പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെൻറ് സ്തംഭിച്ചു
text_fieldsന്യൂഡൽഹി: സഭയിൽനിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എം.പി അർപിത ഘോഷ്, സഭ പിരിഞ്ഞ ശേഷം തള്ളിക്കയറാൻ ശ്രമിച്ചത് രാജ്യസഭ വാതിലിെൻറ ചില്ലു തകർത്തു. പെഗസസ് ചാരവൃത്തിയും കർഷക നിയമങ്ങളും അടക്കം വിഷയം ഉന്നയിച്ച് പ്രതിപക്ഷം പാർലമെൻറിെൻറ ഇരുസഭകളും തടസ്സപ്പെടുത്തി. ബഹളവും പ്രതിഷേധവും വകവെക്കാതെ ലോക്സഭയും രാജ്യസഭയും ബില്ലുകൾ പാസാക്കി.
പുറത്താക്കപ്പെട്ട ആറ് തൃണമൂൽ എം.പിമാരും രാജ്യസഭയുടെ 30ാം േലാബിക്കടുത്തുനിന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നുവെന്ന് പാർലമെൻററി സുരക്ഷ വിഭാഗം (പി.എസ്.എസ്) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സഭ പിരിഞ്ഞ തൊട്ടുടനെ അവർ കയറാൻ ശ്രമിച്ചു. എന്നാൽ സഭ അണുമുക്തമാക്കാനായി അംഗങ്ങളെ ഒഴിപ്പിക്കുകയായിരുന്നതിനാൽ വലിയ തിരക്കായിരുന്നു. തടഞ്ഞേപ്പാൾ അർപിത ഘോഷ് വാതിലിെൻറ ചില്ല് മൊബൈൽ കൊണ്ട് ഇടിച്ചു പൊട്ടിച്ചുവെന്നും സുരക്ഷ ഒാഫിസറായ ചന്ദ്രകലക്ക് പരിക്കേറ്റതായും സുരക്ഷ വിഭാഗം അറിയിച്ചു.
അതേസമയം, സഭ പിരിഞ്ഞ ശേഷം രാജ്യസഭയിൽ കടക്കാൻ ശ്രമിച്ചതിനിടെ തങ്ങളെ തടയുകയായിരുന്നുവെന്ന് തൃണമൂൽ എം.പിമാർ കുറ്റപ്പെടുത്തി. സഭാ ഉപാധ്യക്ഷൻ ഹരിവൻഷ് നാരായൺ സിങ് അർപിത ഘോഷിെൻറ നടപടിയെ അപലപിച്ചു. ബംഗാൾ അക്രമം പാർലമെൻറിലേക്ക് കൊണ്ട് വരാനാണ് തൃണമൂൽ എം.പി ശ്രമിച്ചതെന്ന് കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി കുറ്റപ്പെടുത്തി. സഭ പിരിഞ്ഞ ശേഷം ബാഗ് എടുക്കാൻ വരുകയായിരുന്നു അവരെന്ന് തൃണമൂൽ നേതാവ് സുഖേന്ദു ശേഖർ റോയ് പറഞ്ഞു.
ബില്ല് പാസാക്കിയതിനെ കോൺഗ്രസ് എം.പി മനീഷ് തിവാരി എതിർത്തു. തൊഴിൽ നിയമം അടക്കമുള്ള ബില്ലുകൾ പാസാക്കാൻ സർക്കാർ നീക്കം തുടങ്ങിയത് പരിഗണിച്ച് ബദൽ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ പ്രതിപക്ഷ നേതാക്കൾ മല്ലികാർജുൻ ഖാർഗെയുടെ ഒാഫിസിൽ ഇന്ന് യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.