ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് പാസ്റ്ററെയും സഹായിയെയും അറസ്റ്റ് ചെയ്തു
text_fieldsജഷ്പൂർ: ഗോത്രവർഗ കുടുംബങ്ങളെ ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് പാസ്റ്ററെയും സഹായിയെയും ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ഗോത്രവർഗ ആധിപത്യമുള്ള ജഷ്പൂർ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം.
പാസ്റ്റർ ക്രിസ്റ്റഫർ ടിർക്കി, സഹായി ജ്യോതി പ്രകാശ് ടോപ്പോ എന്നിവരാണ് അറസ്റ്റിലായത്. ഭലുതോല എന്ന സ്ഥലത്ത് നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് ജഷ്പൂർ പൊലീസ് സൂപ്രണ്ട് വിജയ് അഗർവാൾ പറഞ്ഞു. ഹിന്ദുത്വ സംഘടനകളുടെ പരാതിയെ തുടർന്നാണ് നടപടി.
ടിർക്കിയും ടോപ്പോയും ഞായറാഴ്ച രാവിലെ ഗ്രാമത്തിലെ ഒരു വീട്ടിൽ 'ചംഗൈ സഭ' (രോഗശാന്തി ശുശ്രൂഷ) സംഘടിപ്പിച്ചിരുന്നു. ഇത് മുൻകൂർ അനുമതിയില്ലാതെയാണെന്നും പരിപാടിയിൽ ഗോത്ര വിഭാഗത്തിൽപെട്ട പ്രദേശവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചതായി പരാതിക്കാർ ആരോപിച്ചതായും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
വിവരമറിയിച്ചതിനെത്തുടർന്ന് കൻസബെൽ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.
ഐ.പി.സി സെക്ഷൻ 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ), ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ നിയമത്തിലെ സെക്ഷൻ 4 എന്നിവ പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.