14 ഉൽപന്നങ്ങളുടെ വിൽപന നിർത്തിവെച്ചെന്ന് പതഞ്ജലി സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ഉത്തരാഖണ്ഡ് ലൈസൻസിങ് അതോറിറ്റി റദ്ദാക്കിയ 14 ഉൽപന്നങ്ങളുടെ വിൽപന നിർത്തിവെച്ചതായി പതഞ്ജലി ആയുർവേദ ലിമിറ്റഡ്. സുപ്രീംകോടതിയെയാണ് പതഞ്ജലി ഇക്കാര്യം അറിയിച്ചത്. കൂടാതെ, ലൈസൻസ് റദ്ദാക്കിയ ഉൽപന്നങ്ങൾ സ്റ്റോറുകളിൽ നിന്നും പിൻവലിക്കാൻ 5,606 ഫ്രാഞ്ചൈസികൾക്ക് നിർദേശം നൽകിയതായും ഇവയുടെ പരസ്യം പിൻവലിക്കാൻ മാധ്യമങ്ങളോട് ആവശ്യപ്പെട്ടതായും പതഞ്ജലി കോടതിയെ അറിയിച്ചു.
പരസ്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് നൽകിയ നിർദേശം പാലിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കി രണ്ടാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. കോവിഡ് പ്രതിരോധ വാക്സിനേഷൻ ഡ്രൈവിനും ആധുനിക വൈദ്യശാസ്ത്രത്തിനുമെതിരെ പതഞ്ജലി അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആണ് സുപ്രീംകോടതിയെ സമീപിച്ചത്.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന്റെ പേരിൽ പതഞ്ജലി ആയുർവേദ ലിമിറ്റഡിനെതിരെ നടപടിയെടുക്കാതിരുന്ന ഉത്തരാഖണ്ഡ് ലൈസൻസിങ് അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനം സുപ്രീംകോടതി നേരത്തെ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 14 ഉൽപന്നങ്ങളുടെ വിൽപന ലൈസൻസിങ് അതോറിറ്റി തടഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.