പാർലമെൻറ് സമ്പൂർണ മുടക്കം, സർക്കാറിനുമില്ല താൽപര്യം
text_fieldsന്യൂഡൽഹി: പാർലമെൻറിെൻറ രണ്ടാംഘട്ട ബജറ്റ് സമ്മേളനം ഒരു നടപടികളിലേക്കും കടക്കാൻ കഴിയാതെ വെള്ളിയാഴ്ച സമാപിക്കും. 19ാം ദിവസമായ ചൊവ്വാഴ്ചയും നടപടികൾ ഒരിഞ്ച് മുന്നോട്ടുനീക്കാൻ കഴിയാതെ നിർത്തിവെച്ചു. ഇനി മൂന്ന് പ്രവൃത്തിദിവസങ്ങൾ മാത്രമാണ് ബാക്കി. നടപടികളൊന്നും നടക്കുന്നില്ലെങ്കിൽകൂടി, നേരേത്ത നിശ്ചയിച്ച തീയതി വരെ സമ്മേളനം നടത്താനാണ് സർക്കാറിെൻറ തീരുമാനം. അതേസമയം, സമ്പൂർണമായും ഒലിച്ചുപോയ സമ്മേളനമായി ചരിത്രത്തിൽ ഇടം പിടിക്കുകയാണ് രണ്ടാംഘട്ട ബജറ്റ് സേമ്മളനം.
മോദിമന്ത്രിസഭയിൽ അവിശ്വാസം രേഖപ്പെടുത്തുന്ന നോട്ടീസുകൾ ചർച്ചക്കെടുക്കാൻ ബഹളം മൂലം കഴിയുന്നില്ലെന്ന് സ്പീക്കർ സുമിത്ര മഹാജൻ ആവർത്തിച്ചു. കാവേരി മാനേജ്മെൻറ് ബോർഡ് രൂപവത്കരിക്കണമെന്ന് ആവശ്യപ്പെടുന്ന എ.െഎ.എ.ഡി.എം.കെയുടെ നടുത്തളസമരം ചൊവ്വാഴ്ചയും തുടരുകയായിരുന്നു. അവരെ പിന്തിരിപ്പിക്കാനോ സഭയിലെ സമാധാനത്തിന് സർവകക്ഷിയോഗം വിളിക്കാനോ സർക്കാർ തയാറാകാത്തത് കടുത്ത വിമർശനം ഉയർത്തുന്നുണ്ട്.
ഇതിനിടെ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ രാജ്യസഭയിൽ ഇംപീച്ച്മെൻറ് പ്രമേയ നോട്ടീസ് നൽകാനുള്ള പ്രതിപക്ഷനീക്കം അൽപം മന്ദഗതിയിലായി. വിരമിക്കുന്ന ചില അംഗങ്ങളും നോട്ടീസിൽ ഒപ്പുവെച്ചെന്ന് കണ്ടതിനെതുടർന്ന്, സൂക്ഷ്മപരിശോധന നടത്തിവരുകയാണ്. നോട്ടീസ് നൽകാൻ 50 അംഗങ്ങളുടെയെങ്കിലും കൈയൊപ്പ് വേണം. അതിൽ വിരമിച്ചവർ കൂടി ഒപ്പിട്ടതിനാൽ, നിശ്ചിത അംഗങ്ങൾ ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇംപീച്ച്മെൻറ് പ്രമേയ നോട്ടീസിൽ തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ ഒപ്പുവെക്കാൻ തയാറായിട്ടില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാൻ ശ്രമിക്കുന്നത് തെറ്റായ സന്ദേശം നൽകുന്നതാണെന്ന വിമർശനം കോൺഗ്രസിനുള്ളിൽ നിന്ന് ഉയരുന്നുണ്ട്. എന്നാൽ, നോട്ടീസ് നൽകേണ്ടതില്ല എന്ന തീരുമാനം എടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.