വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; യാത്രക്കാരനെതിരെ കേസെടുത്തു
text_fieldsമുംബൈ: വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച സംഭവത്തിൽ യാത്രക്കാരനെതിരെ കേസെടുത്തു. ഛത്രപതി ശിവാരജ് മഹാരാജ് ഇന്റർനാഷണൽ വിമാനത്താവളത്തിലാണ് സംഭവം. നാഗ്പൂർ-മുംബൈ വിമാനം ലാൻഡ് ചെയ്ത ഉടനെയായിരുന്നു സംഭവം.
സീനിയർ കാബിൻ ക്രൂവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് നൽകുന്ന വിവരപ്രകാരം ജനുവരി 24നാണ് സംഭവമുണ്ടായത്. രാവിലെ 11 മണിക്ക് പുറപ്പെട്ട വിമാനം 12.35നാണ് മുംബൈ വിമാനത്താവളത്തിലെത്തിയത്. തുടർന്ന് യാത്രക്കാരിലൊരാൾ എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയാണെന്ന ഇൻഡിക്കേറ്റർ വന്നു. ഉടൻ തന്നെ വിമാനത്തിലെ കാബിൻ ക്രൂ സംഘം എമർജൻസി ഡോറിനടുത്തേക്ക് പോയി ഇത് തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ തടയുകയായിരുന്നു.
യാത്രക്കാരനെ സംബന്ധിക്കുന്ന മുഴുവൻ വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുക. നേരത്തെ ബി.ജെ.പി എം.പി തേജസ്വി സൂര്യ വിമാനത്തിന്റെ എമർജസി ഡോർ തുറന്ന സംഭവമുണ്ടായിരുന്നു. തുടർന്ന് വിമാനം വൈകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.