തൊഴിലുറപ്പ് ദിനങ്ങളും വേതനവും വർധിപ്പിക്കണം; പാർലമെന്ററി സ്ഥിരം സമിതി ശിപാർശ
text_fieldsന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴിൽ ദിനങ്ങൾ 100ൽ നിന്ന് 150 ആയി ഉയർത്തണമെന്നും വേതനം വർധിപ്പിക്കണമെന്നും ഗ്രാമ വികസന, പഞ്ചായത്തീരാജ് പാർലമെന്ററി സ്ഥിരം സമിതി ശിപാർശ ചെയ്തു. കേന്ദ്രാവിഷ്കൃത പദ്ധതിയായതിനാൽ എല്ലാ സംസ്ഥാനങ്ങളിലും ഒരേ വേതനം നിർണയിക്കണമെന്നും സമിതി അടുത്ത വർഷത്തേക്കുള്ള ധനാഭ്യർഥന റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. പദ്ധതിക്ക് കീഴിൽ വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമുള്ള വിഹിതത്തിൽ കഴിഞ്ഞ മാസം 15 വരെ കേന്ദ്ര സർക്കാർ 23,446.27 കോടി രൂപ കുടിശ്ശിക വരുത്തിയെന്ന് സമിതി റിപ്പോർട്ടിലുണ്ട്.
വേതന വിതരണത്തിലെ കാലതാമസം ഒഴിവാക്കണം. വേതനത്തിൽ ഈ വർഷം ഫെബ്രുവരി 15 വരെ 12,219.18 കോടി രൂപ കേന്ദ്രം കുടിശ്ശിക വരുത്തി. തൊഴിലുറപ്പ് സാമഗ്രികൾക്കുള്ള 1,227.09 കോടിയും കുടിശ്ശികയാണ്. വേതനവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസുള്ള നടപ്പുവർഷത്തേതൊഴികെയുള്ള എല്ലാ ഫണ്ടുകളും പശ്ചിമ ബംഗാളിന് വിട്ടുകൊടുക്കാമെന്നും സമിതി ശിപാർശചെയ്തു.
വിവിധ സംസ്ഥാനങ്ങളിലെ വേതനത്തിൽ വ്യത്യാസമുണ്ട്. വേതന പരിഷ്കരണത്തിന്റെ മാനദണ്ഡങ്ങൾ മാറ്റണം. ഇടക്കിടെ ബാങ്ക് അക്കൗണ്ടുകൾ മാറ്റുന്ന തൊഴിലാളികൾ ഇക്കാര്യം പ്രോഗ്രാം ഓഫിസറെ അറിയിക്കുന്നതിലുള്ള കാലതാമസംമൂലം പലർക്കും വേതനം ലഭിക്കാതെ പോകുന്നു. അതിനാൽ തൊഴിലുറപ്പ് വേതന വിതരണത്തിന് ആധാർ ബന്ധിപ്പിച്ച അക്കൗണ്ടുകൾ വഴിയാക്കി മാറ്റാമെന്നും സമിതി ശിപാർശചെയ്തു. ഭൂമി ഏറ്റെടുക്കൽ തർക്കങ്ങളിൽ ദേശീയ പുനരധിവാസ മേൽനോട്ട സമിതി സജീവമായി ഇടപെടണം. തർക്കങ്ങൾ സമയബന്ധിതമായി പരിഹരിക്കണം. ഭൂമി ഏറ്റെടുക്കൽ, പുനരധിവാസ നിയമത്തിൽ വെള്ളം ചേർക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കരുതെന്നും സമിതി നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.