ബിഹാറിൽ കണക്കു തെറ്റിച്ച് പാസ്വാൻ ഫാക്ടർ; ഭിന്നിപ്പിച്ച് വളരാൻ ബി.ജെ.പി
text_fieldsന്യൂഡൽഹി: ലോക്ജൻശക്തി പാർട്ടി നേതാവ് രാംവിലാസ് പാസ്വാെൻറ മരണം നിയമസഭ തെരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുന്ന ബിഹാറിൽ ഓരോ പാർട്ടിയുടെയും സാധ്യതകളെ സ്വാധീനിക്കും. ദലിത് സമുദായത്തിെൻറ പരമോന്നത നേതാവായിരുന്ന പാസ്വാന് സ്വന്തം സമുദായത്തിൽ മാത്രമായിരുന്നില്ല സ്വാധീനം. സവർണരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും വോട്ട് സമർഥമായി ഏകോപിപ്പിച്ചാണ് അദ്ദേഹം സാമ്രാജ്യം വിപുലപ്പെടുത്തിയത്. പസ്വാെൻറ രാഷ്ട്രീയവും അവസരവാദവും എത്രകണ്ട് പിന്തുടരാൻ കഴിയും എന്നതിനെ ആശ്രയിച്ചാണ് മകൻ ചിരാഗിെൻറയും എൽ.ജെ.പിയുടെയും ഭാവി.
ബി.ജെ.പിക്കൊപ്പം നിന്ന് മുഖ്യമന്ത്രി മുതൽ കേന്ദ്രമന്ത്രി പദം വരെ സ്വപ്നം കണ്ട് നിതീഷിനെ ശത്രുവായി പ്രഖ്യാപിച്ചും ആഭ്യന്തര മന്ത്രി അമിത് ഷായുടെ അരുമയായിനിന്നുമാണ് ചിരാഗ് നീങ്ങുന്നത്. ജനതാദൾ-യുവിനെതിരെ ഓരോ മണ്ഡലത്തിലും സ്ഥാനാർഥികളെ നിർത്താൻ ചിരാഗ് തീരുമാനിച്ചത് ഭാവി മുഖ്യമന്ത്രി കസേര സ്വപ്നം കണ്ടാണ്. ബി.ജെ.പി സ്ഥാനാർഥികളെ പിന്തുണക്കുക വഴി ഉടനടി കേന്ദ്രമന്ത്രിയാകാമെന്നും കണക്കുകൂട്ടുന്നു.
ബി.ജെ.പിക്കാകട്ടെ, നിതീഷിെൻറ ജെ.ഡി.യുവിനെയും ഭാവിയിൽ ചിരാഗിെൻറ എൽ.ജെ.പിയേയും മൂലക്കാക്കി ബിഹാർ കാവിഭൂമിയാക്കുക എന്ന ലക്ഷ്യമാണ്. മറ്റു സംസ്ഥാനങ്ങളിലെ പോലെ സഖ്യകക്ഷികളുടെ വോട്ട് കാർന്നുതിന്ന് വളരുകയാണ് ബിഹാറിലും ബി.ജെ.പി. നിതാന്ത ശത്രുവായ ലാലുപ്രസാദ് പ്രതിനിധാനംചെയ്യുന്ന യാദവ വോട്ടുബാങ്കിൽപോലും ബി.ജെ.പി കടന്നുകയറി. പിന്നാക്ക, അതിപിന്നാക്ക വോട്ടുബാങ്കുകളിലേക്ക് സഖ്യകക്ഷി ബന്ധം മുതലാക്കി ബി.ജെ.പി വേരു പടർത്തുേമ്പാൾ ജെ.ഡി.യുവും എൽ.ജെ.പിയും ദുർബലപ്പെടും.
ജെ.ഡി.യുവിനെ ഒതുക്കുക, ചിരാഗിനെ വളർത്തുക, പിന്നെ ചിരാഗിനെ മെരുക്കി ഒതുക്കുക എന്നതാണ് ബി.ജെ.പി അടവു നയം. രാംവിലാസ് പാസ്വാനെപോലെ സമുദായം മകനെ വിശ്വാസത്തിലെടുക്കുമെന്ന് കാണാൻ തക്ക കരുതലൊന്നും സ്വന്തം വോട്ടുബാങ്കിൽ ചിരാഗിന് ഇല്ലെന്നിരിക്കേ, ബി.ജെ.പി ലക്ഷ്യം കൂടുതൽ എളുപ്പമായെന്നും വരും.
അതേസമയം, നിതീഷ്-ചിരാഗ് പോര് തേജസ്വി യാദവ് നയിക്കുന്ന ആർ.ജെ.ഡി-കോൺഗ്രസ്-ഇടതു സഖ്യത്തിന് ചില മണ്ഡലങ്ങളിൽ നേട്ടമാവും. അത് അധികാരം തിരിച്ചുപിടിക്കാൻ സഖ്യെത്ത സഹായിക്കുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.