പാർലമെന്റ് അതിക്രമം: പ്രതികളുടെ അക്കൗണ്ട് പരിശോധിക്കണമെന്ന് ‘മെറ്റ’യോട് പൊലീസ്
text_fieldsന്യൂഡൽഹി: പാർലമെന്റ് അതിക്രമത്തിൽ ഉൾപ്പെട്ട ആറ് കുറ്റാരോപിതരുടെ സമൂഹമാധ്യമങ്ങൾ പരിശോധിക്കാൻ അനുവദിക്കണമെന്ന് ഡൽഹി പൊലീസ് ഫേസ്ബുക്കിന്റെ മാതൃകമ്പനി ‘മെറ്റ’യോട് ആവശ്യപ്പെട്ടു. ഇവരുടെ വാട്സ്ആപ്, ഇ-മെയിൽ വിവരങ്ങളും പരിശോധിക്കും. ഡിസംബർ 13ലെ പാർലമെന്റിലെ സംഭവങ്ങൾക്കുമുമ്പ് ഇവർ ആരൊക്കെയായി ബന്ധപ്പെട്ടുവെന്നറിയാൻ ‘ചാറ്റ് ഹിസ്റ്ററി’യും വിലയിരുത്തും.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇതിനകം പൊലീസ് ശേഖരിച്ചിട്ടുണ്ട്. അക്കൗണ്ടിലേക്കുള്ള പണംവരവ് എങ്ങനെയായിരുന്നു എന്നറിയാനാണിത്. നീലം, സാഗർ ശർമ എന്നിവരുടെ പാസ്ബുക്കുകൾ അവരുടെ വീടുകളിൽനിന്നാണ് പിടിച്ചെടുത്തത്. ‘ഭഗത് സിങ് ഫാൻ പേജ്’ എന്ന ഫേസ്ബുക് അക്കൗണ്ട് വിവരങ്ങൾ അരിച്ചുപെറുക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. ഈ പേജ് പിന്നീട് ഡിലീറ്റ് ചെയ്തിട്ടുണ്ട്.
ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങളും തേടുന്നുണ്ട്. കുറ്റാരോപിതരുടെ മൊബൈൽഫോണുകൾ നശിപ്പിച്ചതിനാൽ ഇവരുടെ വാട്സ്ആപ് ചാറ്റുകൾ വേണമെന്നാണ് ‘മെറ്റ’യോട് ആവശ്യപ്പെടുന്നത്. അതിക്രമത്തിന്റെ സൂത്രധാരനായി കരുതുന്ന ലളിത് ഝാ ആണ് ഫോണുകൾ നശിപ്പിച്ചത്. ഇത് കത്തിച്ചനിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു. ഫോൺ അവശിഷ്ടങ്ങൾ ഫോറൻസിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഇതിൽനിന്ന് ഡേറ്റ വീണ്ടെടുക്കാനാകുമോ എന്നതാണ് പരിശോധിക്കുന്നത്. സാഗർ ശർമ, ഡി. മനോരഞ്ജൻ, അമോൽ ഷിൻഡെ, നീലം, ലളിത് ഝാ, മഹേഷ് കുമാവത് എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഇവർക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്.
അതിനിടെ, കേസിൽ എഫ്.ഐ.ആറിന്റെ പകർപ്പ് ആവശ്യപ്പെട്ട് നീലം സമർപ്പിച്ച ഹരജി ഡൽഹി പൊലീസ് എതിർത്തു. ഈ ഘട്ടത്തിൽ കേസിലെ വിവരങ്ങൾ ചോരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് പൊലീസ് പ്രത്യേക ജഡ്ജി ഹർദീപ് കൗർ മുമ്പാകെ വാദിച്ചത്.
എഫ്.ഐ.ആറിന്റെ പകർപ്പ് നൽകാത്തത് ഭരണഘടന അവകാശത്തിന്റെ ലംഘനമാണെന്ന് കേസിലുൾപ്പെട്ട ഏക വനിതയായ നീലം പറഞ്ഞിരുന്നു. നിർണായക വിവരങ്ങളുള്ളതിനാൽ എഫ്.ഐ.ആറിന്റെ പകർപ്പ് മുദ്രവെച്ച കവറിലാണ് സമർപ്പിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. നീലത്തിനെ കാണാൻ അവരുടെ മാതാപിതാക്കളെ അനുവദിക്കുന്നില്ലെന്നും പൊലീസ് പീഡിപ്പിക്കുകയാണെന്നും അവരുടെ അഭിഭാഷകൻ പറഞ്ഞു. എഫ്.ഐ.ആറിന്റെ പകർപ്പ് ആവശ്യപ്പെട്ട് നീലം സമർപ്പിച്ച ഹരജിയിൽ ശനിയാഴ്ചയാണ് കോടതി പൊലീസിന് നോട്ടീസ് അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.