പത്താൻകോട്ട് ഭീകരാക്രമണം: മസൂദ് അസ്ഹറിനെതിരെ എൻ.െഎ.എ കുറ്റപത്രം
text_fieldsന്യൂഡല്‍ഹി: മലയാളി ലഫ്. കേണല്‍ നിരഞ്ജന്‍കുമാര്‍ അടക്കം മൂന്ന് സൈനികര്‍ മരിച്ച പത്താന്‍കോട്ട് ഭീകരാക്രമണ കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. പാകിസ്താനിലെ ജയ്ശെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍, സഹോദരന്‍ റഊഫ് അസ്ഹര്‍, ഷാഹിദ്, ലത്തീഫ്, കാശിഫ് ജാന്‍ തുടങ്ങിയ നാലു പേര്‍ക്കെതിരെയാണ് കുറ്റപത്രം.
ഈ വര്‍ഷം ജനുവരി രണ്ടിനാണ് പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തില്‍ ഭീകരര്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയത്. ഹരിയാനയിലെ പഞ്ച്കുളയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ തിങ്കളാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. യു.എ.പി.എ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ് മൗലാന മസ്ഊദ് അസ്ഹറിനും സഹോദരനുമെതിരെ ചുമത്തിയിട്ടുള്ളത്.
മൗലാന മസ്ഊദ് അസ്ഹര്‍ ഉള്‍പ്പെടെയുള്ള ജയ്ശെ മുഹമ്മദ് ഭീകരരുടെ പങ്ക് വ്യക്തമാക്കുന്ന ഡിജിറ്റല്‍ രേഖകളും മൊഴികളും ഉള്‍പ്പെടെ വ്യക്തമായ തെളിവുകളോടെയാണ് കുറ്റപത്രം തയാറാക്കിയതെന്ന് എന്‍.ഐ.എ മേധാവി ശരത്കുമാര്‍ പറഞ്ഞു. ആക്രമണത്തിന്‍െറ എല്ലാ ഗൂഢാലോചനയും നടന്നത് പാകിസ്താനിലാണ്. പങ്കെടുത്തവര്‍ പാകിസ്താനികളാണ്. ഗൂഢാലോചന നടത്തിയവരില്‍ പ്രമുഖരായ നാലുപേര്‍ ഇപ്പോഴും പാകിസ്താനിലാണുള്ളതെന്നും എന്‍.ഐ.എ മേധാവി പറഞ്ഞു.
പത്താന്‍കോട്ട് ആക്രമണത്തിന് തൊട്ടുടനെ ഉത്തരവാദിത്തം ഏറ്റുകൊണ്ട് റഊഫ് അസ്ഹര്‍ വിഡിയോ സന്ദേശം തയാറാക്കി അയച്ചുവെന്നും അതില്‍ മൗലാന മസ്ഊദ് അസ്ഹറിന്‍െറ പങ്കാളിത്തം മഹത്വവത്കരിച്ച് പറയുന്നുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. രണ്ടു ദിവസത്തെ ഏറ്റുമുട്ടലിനൊടുവില്‍ നാലു ഭീകരെരെ സൈന്യം വകവരുത്തിയിരുന്നു. ഇവര്‍ പാകിസ്താനിലെ സിന്ധ്, വെഹറി സ്വദേശികളായ നാസിര്‍ ഹുസൈന്‍, ഹാഫിസ് അബൂബക്കര്‍, ഉമര്‍ ഫാറൂഖ്, അബ്ദുല്‍ ഖയ്യൂം എന്നിവരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ഇക്കാര്യം തെളിയിക്കുന്നതിനുള്ള ഡി.എന്‍.എ സാമ്പിള്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ കുറ്റപത്രത്തില്‍ എന്‍.ഐ.എ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, പത്താന്‍കോട്ട് ആക്രമണത്തിലെ പാക് ബന്ധം പാകിസ്താന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. പാക് ബന്ധം തെളിയിക്കുന്ന രേഖകളൊന്നും ഇതുവരെ ഇന്ത്യ തങ്ങള്‍ക്ക് കൈമാറിയിട്ടില്ളെന്നാണ് പത്താന്‍കോട്ടിലത്തെിയ തെളിവെടുപ്പ് നടത്തിയ പാക്സംഘം വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.