തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് സുപ്രീംകോടതിയിൽ മാപ്പു പറഞ്ഞ് പതഞ്ജലി
text_fieldsന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് സുപ്രീംകോടതിയിൽ മാപ്പു പറഞ്ഞ് പതഞ്ജലി ആയുർവേദ്. കമ്പനി മാനേജിങ് ഡയറക്ടറും ബാബാ രാംദേവിന്‍റെ സഹായിയുമായ ആചാര്യ ബാൽകൃഷ്ണയാണ് മാപ്പു പറഞ്ഞത്. ഭാവിയിൽ ഇത്തരം പരസ്യങ്ങൾ നൽകില്ലെന്ന് സത്യവാങ്മൂലവും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
കോടതിയലക്ഷ്യ നോട്ടീസിന് മറുപടി നൽകാത്തതിന് സുപ്രീംകോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് ഏപ്രിൽ രണ്ടിന് രാംദേവിനോടും ആചാര്യ ബാലകൃഷ്ണയോടും ഹാജരാകാൻ നിർദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മാപ്പു പറച്ചിൽ നടത്തിയിരിക്കുന്നത്.
പതഞ്ജലി ഉത്പന്നങ്ങളുടെ ഔഷധ ഫലപ്രാപ്തിയെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ നിറഞ്ഞ പരസ്യങ്ങളെ തുടർന്ന് നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടി നൽകാത്തതിനെ തുടർന്നാണ് നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്.
ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിൾ അഡ്വർടൈസ്മെന്റ്സ്) നിയമത്തിൽ പരാമർശിച്ച അസുഖങ്ങൾ മാറ്റാമെന്ന് അവകാശവാദമുള്ള ഒരു ഉൽപന്നവും പതഞ്ജലി പരസ്യം ചെയ്യുകയോ വിപണനം നടത്തുകയോ ചെയ്യരുതെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കുത്തിവെപ്പിനും ഇംഗ്ലീഷ് മരുന്നിനുമെതിരെ പ്രചാരണം നടത്തുന്നതായുള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ഹരജിയിൽ വാദം കേൾക്കവെയായിരുന്നു നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.