‘സോറോസ്-അദാനി’; സ്തംഭനം തുടർന്ന് പാർലമെന്റ്
text_fieldsന്യൂഡൽഹി: ജോർജ് സോറോസ് -അദാനി വിഷയങ്ങളുന്നയിച്ച് ബി.ജെ.പി -കോൺഗ്രസ് അംഗങ്ങൾ പരസ്പരമുയർത്തിയ പോർവിളിയിൽ പാർലമെന്റിന്റെ ഇരു സഭകളും ചൊവ്വാഴ്ചയും സ്തംഭിച്ചു. രാവിലെ 11 മണിക്ക് ചേർന്നയുടൻ നിർത്തിവെച്ച ഇരുസഭകളും 12 മണിക്ക് വീണ്ടുമിരുന്നെങ്കിലും ബഹളംമൂലം തുടരാനാകാതെ നിർത്തിവെച്ചു. ബഹളത്തിനിടെ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ മർച്ചന്റ് ഷിപ്പിങ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു.
പ്രതിഷേധത്തിനെതിരെ സ്പീക്കർ
രാവിലെ 11 മണിക്ക് ലോക്സഭ ചേർന്നയുടൻ പാർലമെന്റിന് പുറത്ത് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങളെ സ്പീക്കർ ഓം ബിർള അപലപിച്ചു. അദാനിയുടെയും മോദിയുടെയും മുഖംമൂടി അണിഞ്ഞ് തിങ്കളാഴ്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം നടത്തിയ പ്രതിഷേധത്തെ ഓം ബിർള രൂക്ഷമായി വിമർശിച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പാർലമെന്റ് പവിത്രമായ സ്ഥലമാണെന്നും മഹത്ത്വവും മര്യാദയും പെരുമാറ്റത്തിൽ കാണിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. യോജിപ്പും വിയോജിപ്പും ഭരണഘടന ഉണ്ടാക്കിയ നാൾ തൊട്ടുണ്ട്. പാർലമെന്റ് പരിസരത്ത് മുദ്രാവാക്യം വിളിക്കുന്നതും പോസ്റ്റർ കൊണ്ടുവരുന്നതും ആശാസ്യമല്ലെന്നും പ്രതിപക്ഷത്തെ മുതിർന്ന നേതാവ് ഇത്തരം നടപടികളിൽ ഏർപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും സ്പീക്കർ പറഞ്ഞു.
അദാനി-മോദി ബാഗുകളുമായി എം.പിമാർ
അദാനി അഴിമതിയിൽ ചർച്ച ആവശ്യപ്പെട്ട് പാർലമെന്റ് സ്തംഭിപ്പിക്കുന്നത് ഒഴിവാക്കി പാർലമെന്റ് വളപ്പിൽ നടത്തുന്ന പ്രതിഷേധം കോൺഗ്രസും ഇൻഡ്യ കക്ഷികളും ചൊവ്വാഴ്ചയും തുടർന്നു. അദാനിയുടെയും മോദിയുടെയും കാർട്ടൂൺ വരച്ച കറുത്ത ബാഗുകളേന്തിയായിരുന്നു പ്രതിഷേധം.
സോറോസ് ഉന്നയിക്കാൻ അനുവദിച്ച് ഇരു സഭകളും
ജോർജ് സോറോസിൽ ചർച്ച ആവശ്യപ്പെട്ട് ഭരണപക്ഷം ബഹളം വെച്ചപ്പോൾ സ്പീക്കർ സഭ നിർത്തി. തുടർന്ന് രണ്ടുമണിക്ക് വീണ്ടും ചേർന്നപ്പോൾ ചെയറിലുണ്ടായിരുന്ന ദിലീപ് സൈകിയ കോൺഗ്രസ് -സോറോസ് ബന്ധം ആരോപിക്കാൻ കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിനെ അനുവദിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
രാജ്യസഭയിൽ നടുത്തളത്തിന് മുന്നിലേക്ക് വന്ന് ബി.ജെ.പി -കോൺഗ്രസ് എം.പിമാർ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ് മുഖാമുഖം പോർവിളി നടത്തി. ജോർജ് സോറോസ് വിവാദമുന്നയിക്കാൻ ബി.ജെ.പി ദേശീയ അധ്യക്ഷൻകൂടിയായ സഭ നേതാവ് ജെ.പി. നഡ്ഡയെ ചെയർമാൻ അനുവദിച്ചു. രാജ്യസഭയിൽ അപ്പോഴുണ്ടായിരുന്ന സോണിയ ഗാന്ധിക്കും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും എതിരെ ആരോപണങ്ങളുന്നയിച്ചായിരുന്നു നഡ്ഡയുടെ സംസാരം. ലോക്സഭ പ്രതിപക്ഷ നേതാവിനെ രാജ്യസഭയിൽ സഭനേതാവായ നഡ്ഡ വിമർശിച്ചത് ചട്ടവിരുദ്ധമാണെന്ന് ചുണ്ടിക്കാട്ടിയ ഡി.എം.കെ എം.പി തിരുച്ചി ശിവയോട് റൂളിങ് പിന്നീട് നൽകാമെന്നായിരുന്നു ധൻഖറുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.