പാർലമെന്റ് സമ്മേളനം ഇന്നു മുതൽ; ഐക്യസാധ്യത മങ്ങി പ്രതിപക്ഷം
text_fieldsന്യൂഡൽഹി: തിങ്കളാഴ്ച തുടങ്ങുന്ന പാർലമെന്റിന്റെ രണ്ടാംഘട്ട ബജറ്റ് സമ്മേളനത്തിൽ സർക്കാറിനെതിരെ പ്രതിപക്ഷത്തിന്റെ യോജിച്ച നീക്കങ്ങൾക്ക് സാധ്യത മങ്ങി.
സഭാതല നീക്കങ്ങൾക്ക് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചാൽ എല്ലാവരും കോൺഗ്രസുമായി സഹകരിക്കാൻ ഇടയില്ലാത്ത സാഹചര്യം സോണിയ ഗാന്ധിയുടെ വസതിയിൽ നടന്ന പാർട്ടി എം.പിമാരുടെ യോഗത്തിൽ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഔപചാരികമായി യോഗം വിളിക്കുന്നതിനു മുമ്പ് പ്രതിപക്ഷ പാർട്ടികളുടെ വികാരം അറിയാൻ രാജ്യസഭയിലെ ചീഫ് വിപ് ജയ്റാം രമേശിനെ ചുമതലപ്പെടുത്തി.
തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നിവ പ്രതിപക്ഷത്തിന്റെ എല്ലാ നീക്കങ്ങളിലും കോൺഗ്രസിനൊപ്പമില്ല. വിശ്വാസ്യത നഷ്ടപ്പെട്ട കോൺഗ്രസിനെ പ്രതിപക്ഷ ഐക്യത്തിന്റെ കാര്യത്തിൽ ആശ്രയിക്കാൻ പറ്റില്ലെന്നാണ് നിയമസഭ തെരഞ്ഞെടുപ്പു ഫലങ്ങൾ പുറത്തുവന്ന ശേഷം തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പറഞ്ഞത്.
കോൺഗ്രസിന്റെ ഗോവ തോൽവിക്ക് തൃണമൂലും എ.എ.പിയും മത്സരിച്ചത് പ്രധാന കാരണമാണെന്ന് കോൺഗ്രസ് വിലയിരുത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഖാർഗെ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. രാജ്യസഭയിലെന്ന പോലെ ലോക്സഭയിലും സർക്കാറിനെതിരെ യോജിച്ച പ്രതിപക്ഷ നീക്കം പഴയപടി സാധ്യമായെന്നു വരില്ല. ഇതാകട്ടെ, സർക്കാറിന് കൂടുതൽ ആവേശവും സൗകര്യവും നൽകും.
സോണിയ ഗാന്ധിയുടെ വസതിയിൽ നടന്ന യോഗത്തിൽ പാർട്ടിയിലെ തിരുത്തൽവാദി നേതാവായ ആനന്ദ് ശർമ, ലോക്സഭയിലെ ചീഫ് വിപ് കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.