തോന്നിയപോലെ വിലക്കരുത്, ഇന്റർനെറ്റ്; ആഭ്യന്തര-ടെലികോം മന്ത്രാലയങ്ങളെ വിമർശിച്ച് സഭാ സമിതി
text_fieldsന്യൂഡൽഹി: പ്രായോഗികമായി പഠിക്കാതെ അടിക്കടി ഇന്റർനെറ്റ് സേവനം സർക്കാർ തടസ്സപ്പെടുത്തുന്ന സംഭവങ്ങളിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് പാർലമെന്റ് പഠന സമിതി. ഇന്റർനെറ്റ് കട്ട് ചെയ്ത സംഭവങ്ങളുടെ രേഖകളൊന്നും ടെലികോം വകുപ്പ് സൂക്ഷിക്കുന്നില്ല. ഇന്റർനെറ്റ് നിരോധനം സമ്പദ്രംഗത്ത് ഉണ്ടാക്കുന്ന പ്രത്യാഘാതവും പഠിച്ചിട്ടില്ല. പാർലമെന്റിന്റെ കമ്യൂണിക്കേഷൻസ്-ഐ.ടി കാര്യ സ്റ്റാൻഡിങ് കമ്മിറ്റി മുന്നോട്ടു വെച്ച ശിപാർശകളിൽ നടപടിയുമില്ല.
ഇങ്ങനെ പോകാൻ പറ്റില്ലെന്ന് സഭാ സമിതി വ്യക്തമാക്കി. ഇന്റർനെറ്റ് സേവനം തടയുന്നതിന് ചട്ടങ്ങളുണ്ട്. വിലക്ക് നീക്കുന്നതിനും നടപടിക്രമങ്ങൾ വേണം. ഇക്കാര്യങ്ങളിൽ ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് വ്യക്തമായ മാർഗരേഖ രൂപപ്പെടുത്താൻ ലോക്സഭയിൽവെച്ച റിപ്പോർട്ടിൽ പ്രതാപ്റാവു ജാദവ് അധ്യക്ഷനായ 32 അംഗ സമിതി നിർദേശിച്ചു.
പൊലീസും ക്രമസമാധാനവും സംസ്ഥാന സർക്കാറുകളുടെ പരിധിയിൽ വരുന്ന വിഷയങ്ങളാണെന്ന് വാദിച്ചതുകൊണ്ടായില്ല. ഇൻറർനെറ്റ് വിലക്കുന്നത് കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്ന കാര്യമല്ലെന്ന വിശദീകരണവും അംഗീകരിക്കാനാവില്ല. സേവനം വിലക്കിയാൽ, അതിന്റെ രേഖകൾ ആഭ്യന്തര, ടെലികോം മന്ത്രാലയങ്ങളുടെ പക്കൽ വേണം.
ഓരോ സംസ്ഥാനത്തെയും കുറ്റകൃത്യങ്ങൾ സംബന്ധിച്ച് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ രേഖകൾ ആഭ്യന്തര മന്ത്രാലയം ക്രോഡീകരിച്ചു സൂക്ഷിക്കുന്നുണ്ട്. അതേപോലെ, വിവിധ സംസ്ഥാനങ്ങളിലെ ഇന്റർനെറ്റ് വിലക്കിന്റെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് കേന്ദ്രീകൃതമായ ഡേറ്റബേസ് സൂക്ഷിക്കാവുന്നതേയുള്ളൂ.
മാധ്യമങ്ങളിൽവന്ന കണക്കുകൾ പ്രകാരം 2012 ജനുവരി മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിൽ ഇന്ത്യയിൽ സർക്കാർ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയ 518 സംഭവങ്ങളുണ്ട്. ഇത് ലോകത്തുതന്നെ ഏറ്റവും ഉയർന്നതാണ്. ടെലികോം, ആഭ്യന്തര മന്ത്രാലയങ്ങളുടെ പക്കൽ രേഖ സൂക്ഷിച്ചിട്ടില്ലാത്തതിനാൽ ഇതിന്റെ നിജഃസ്ഥിതി പരിശോധിക്കാൻ പാർലമെന്റ് സമിതിക്ക് കഴിഞ്ഞിട്ടില്ല. ഏറ്റവും പെട്ടെന്ന് കേന്ദ്രീകൃത ഡേറ്റ ബേസ് തയാറാക്കണം.
സമൂഹ മാധ്യമങ്ങൾ സാമൂഹിക വിരുദ്ധർ ദുരുപയോഗിക്കുന്നതാണ് ഇന്റർനെറ്റ് വിലക്കിന് പറയുന്ന ഒരു കാരണം. അടിയന്തര ഘട്ടങ്ങളിൽ അത് വേണ്ടിവരാം. പക്ഷേ, നിരോധനം കൊണ്ട് ഗുണമുണ്ടെന്ന് സമർഥിക്കുന്ന ഒരു ആധികാരിക പഠനവുമില്ലാതെ അടിക്കടി വിലക്ക് ഏർപ്പെടുത്തുന്നത് അങ്ങേയറ്റം ഉത്കണ്ഠ ഉളവാക്കുന്നതാണ്. അനുപാതം കൈവിട്ട് വിലക്ക് പാടില്ലെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. ചട്ടപ്രകാരം 15 ദിവസത്തിൽ കൂടുതൽ വിലക്ക് ഏർപ്പെടുത്താനുമാവില്ല.
ഏർപ്പെടുത്തിയ ഇന്റർനെറ്റ് വിലക്ക് പുനഃപരിശോധിക്കുന്നതിന് പ്രത്യേക സമിതിയുണ്ട്. റിട്ട. ജഡ്ജിമാർ, പൗരപ്രമുഖർ, ടെലികോം സേവന ദാതാക്കൾ, എം.പി, എം.എൽ.എ എന്നിവരെ ഈ സമിതിയുടെ ഭാഗമാക്കുന്നത് പരിഗണിക്കണം. നിയമ പശ്ചാത്തലമുള്ളവരാണ് നിലവിലെ കമ്മിറ്റിയിൽ ഉള്ളതെന്ന ടെലികോം വകുപ്പിന്റെ നിലപാട് തൃപ്തികരമല്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.