ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കുന്നതിനെ അനുകൂലിച്ച് പാർലമെൻറ് സമിതി
text_fieldsന്യൂഡൽഹി: ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കുന്നതിനെ അനുകൂലിച്ച് പാർലമെൻറിെൻറ നിയമകാര്യ സ്ഥിരംസമിതി. ഖജനാവിനും പാർട്ടികൾക്കും പണച്ചെലവ് കുറയും. ജനങ്ങളുടെ വിലപ്പെട്ട സമയം പാഴാവില്ല. വികസനപ്രവർത്തനങ്ങളിൽ കേന്ദ്രീകരിക്കാൻ സർക്കാറുകൾക്ക് കൂടുതൽ സമയം കിട്ടും. സഭാ സമിതിയുടെ അഭിപ്രായം ഇങ്ങനെയാണ്. സഭാസമിതി റിപ്പോർട്ട് ചൊവ്വാഴ്ച പാർലമെൻറിൽ വെച്ചു.
'ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്' എന്ന മുദ്രാവാക്യം മോദിസർക്കാർ മുന്നോട്ടുവെക്കുന്നതിനിടെയാണ് സഭാ സമിതി റിപ്പോർട്ട്. ഒരേസമയത്ത് ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ നടത്തുന്നത് പുതിയ കാര്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 1952, 1957, 1962 വർഷങ്ങളിൽ ലോക്സഭ തെരഞ്ഞെടുപ്പുകളും നിയമസഭ തെരഞ്ഞെടുപ്പുകളും ഏതാണ്ട് ഒന്നിച്ചായിരുന്നു. ഭരണഘടനയിൽ ആവശ്യമായ ഭേദഗതി നടത്തി അത് വീണ്ടും പ്രാവർത്തികമാക്കാം.
ലോക്സഭയുടെയും നിയമസഭകളുടെയും കാലാവധി ഏകീകരിക്കേണ്ടിവരും. തദ്ദേശസ്ഥാപനങ്ങൾക്ക് നിശ്ചിത കാലാവധി നൽകണം. നിയമസഭകളുടെ കാലാവധി ഏകീകരിക്കാൻ ചില ഏറ്റക്കുറച്ചിലുകൾ നടത്തുന്നതിന് രാഷ്ട്രീയസമവായം വേണ്ടിവരും. അടിക്കടി തെരഞ്ഞെടുപ്പുകൾ വരുന്നത് ഭരണസംവിധാനത്തിന് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കണമെന്ന നിർദേശം 1983 മുതൽ ഉയർന്നിരുന്നുവെന്നും റിപ്പോർട്ടിൽ വിശദീകരിച്ചു.
തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കുന്നത് നിലവിലെ ഭരണഘടനാ ചട്ടക്കൂടിൽ അപ്രായോഗികമാണെന്ന് ഏതാനും വർഷം മുമ്പ് നിയമ കമീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.