ഏറ്റുമുട്ടലിന്റെ മൂന്നാമൂഴത്തിലേക്ക്; പ്രതിപക്ഷമില്ലാതെ പാർലമെന്റ് സമ്മേളനത്തിന് സമാപനം
text_fieldsന്യൂഡൽഹി: ശൂന്യമായ പ്രതിപക്ഷ ബെഞ്ചുകളെ സാക്ഷിനിർത്തി രാജ്യസഭയിൽ വന്ദേമാതരം മുഴങ്ങിയതോടെ ലോക്സഭ തെരഞ്ഞെടുപ്പിനുശേഷമുള്ള പ്രഥമ പാർലമെന്റ് സമ്മേളനത്തിന് ബുധനാഴ്ച പരിസമാപ്തിയായി.
പൊതുതെരഞ്ഞെടുപ്പിനുശേഷം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വർധിതവീര്യത്തോടെയെത്തിയ ഇൻഡ്യ സഖ്യവുമായി ഏറ്റുമുട്ടലിന്റെ പാതയാണ് തങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് പ്രഥമ സമ്മേളനത്തിൽ മൂന്നാം മോദി സർക്കാർ നൽകിയ സന്ദേശം. ഈ മാസാവസാനം നടക്കാനിരിക്കുന്ന വർഷകാല സമ്മേളനത്തിലും സ്ഥിതി വ്യത്യസ്തമായിരിക്കില്ല.
ശക്തിയും ഐക്യവും പ്രകടിപ്പിക്കുന്ന പ്രതിപക്ഷത്തിനു മുന്നിൽ അടിപതറുമ്പോഴും അങ്ങനെയല്ലെന്ന് രാജ്യത്തെ ബോധ്യപ്പെടുത്താൻ കൂടിയാണ് ഏറ്റുമുട്ടലിന്റെ സ്വരം. ഏത് കുടുംബത്തിൽ നിന്നുള്ള നേതാവാണെങ്കിലും സഭാചട്ടങ്ങൾ പ്രകാരം അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് സർക്കാർ മുന്നറിയിപ്പും നൽകി. പാർലമെന്റ് സമ്മേളനം കഴിഞ്ഞ ശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് ഈ മുന്നറിയിപ്പ്.
ഒറ്റക്കെട്ടായി നിൽക്കുന്ന ഇൻഡ്യ സഖ്യത്തിൽ ഭിന്നത സൃഷ്ടിക്കാനുള്ള നീക്കത്തിൽ പാർലമെന്ററി മന്ത്രി കിരൺ റിജിജു കോൺഗ്രസിതര പ്രതിപക്ഷ കക്ഷികളുമായി ഒറ്റക്ക് ചർച്ച നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ലോക്സഭ സമ്മേളനം ചൊവ്വാഴ്ച വൈകീട്ട് അവസാനിച്ചപ്പോൾ ജൂലൈ 27ന് ആരംഭിച്ച രാജ്യസഭ സമ്മേളനം രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചക്കുള്ള മോദിയുടെ മറുപടിയോടെ ബുധനാഴ്ച ഉച്ചക്കാണ് സമാപിച്ചത്. പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളിൽ വ്യക്തത തേടാൻ പ്രതിപക്ഷ നേതാവിനുള്ള അവകാശം വകവെച്ചുകൊടുക്കാത്തതിൽ പ്രതിഷേധിച്ച് ഇൻഡ്യ കക്ഷികൾ ഒന്നടങ്കം രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചക്കുള്ള മോദിയുടെ മറുപടി ബഹിഷ്കരിച്ച് സഭ വിട്ടിറങ്ങിയ ശേഷമായിരുന്നു സമാപനം.
നന്ദിപ്രമേയ ചർച്ചയുടെ ആദ്യ ദിവസം നീറ്റിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് ലോക്സഭയെ നടപടിയിലേക്ക് കടക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇൻഡ്യ എം.പിമാർ അനുവദിച്ചില്ല. അതേസമയം പ്രതിപക്ഷ ശബ്ദം താരതമ്യേന ദുർബലമായ രാജ്യസഭയിൽ ചെയർമാൻ ഏകപക്ഷീയമായി ചർച്ചയുമായി മുന്നോട്ടുപോകുകയും ചെയ്തു.
പ്രതിപക്ഷ നേതാവുമായുള്ള ചെയർമാന്റെ നിരന്തര ഏറ്റുമുട്ടലിനും സഭ സാക്ഷ്യം വഹിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടയിൽ പാർലമെന്ററി മര്യാദ പാലിച്ച് നിരവധി തവണ കൈ ഉയർത്തിയിട്ടും എഴുന്നേറ്റിട്ടും പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാതിരുന്നപ്പോൾ സോണിയ ഗാന്ധിയാണ് ബഹിഷ്കരിച്ച് സഭ വിട്ടിറങ്ങാൻ ഇൻഡ്യ എം.പിമാരോട് ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.