ഗുജറാത്ത്: പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരേഷ് ധനാനിക്ക് സാധ്യത
text_fieldsഅഹ്മദാബാദ്: ബി.ജെ.പിയിൽ സാമുദായിക കലഹം മുറുകുേമ്പാൾ പാട്ടീദാർ വിഭാഗക്കാരനായ പരേഷ് ധനാനിയെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിച്ച് കോൺഗ്രസ്. ബുധനാഴ്ച നടക്കുന്ന കോൺഗ്രസ് നിയമസഭ കക്ഷി യോഗത്തിലാണ് നേതാവിനെ തെരഞ്ഞെടുക്കുക.
മുമ്പ് കക്ഷിനേതാവായിരുന്ന മോഹൻസിങ് രത്വയെ പ്രായാധിക്യം കാരണം പരിഗണിക്കില്ലെന്നാണ് അറിയുന്നത്. പകരം 41കാരനായ ധനാനിക്കാണ് സാധ്യത കൂടുതൽ.
അമ്രേലി മണ്ഡലത്തിൽനിന്ന് 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ധനാനി ജയിച്ചത്. 2001ൽ 26ാം വയസ്സിലായിരുന്നു ധനാനിയുടെ നിയമസഭയിലെ അരങ്ങേറ്റം. നിലവിൽ മൂന്നാം ഉൗഴമാണ്. സംസ്ഥാന കോൺഗ്രസ് വർക്കിങ് പ്രസിഡൻറുമാരിൽ ഒരാളായ ധനാനി, രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ സൂത്രധാരനായിരുന്നു. ഇദ്ദേഹത്തിെൻറ തന്ത്രങ്ങളാണ് സൗരാഷ്ട്രയിൽ മിന്നുന്ന ജയം നേടാൻ കാരണമായതെന്ന് പാർട്ടി കരുതുന്നു. 2019 ലോക്സഭ തെരഞ്ഞെടുപ്പിലും പാട്ടീദാർമാരുടെ പിന്തുണ ഉറപ്പാക്കാൻ അതേസമുദായക്കാരനെ പ്രതിപക്ഷ നേതാവാക്കിയാൽ സാധിക്കുമെന്ന് കോൺഗ്രസ് കരുതുന്നു.
മറ്റു സമുദായക്കാർക്കും അർഹമായ പരിഗണന നൽകാനാണ് നേതൃത്വം ആലോചിക്കുന്നത്. നിയമസഭ കക്ഷി ഉപനേതാവായി പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള അശ്വിൻ കൊത്വാളിനെയാണ് പരിഗണിക്കുന്നത്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായി ഒ.ബി.സി സമുദായമായ കോലി വിഭാഗത്തിൽനിന്നുള്ള കൺവാർജി ബവാലിയയെ നിയമിച്ചേക്കും. ദലിത് നേതാവ് ശൈലേഷ് പാർമറെ ചീഫ് വിപ്പാക്കാനും ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.