പാർലമെന്റ് അതിക്രമ കേസ്: മുഖ്യസൂത്രധാരൻ ഡൽഹി പൊലീസിന് മുമ്പാകെ കീഴടങ്ങി
text_fieldsന്യൂഡൽഹി: പാർലമെന്റ് അതിക്രമ കേസിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന ലളിത് ഝാ ഡൽഹി പൊലീസിന് മുമ്പാകെ കീഴടങ്ങി. വ്യാഴാഴ്ച രാത്രിയാണ് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു ഡൽഹി പൊലീസ്. ഇതിനിടയിലാണ് ഇയാൾ കീഴടങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
നേരത്തെ പാർലമെന്‍റ് അതിക്രമക്കേസിൽ അറസ്റ്റിലായ നാലു പ്രതികളെയും കോടതി ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഉത്തർപ്രദേശിൽനിന്നുള്ള സാഗർ ശർമ, മൈസുരു സ്വദേശി മനോരഞ്ജൻ ഗൗഡ, മഹാരാഷ്ട്രയിൽനിന്നുള്ള അമോൾ ഷിൻഡെ, ഹരിയാനക്കാരി നീലം എന്നിവരെയാണ് പാട്യാല ഹൗസ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
വിശദമായി ചോദ്യം ചെയ്യുന്നതിന് പ്രതികളുടെ കസ്റ്റഡി പൊലീസ് ആവശ്യപ്പെടുകയായിരുന്നു. പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. നേരത്തെ, സുരക്ഷാ വീഴ്ചയിൽ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ലോക്സഭ സെക്രട്ടേറിയറ്റാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. സുരക്ഷാ വീഴ്ചയെ തുടർന്ന് കനത്ത സുരക്ഷയാണ് പാർലമെന്‍റിനകത്തും പരിസരത്തും ഒരുക്കിയിരിക്കുന്നത്. മകർ ദ്വാർ കവാടത്തിലൂടെ പാർലമെന്‍റിലേക്ക് എം.പിമാർക്ക് മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.