ആരും വിശ്വസിക്കല്ലേ... പതഞ്ജലിയുടെ 'കൊറോണിൽ' കോവിഡ് മരുന്നിന് അംഗീകാരം നൽകിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന
text_fieldsന്യൂഡൽഹി: ബാബ രാംദേവിന്‍റെ പതഞ്ജലി ആയുർവേദ കോവിഡ് മരുന്നെന്ന് അവകാശപ്പെട്ട് പുറത്തിറക്കിയ 'കൊറോണിൽ' മരുന്നിന് അംഗീകാരം നൽകിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് ചികിത്സക്കായി ഏതെങ്കിലും പരമ്പരാഗത മരുന്നിന്‍റെ ഫലപ്രാപ്തി അവലോകനം ചെയ്യുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ആഗോള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി നിർമിച്ചെടുത്ത കൊറോണിൽ ഗവേഷണം മുഴുവൻ പൂർത്തിയാക്കിയതാണെന്നും ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷൻ പദ്ധതിപ്രകാരം ആയുർ മന്ത്രാലയം അംഗീകാരം നൽകിയെന്നുമായിരുന്നു ബാബ രാംദേവിന്‍റെ അവകാശവാദം. കോവിഡിന് പരമ്പരാഗത മരുന്നുകൾക്ക് അംഗീകാരം നൽകിയില്ലെന്ന് ലോകാരോഗ്യ സംഘടന സൗത്ത് ഈസ്റ്റ് ഏഷ്യയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചു.
കൊറോണിൽ കോവിഡിന് ഫലപ്രദമാണെന്ന് അവകാശപ്പെടുന്ന ശാസ്ത്രീയ തെളിവുകൾ അടങ്ങിയ പ്രബന്ധമാണെന്ന് അവകാശപ്പെട്ട് കഴിഞ്ഞദിവസം ബാബ രാംദേവ് ചില പുസ്തകങ്ങൾ ഉയർത്തിക്കാട്ടിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ, ഗതാഗതമന്ത്രി നിതിൻ ഗഡ്കരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവകാശ വാദം. ചടങ്ങിൽ കൊറോണിൽ മരുന്നും പുറത്തിറക്കിയിരുന്നു.
കൊറോണിൽ കോവിഡിന് ഫലപ്രദമാണെന്ന് ശാസ്ത്രീയ തെളിവുകളുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് മരുന്ന് വികസിപ്പിച്ചെടുത്തതെന്നും ബാബ രാംദേവ് പറഞ്ഞിരുന്നു. കൂടാതെ കൊറോണിൽ മരുന്ന് കഴിച്ച് കോവിഡ് ഭേദമായതായും അവകാശപ്പെട്ടു.
നേരത്തേയും കോവിഡിനെതിരെ മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി ബാബ രാംദേവും പതഞ്ജലിയും രംഗത്തെത്തിയിരുന്നു. മരുന്നിന്‍റെ പരസ്യം നൽകുകയും ചെയ്തിരുന്നു. 'കൊറോണിൽ' 'സ്വാസരി' എന്നിങ്ങനെ മരുന്നുകളുടെ പാക്കേജ് 'ദിവ്യ കൊറോണ' എന്ന പേരിൽ വിപണിയിലെത്തിക്കാനായിരുന്നു നീക്കം.
എന്നാൽ പതഞ്ജലി ലൈസൻസിനായി ഉത്തരാഖണ്ഡ് സർക്കാറിന് അപേക്ഷ നൽകിയപ്പോൾ പനി, ചുമ തുടങ്ങിയ രോഗങ്ങൾക്കും പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും മരുന്ന് ഉപയോഗിക്കാം എന്നായിരുന്നു. കോവിഡിനെതിരായ വാക്സിൻ ആണെന്ന് വ്യക്തമാക്കിയില്ലായിരുന്നു. തുടർന്ന് പതഞ്ജലിയോട് ആയുഷ് മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മരുന്നിന്‍റെ വിൽപ്പന നിർത്തിവെക്കുകയും ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.