കുറഞ്ഞ ഇ.പി.എഫ് പെൻഷൻ പരിഷ്കരിക്കണമെന്ന് പാർലമെന്ററി സമിതി
text_fieldsന്യൂഡൽഹി: എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇ.പി.എസ്) കീഴിൽ നൽകുന്ന കുറഞ്ഞ പെൻഷൻ 1,000 രൂപയിൽനിന്ന് കാലാനുസൃതമായി വർധിപ്പിക്കണമെന്ന് തൊഴിൽ പാർലമെന്ററി കാര്യ സമിതി ശിപാർശ ചെയ്തു. തിങ്കളാഴ്ച പാർലമെൻറിൽ സമർപ്പിച്ച റിപ്പോർട്ടിൽ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സമിതിയുടെതാണ് ശിപാർശ. 1,000 രൂപ എന്ന മിനിമം പെൻഷൻ നടപ്പാക്കി 10 വർഷത്തിലേറെയായതായി റിപ്പോർട്ടിൽ പറയുന്നു.
അധിക സാമ്പത്തിക ബാധ്യതയടക്കമുള്ള വിഷയങ്ങൾ ഉയരുമെങ്കിലും പെൻഷൻകാരുടെയും കുടുംബങ്ങളുടെയും ജീവിത സാഹചര്യങ്ങൾ പരിഗണിച്ച് എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഓർഗനൈസേഷനും (ഇ.പി.എഫ്.ഒ) തൊഴിൽ മന്ത്രാലയവും ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കണമെന്നും സമിതി വ്യക്തമാക്കി. ഇ.പി.എസ് പദ്ധതിയിൽ 15,000 വരെ പരിധി നിശ്ചയിച്ച് പ്രതിമാസ ശമ്പളത്തിന്റെ 1.6 ശതമാനമാണ് കേന്ദ്രം നൽകുന്നത്. 2023-24 കാലയളവിൽ രാജ്യത്ത് 20,64,805 പേരാണ് 1,000 രൂപ പെൻഷൻ കൈപ്പറ്റുന്നത്. 2023 ഏപ്രിൽ ഒന്നുമുതൽ 2024 മാർച്ച് 31 വരെ കുറഞ്ഞ പ്രതിമാസ പെൻഷനായി സർക്കാർ 957.55 കോടി ഗ്രാന്റ്-ഇൻ-എയ്ഡ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് നാല് തൊഴിൽ നിയമങ്ങൾ ഇനിയും പൂർണമായി നടപ്പാക്കിയിട്ടില്ല. മേഘാലയ, നാഗാലാൻഡ്, പശ്ചിമ ബംഗാൾ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വേതനം സംബന്ധിച്ച ചട്ടങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. സംസ്ഥാനങ്ങളിൽ തൊഴിൽ നിയമങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങളുടെ ക്രിയാത്മകമായ ഇടപെടലും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.