പാർലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം
text_fieldsന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. കൈക്കൂലിക്കും വഞ്ചനക്കും അദാനിക്കും അനന്തരവനും അമേരിക്കൻ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച കോളിളക്കത്തിനും മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും ഉപതെരഞ്ഞെടുപ്പുകളുടെയും ഫലപ്രഖ്യാപനത്തിനും പിന്നാലെയാണ് ഇരുസഭകളും സമ്മേളിക്കുന്നത്. ചൊവ്വാഴ്ച ഇരുസഭകൾക്കും അവധി നൽകി ഭരണഘടനയുടെ 75ാം വാർഷികാഘോഷത്തിനായി സെൻട്രൽ ഹാളിൽ എം.പിമാരുടെ സംയുക്ത സമ്മേളനം നടത്തും.
അദാനിയുടെ ഇടപാടുകളിൽ സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) അന്വേഷണം വേണമെന്ന ആവശ്യം അമേരിക്കൻ കോടതി വിധിയോടെ ബലപ്പെട്ടെന്ന് വാദിച്ച് ബി.ജെ.പിയെയും പ്രധാനമന്ത്രിയെയും കടന്നാക്രമിക്കുകയാണ് പ്രതിപക്ഷം. ബി.ജെ.പിയാകട്ടെ മൗനത്തിലുമാണ്.
അദാനിക്ക് അഴിമതിക്കും തട്ടിപ്പിനും ഒത്താശ ചെയ്യുന്ന സെബി മേധാവി മാധബി ബുച്ച് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതും പ്രതിപക്ഷം ഉന്നയിക്കും. അഴിമതി ആരോപണ വിധേയയായ ബുച്ചിനെ സെബിയുടെ തലപ്പത്തുനിന്ന് നീക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കും. കൂടാതെ, മണിപ്പൂരിൽ കലാപം വീണ്ടും ആളിപ്പടർന്നത് പ്രതിപക്ഷം സഭയിലുയർത്തും.
അതേസമയം, യുദ്ധകാലാടിസ്ഥാനത്തിൽ വഖഫ് ബില്ലിലുള്ള സംയുക്ത പാർലമെന്ററി സമിതി റിപ്പോർട്ട് പൂർത്തിയാക്കി അവതരിപ്പിച്ച് ചർച്ചകൾ അതിലേക്ക് വഴിതിരിച്ചുവിടാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. വഖഫ് ജെ.പി.സിയുടെ കാലാവധി നീട്ടണമെന്ന പ്രതിപക്ഷ ആവശ്യം അദാനിക്കെതിരായ വാറന്റിന്റെ പശ്ചാത്തലത്തിൽ അംഗീകരിക്കാൻ സാധ്യതയില്ല.
വഖഫ് ഭേദഗതി ബിൽ അടക്കം 15 ബില്ലുകൾ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കാനും പാസാക്കാനുമായി ഉണ്ട്. ഈ മാസം 29ന് ജെ.പി.സി റിപ്പോർട്ട് സമർപ്പിച്ച ശേഷമാകും അതിന്റെ അടിസ്ഥാനത്തിൽ ബിൽ വീണ്ടും പാർലമെന്റിലെത്തുക. ഇൻഷുറൻസ് നിയമ ഭേദഗതി അവതരിപ്പിക്കുന്ന സർക്കാർ കഴിഞ്ഞ സമ്മേളനത്തിൽ അവതരിപ്പിച്ച ബാങ്കിങ് നിയമ ഭേദഗതി ബില്ലും റെയിൽ ഭേദഗതി ബില്ലും പാസാക്കാനാണ് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.