വിലക്കയറ്റത്തിൽ സ്തംഭിച്ച് പാർലമെന്റ്
text_fieldsന്യൂഡൽഹി: രൂക്ഷമായ വിലക്കയറ്റത്തിനെതിരെ അകത്തും പുറത്തും അരങ്ങേറിയ പ്രതിപക്ഷ പ്രതിഷേധത്തിൽ സ്തംഭിച്ച് തുടർച്ചയായ രണ്ടാം ദിവസവും പാർലമെന്റ് നടപടികളിലേക്ക് കടക്കാനാകാതെ പിരിഞ്ഞു. വിലക്കയറ്റത്തിലും അവശ്യസാധനങ്ങളുടെ ചരക്കുസേവന നികുതി വർധനവിലും പ്രധാനമന്ത്രി വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി ലോക്സഭയുടെയും രാജ്യസഭയുടെയും നടുത്തളത്തിലേക്കിറങ്ങി പ്രതിപക്ഷം സഭാ നടപടികൾ സ്തംഭിപ്പിക്കുകയായിരുന്നു.
പാർലമെന്റ് നടപടികളിലേക്ക് കടക്കുന്നതിനു മുമ്പ് രാവിലെ പാർലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെയും മറ്റു പ്രതിപക്ഷ കക്ഷികളുടെയും എം.പിമാർ ധർണ നടത്തി.
അതേസമയം, വിലക്കയറ്റവും അവശ്യസാധനങ്ങളുടെ ജി.എസ്.ടി വർധനവും അടിയന്തരമായി ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസുകൾക്ക് ലോക്സഭ സ്പീക്കർ ഓം ബിർലയും രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവും രണ്ടാം ദിവസവും അനുമതി നൽകിയില്ല. ലോക്സഭയിൽ കോൺഗ്രസ് എം.പിമാരായ കൊടിക്കുന്നിൽ സുരേഷും അടൂർ പ്രകാശും രാജ്യസഭയിൽ എളമരം കരീമും അടക്കമുള്ളവരാണ് നോട്ടീസ് നൽകിയത്. അതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. 'ഗബ്ബർ സിങ് നികുതി വീണ്ടുമടിക്കുന്നു' 'മോദി സർക്കാറിന് വൻവില കൊടുക്കേണ്ടി വരുന്നു' തുടങ്ങിയ പ്ലക്കാർഡുകളുമായി കോൺഗ്രസ് എം.പിമാർ ലോക്സഭയുടെ നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ സംസാരം അവർ തടസ്സപ്പെടുത്തി. സ്വന്തം മുഖം പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകൾ കൊണ്ട് മറച്ചുപിടിക്കാൻ തുടങ്ങിയതോടെ സ്പീക്കർ ക്ഷുഭിതനായി.
ചട്ടപ്രകാരം പ്ലക്കാർഡുകൾ സഭക്കകത്ത് കൊണ്ടുവരാൻ പാടില്ലെന്ന് ഓം ബിർല മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതിപക്ഷം പിൻവാങ്ങിയില്ല. ഇത് തെറ്റായ മാർഗമാണെന്നും സഭയുടെ മര്യാദ സൂക്ഷിക്കണമെന്നും പറഞ്ഞ് രണ്ട് മണിവരെ അദ്ദേഹം സഭ നിർത്തിവെച്ചു. എന്നാൽ, ഉച്ചക്ക് ശേഷം ചേർന്നപ്പോഴും സമാന പ്രതിഷേധം ആവർത്തിച്ച പ്രതിപക്ഷം ചെയറിലുണ്ടായിരുന്ന കിരിത് പ്രേംജിഭായ് സോളങ്കി ഭായിയുടെ മുഖവും പ്ലക്കാർഡുകൾ കൊണ്ട് മറച്ചു. അതോടെ ബുധനാഴ്ച രാവിലെ 11മണി വരെ സഭ നിർത്തിവെക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
രാജ്യസഭ രാവിലെ ചേർന്നപ്പോൾ 'ജനാധിപത്യത്തിൽ സർവാധിപത്യം അനുവദിക്കില്ലെന്ന് മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സഭ ഉച്ചക്ക് രണ്ടു മണിവരെ നിർത്തിവെച്ച് വീണ്ടും ചേർന്നപ്പോൾ പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ കൂട്ടനശീകരണ ആയുധങ്ങൾ നിരോധിക്കുന്ന ബിൽ വിദേശ മന്ത്രി എസ്. ജയശങ്കർ അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എഴുന്നേറ്റ് വിലക്കയറ്റം ചർച്ച ചെയ്യാത്തത് ചോദ്യം ചെയ്തപ്പോൾ അവതരിപ്പിച്ച ബില്ലിൽ സംസാരിക്കാൻ മാത്രമേ അനുമതിയുള്ളൂ എന്ന് പറഞ്ഞ് ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷ് നാരായൺ വിലക്കി. പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ ബുധനാഴ്ച 11 മണിവരെ രാജ്യസഭയും നിർത്തിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.