പാർലമെൻറ് നാളെ തുടങ്ങും; ബജറ്റ് വ്യാഴാഴ്ച
text_fieldsന്യൂഡൽഹി: പാർലമെൻറിെൻറ ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. റെയിൽവേ ബജറ്റുകൂടി സംയോജിപ്പിച്ച കേന്ദ്രബജറ്റ് വ്യാഴാഴ്ച. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെൻറിെൻറ ഇരുസഭകളുടെയും സംയുക്ത യോഗത്തെ സെൻട്രൽ ഹാളിൽ അഭിസംബോധന ചെയ്യുന്നതോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം. മോദി സർക്കാറിെൻറ ഭാവി നയനിലപാടുകൾ രാഷ്ട്രപതിയുടെ പ്രസംഗത്തിൽ നിഴലിക്കും.
2019ൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ബി.ജെ.പി സർക്കാറിെൻറ അവസാനത്തെ സമ്പൂർണ ബജറ്റാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ബുധനാഴ്ച ലോക്സഭയിൽ അവതരിപ്പിക്കുക. റെയിൽവേ ബജറ്റും പൊതുബജറ്റും കൂട്ടിച്ചേർത്ത രണ്ടാമത്തെ ബജറ്റാണ് ഇക്കുറി അവതരിപ്പിക്കുന്നത്. ഫെബ്രുവരിയിലെ അവസാന ദിവസത്തിൽനിന്ന് ആദ്യദിനത്തിലേക്ക് ബജറ്റ് അവതരണം മാറ്റിയതും പ്രത്യേക റെയിൽ ബജറ്റ് അവതരണം വേണ്ടെന്നു വെച്ചതും കഴിഞ്ഞ വർഷമാണ്. രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തുന്ന തിങ്കളാഴ്ചതന്നെ സാമ്പത്തിക സർവേ പാർലമെൻറിൽ വെക്കും. സാമ്പത്തിക രംഗത്തിെൻറ ചിത്രം വരച്ചുകാട്ടുന്നതാണ് സാമ്പത്തിക സർവേ. മാന്ദ്യം പിടിമുറുക്കിയിരിക്കേ, ഏറെ താൽപര്യത്തോടെയാണ് സർവേഫലത്തിന് സാമ്പത്തിക വിദഗ്ധർ കാത്തിരിക്കുന്നത്.
ചൊവ്വയും ബുധനും പാർലമെൻറിന് അവധിയാണ്. ബജറ്റ് അവതരണവും രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയും നടക്കുന്ന ആദ്യപാദ സമ്മേളനം ഇൗ മാസം ഒമ്പതു വരെയാണ്. മാർച്ച് അഞ്ചു മുതൽ ഏപ്രിൽ ആറു വരെയാണ് രണ്ടാംഘട്ട ബജറ്റ് സമ്മേളനം. രാജ്യസഭയിൽ പാസാക്കാൻ കഴിയാതെ പോയ മുത്തലാഖ് ബിൽ ബജറ്റ് സമ്മേളനത്തിൽ പാസാക്കാൻ സർക്കാർ ശ്രമിക്കും. ഒ.ബി.സി കമീഷൻ ബിൽ പാസാക്കാനുള്ള നീക്കവുമുണ്ട്. രണ്ടും രാഷ്ട്രീയ കോലാഹലങ്ങൾ ഉയർത്തും.
സഭ സമ്മേളനം സമാധാനപരമാക്കാൻ സ്പീക്കർ സുമിത്ര മഹാജനും സർക്കാറും വെവ്വേറെ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഞായറാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.