തെറ്റുപറ്റി, ആവർത്തിക്കില്ല; കൈകൂപ്പി മാപ്പ് പറഞ്ഞ് ബാബ രാംദേവ്; നിയമം എല്ലാവർക്കും ഒന്നാണെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ‘പതഞ്ജലി ആയുർവേദ’ ഉൽപന്നങ്ങളുടെ പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയ കേസിൽ തെറ്റ് ഏറ്റുപറഞ്ഞ് പതഞ്ജലി സഹസ്ഥാപകനും യോഗ ഗുരുവുമായ ബാബ രാംദേവ്. കോടതിയിൽ നേരിട്ട് ഹാജരായ ബാബ രാംദേവ് കൈകൂപ്പി പരസ്യമായാണ് മാപ്പ് പറഞ്ഞത്. തെറ്റ് ആവർത്തിക്കില്ലെന്ന് സുപ്രീംകോടതിക്ക് ബാബ രാംദേവ് ഉറപ്പും നൽകി.
നിയമം എല്ലാവർക്കും ഒന്നാണെന്ന് സുപ്രീംകോടതി ഓർമിപ്പിച്ചു. തെറ്റിനെ നിങ്ങൾ ന്യായീകരിക്കുകയാണോ എന്ന് കോടതി ചോദിച്ചു. എന്നാൽ, തെറ്റിനെ ന്യായീകരിക്കുന്നില്ലെന്നും ക്ഷമാപണം നടത്തുകയാണെന്നും രാംദേവ് വ്യക്തമാക്കി. രാംദേവിനൊപ്പം കമ്പനി മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും സുപ്രീം കോടതിയിൽ ഇന്ന് ഹാജരായി.
പരസ്യങ്ങൾ വിലക്കിയ ഉത്തരവിനു പിന്നാലെ, കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ കോടതി രാംദേവിനോടും ബാലകൃഷ്ണയോടും ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടി നൽകാതിരുന്നതോടെ ഇരുവരോടും കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ നേരിട്ട് ഹാജരാകാൻ ജഡ്ജിമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവർ കർശന നിർദേശം നൽകിയിരുന്നു.
ഇരുവരും കോടതിയിൽ ഹാജരായി മാപ്പ് പറഞ്ഞെങ്കിലും, വാക്കാലുള്ള മാപ്പ് പോരെന്ന് കോടതി നിർദേശിച്ചു. തുടർന്നാണ് ഏപ്രിൽ ഒമ്പതിന് കോടതിയലക്ഷ്യ കേസിൽ മാപ്പപേക്ഷ അടങ്ങിയ സത്യവാങ്മൂലം സുപ്രീംകോടതിയിൽ ബാബ രാംദേവ് സമർപ്പിച്ചത്.
ആധുനിക വൈദ്യശാസ്ത്രത്തെ വിമർശിച്ചതിന് ബാബാ രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആണ് (ഐ.എം.എ) ഹരജി സമർപ്പിച്ചത്. ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിൾ അഡ്വർടൈസ്മെന്റ്സ്) നിയമത്തിൽ പരാമർശിച്ച അസുഖങ്ങൾ മാറ്റാമെന്ന് അവകാശവാദമുള്ള ഒരു ഉൽപന്നവും പതഞ്ജലി പരസ്യം ചെയ്യുകയോ വിപണനം നടത്തുകയോ ചെയ്യരുതെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.