടുത്തിരുന്നു.
2001ലെ പാർലമെന്‍റ് ഭീകരാക്രമണത്തിന്റെ 22-ാം വാർഷിക ദിനമായ ഡിസംബർ 13നായിരുന്നു രാജ്യത്തെ നടുക്കിയ പാർലമെന്‍റ് അതിക്രമം. സംഭവത്തിൽ സാഗർ ശർമ, മനോരഞ്ജൻ, പാർലമെന്റിന് പുറത്ത് പുകത്തോക്ക് പൊട്ടിച്ച് പ്രതിഷേധിച്ച അമോൾ ഷിൻഡെ, നീലം ആസാദ് എന്നിവർ പിടിയിലായി. കേസിൽ രണ്ടു പേരെ കൂടി ഡൽഹി പൊലീസ് സ്പെഷൽ സെൽ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരുമായി ബന്ധമുള്ള രാജസ്ഥാനിൽ നിന്നുള്ള കൈലാശ്, മഹേഷ് എന്നിവരാണ് പിടികൂടിയത്.
അതേസമയം, മുഖ്യസൂത്രധാരനെന്ന് പൊലീസ് വിശേഷിപ്പിക്കുന്ന ബിഹാർ സ്വദേശി ലളിത് ഝായെ ചോദ്യം ചെയ്യാനായി ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മറ്റു നാലുപേരെയും പോലെ യു.എ.പി.എ 16, 18 വകുപ്പുകളും ഇന്ത്യൻ ശിക്ഷാ നിയമം 153, 186, 120ബി, 353, 452 വകുപ്പുകളും ലളിതിനെതിരെയും ചുമത്തി.
ലളിത് ഝാ സംഭവത്തിന് ശേഷം രാജസ്ഥാനിലേക്ക് പോയെന്നാണ് പൊലീസ് പറയുന്നത്. സാഗർ ശർമ, മനോരഞ്ജൻ, നീലം, അമോൾ ഷിൻഡെ എന്നീ പ്രതികളുടെ മൊബൈൽഫോണുകൾ കത്തിക്കാൻ ‘സൂത്രധാരനായ’ ലളിത് ഝായെ മഹേഷ് സഹായിച്ചെന്നും പൊലീസ് ആരോപിക്കുന്നു.
മറ്റു പ്രതികളെ പോലെ ‘ജസ്റ്റിസ് ഫോർ ആസാദ് ഭഗത് സിങ്’ എന്ന സമൂഹ മാധ്യമ ഗ്രൂപ്പിലുള്ളവരാണ് ഇരുവരും. മഹേഷ് ആക്രമണ സംഘത്തിന്‍റെ ഭാഗമാകേണ്ടതായിരുന്നുവെങ്കിലും കുടുംബം തടയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.