തെലങ്കാനയിൽ മുസ്ലിം വോട്ടിൽ കണ്ണുനട്ട് പാർട്ടികൾ
text_fieldsതെലങ്കാന പോളിങ് ബൂത്തിലെത്താൻ നാലുദിവസം മാത്രം ശേഷിക്കെ മുസ്ലിം വോട്ടുകളിൽ കണ്ണുനട്ട് പാർട്ടികൾ. ആകെയുള്ള 119 മണ്ഡലങ്ങളിൽ 40 എണ്ണത്തിൽ മുസ്ലിംകൾ നിർണായക ശക്തിയാണ്. സംസ്ഥാന ജനസംഖ്യയിൽ 13 ശതമാനത്തോളമുള്ള മുസ്ലിം വിഭാഗത്തിന്റെ വോട്ട് ആർക്കാണ് എന്നതാണ് രാഷ്ട്രീയ കക്ഷികൾക്ക് ആധിയേറ്റുന്നത്. മുസ്ലിം വോട്ടുബാങ്കിന്റെ പിന്തുണ മുൻകാലങ്ങളിൽ അസദുദ്ദീൻ ഉവൈസിയുടെ മജ്ലിസ് പാർട്ടിക്കും ഭരണകക്ഷിയായ ബി.ആർ.എസിനും തുണയായെങ്കിൽ ഇത്തവണ അതിനും മാറ്റം വന്നുതുടങ്ങി.
ഹിജാബ് നിരോധനമടക്കമുള്ള വിഷയങ്ങളിൽ കർണാടകയിൽ കോൺഗ്രസ് സർക്കാർ സ്വീകരിച്ച നിലപാടുകൾ തെലങ്കാനയിലെ വോട്ടർമാരെ സ്വാധീനിക്കുമെന്ന് ആദിലാബാദ് സ്വദേശി ഹസൻ പാഷ ‘മാധ്യമ’ത്തോട് പറഞ്ഞു. മതേതര നിലപാടുള്ള പാർട്ടിക്ക് ചിന്തിച്ച് വോട്ടുചെയ്യണമെന്നാണ് പ്രദേശത്തെ ഭൂരിഭാഗം പള്ളികളിലും വെള്ളിയാഴ്ച ആഹ്വാനമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷനിലെ 24 നിയമസഭ മണ്ഡലങ്ങളിലാണ് സംസ്ഥാനത്തെ 60 ശതമാനത്തോളം മുസ്ലിം വോട്ടുകൾ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. ബാക്കി 40 ശതമാനം മറ്റ് മണ്ഡലങ്ങളിലായി വ്യാപിച്ച് കിടക്കുകയാണ്.
തെലങ്കാനയിൽ മുസ്ലിം സമുദായത്തിൽ സ്വാധീനമുള്ള ജമാഅത്തെ ഇസ്ലാമിയും ജോയന്റ് ആക്ഷൻ കൗൺസിലും അടക്കമുള്ളവർ ഇക്കുറി കോൺഗ്രസിനൊപ്പമാണ്. ജമാഅത്തെ ഇസ്ലാമി 69 സീറ്റുകളിൽ കോൺഗ്രസിനെ പിന്തുണക്കുന്നു. മജ്ലിസ് പാർട്ടിക്ക് ഇക്കുറി ഒമ്പത് മണ്ഡലങ്ങളിലാണ് സ്ഥാനാർഥികളുള്ളത്. മറ്റു മണ്ഡലങ്ങളിൽ ബി.ആർ.എസിന് പിന്തുണ നൽകുന്നു. എന്നാൽ, സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ മുസ്ലിം വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്താൻ കോൺഗ്രസിനായിട്ടുണ്ട്.
മുഖ്യമന്ത്രി കെ.സി.ആറിനെ നല്ല സുഹൃത്തായി കരുതുന്ന ഉവൈസി മിക്ക മണ്ഡലങ്ങളിലും കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചാണ് പ്രചാരണം നടത്തുന്നത്. ബി.ആർ.എസിനും ബി.ജെ.പിക്കും ഒരുപോലെ വേണ്ടപ്പെട്ട ആൾ എന്ന രീതിയിൽ ഉവൈസിക്കെതിരെ പ്രത്യാക്രമണം നടത്തിയാണ് കോൺഗ്രസ് നീക്കം. ജൂബിലി ഹിൽസിലെ കോൺഗ്രസ് സ്ഥാനാർഥി ക്രിക്കറ്റ് താരം അസ്ഹറുദ്ദീനെതിരെയടക്കം മജ്ലിസ് പാർട്ടി സ്ഥാനാർഥികളെ നിർത്തുന്നത് ഉവൈസിയുടെ ഇരട്ടത്താപ്പാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
ബി.ആർ.എസിനോടുള്ള ബി.ജെ.പിയുടെ മൃദു സമീപനവും മിക്കയിടത്തും ചർച്ചയാണ്. ഡൽഹി മദ്യകുംഭകോണത്തിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകളായ കവിതക്കെതിരെ ഇ.ഡി, സി.ബി.ഐ നടപടികൾക്ക് തുടർച്ചയുണ്ടായില്ല. മിക്ക മണ്ഡലങ്ങളിലും കോൺഗ്രസിനെതിരെയുള്ള കടന്നാക്രമണമാണ് ബി.ജെ.പിയുടെ പ്രചാരണരീതി. ഇതെല്ലാം ചൂണ്ടിക്കാട്ടി ബി.ആർ.എസ് -ബി.ജെ.പി- ഉവൈസി സഖ്യം എന്ന രീതിയിൽ മുസ്ലിംകൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ പ്രചാരണം ആസൂത്രണം ചെയ്യാനായത് കോൺഗ്രസിന്റെ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, സംസ്ഥാനത്തെ മുസ്ലിംകളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണെന്നും സർക്കാറിന്റെ പദ്ധതികളുടെ ഗുണം നേരിട്ടനുഭവിക്കുന്നവരാണെന്നും കെ.സി.ആറിന്റെ പി.ആർ.ഒ കൂടിയായ രമേഷ് ഹസാരെ പറഞ്ഞു.
മുസ്ലിംകളിൽ കോൺഗ്രസ് അനുകൂല തരംഗമുണ്ടെന്ന നിരീക്ഷണങ്ങൾ നിഷേധിച്ച് ഉവൈസിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. റൈതു ഭീമ അടക്കം സർക്കാറിന്റെ സാമൂഹികക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളാണ് മുസ്ലിംകളെന്നും ബി.ആർ.എസിനെ വിട്ട് അവർക്ക് ചിന്തിക്കാനാകില്ലെന്നുമായിരുന്നു ഉവൈസിയുടെ പ്രസ്താവന. എന്നാൽ, 2018ലെ പോലെ മുസ്ലിം വോട്ടുകളിൽ ഭൂരിഭാഗവും ഇത്തവണ ബി.ആർ.എസിലേക്ക് ചായാൻ സാധ്യത വളരെ കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.