പാസ്‌പോർട്ട്: പൊലീസ് ക്ലിയറൻസിന് ഇനി ഓൺലൈനായി അപേക്ഷിക്കാം; നാളെ തുടക്കം
text_fieldsന്യൂഡൽഹി/റിയാദ്: പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് (പി.സി.സി) ഇന്ത്യയിലെ മുഴുവൻ പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളിലും അപേക്ഷിക്കാം. രാജ്യത്തെ മുഴുവൻ പോസ്റ്റ് ഓഫിസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും ഓൺലൈനായി അപേക്ഷിക്കാൻ കഴിയുന്ന സംവിധാനം നാളെ (ബുധനാഴ്ച) മുതൽ ആരംഭിക്കും.
ഇന്ത്യയിലുടനീളമുള്ള എല്ലാ ഓൺലൈൻ പോസ്റ്റ് ഓഫിസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും (പി.ഒ.പി.എസ്.കെ) പി.സി.സി സേവനങ്ങൾക്ക് അപേക്ഷിക്കാനുള്ള സൗകര്യം ഉൾപ്പെടുത്താൻ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ ഉപയോഗിക്കുമ്പോൾ പൗരന്മാർക്ക് മെച്ചപ്പെട്ട അനുഭവം പ്രദാനം ചെയ്യാനാണ് ഈ നടപടിയെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
വിവിധ കാര്യങ്ങൾക്കായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളുടെ ആവശ്യം അപ്രതീക്ഷിതമായി കുതിച്ചുയർന്ന സാഹചര്യത്തിലാണ് പരിഹാരമെന്ന നിലയിൽ ഈ സംവിധാനം ഏർപ്പെടുത്തുന്നതെന്നും സെപ്തംബർ 28 മുതൽ രാജ്യത്താകെ സൗകര്യം ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പി.സി.സി അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകളുടെ എണ്ണം ഗണ്യമായി ഉയരുകയും കുറച്ചുകൂടി നേരത്തെയുള്ള തീയതിക്ക് ബുക്ക് ചെയ്യാൻ സാധിക്കുകയും ചെയ്യും. അപേക്ഷിക്കുന്നവർക്കെല്ലാം എളുപ്പം നടപടികൾ പൂർത്തീകരിക്കാൻ ഇത് സഹായിക്കും. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് മാത്രമല്ല വിദ്യാഭ്യാസം, മറ്റ് വിസകൾ, എമിഗ്രേഷൻ എന്നിവക്ക് പി.സി.സി ആവശ്യമായി വരുന്നവർക്കും ഗുണം ചെയ്യുന്നതാണ് പുതിയ സംവിധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.