പാർലമെന്‍റ് വർഷകാല സമ്മേളനം തിങ്കളാഴ്ച മുതൽ; കേന്ദ്ര ബജറ്റ് ചൊവ്വാഴ്ച
text_fieldsന്യൂഡൽഹി: പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ആഗസ്റ്റ് 12 വരെ നീളുന്ന സമ്മേളനത്തിൽ 19 സിറ്റിങ് ഉണ്ടായിരിക്കും. നീറ്റ് പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തി നിൽക്കെയാണ് വർഷകാല സമ്മേളനത്തിന് തുടക്കമാകുന്നത്. മൂന്നാം എൻ.ഡി.എ സർക്കാറിന്‍റെ ആദ്യ ബജറ്റ് ചൊവ്വാഴ്ച ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. സാമ്പത്തിക സർവേ തിങ്കളാഴ്ച മേശപ്പുറത്തുവെക്കും.
നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ജി.ഡി.പി വളർച്ച ഏഴ് ശതമാനത്തിൽനിന്ന് 7.2 ആയി റിസർവ് ബാങ്ക് പുനർനിശ്ചയിച്ചിരുന്നു. ഇതിന്‍റെ പ്രതിഫലനം സാമ്പത്തിക സർവെയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ ആഗോള സാമ്പത്തിക വളർച്ചയിൽ 18.5 ശതമാനം ഇന്ത്യയുടെ സംഭാവനയായിരുന്നു. സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് തയാറാക്കിയത്.
സമ്മേളന കാലയളവിൽ ആറ് ബില്ലുകൾ സർക്കാർ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 90 വർഷം പഴക്കമുള്ള വ്യോമയാന നിയമം ഭേദഗതി ചെയ്യുന്ന ബിൽ ഉൾപ്പെടെയാണിത്. ഭാരതീയ വായുയാൻ വിധേയക് എന്നാകും പുതിയ നിയമം അറിയപ്പെടുക. കേന്ദ്രനിയമത്തിനു കീഴിൽ വരുന്ന ജമ്മു കശ്മീർ ബജറ്റിന് പാർലമെന്‍റ് അനുമതി നൽകുന്നതും ഈ സമ്മേളന കാലയളവിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.