ഗ്യാൻവാപി: ക്ഷമക്കും അതിരുണ്ട്; കാര്യങ്ങൾ കൈവിടും -മുസ്‍ലിം നേതാക്കളുടെ മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: മുസ്‍ലിംകളുടെ ക്ഷമക്കും അതിരുണ്ടെന്ന് നിയമപരവും ഭരണഘടനാപരവുമായ ആവശ്യങ്ങൾ പോലും അംഗീകരിക്കാതെ നിരന്തരം അന്യായം കാണിക്കുന്നവർ ഓർക്കണമെന്ന് മുസ്‍ലിം നേതാക്കൾ. ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലും മുസ്‍ലിംകളോട് തുടർന്നുകൊണ്ടിരിക്കുന്ന അന്യായം രാജ്യത്തെ കോടതികളും ആവർത്തിക്കുകയാണെങ്കിൽ അസ്വസ്ഥമായ സമുദായത്തിന്റെ നിയന്ത്രണം കൈവിട്ടുപോകുമെന്നും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ മുസ്‍ലിം പക്ഷത്തെ കേൾക്കാൻ കൂട്ടാക്കാതെ കീഴ്കോടതി മുതൽ സുപ്രീംകോടതി വരെ ഏകപക്ഷീയമായി നിലപാട് കൈകൊണ്ട് പള്ളിയിൽ പൂജക്ക് വഴിയൊരുക്കിയതിനെതിരെ വിവിധ മുസ്‍ലിം സംഘടനാ നേതാക്കൾ വിളിച്ചു ചേർത്ത സംയുക്ത വാർത്താസമ്മേളനത്തിലാണ് ഈ മുന്നറിയിപ്പ്. വാർത്താസമ്മേളനം നടത്താൻ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ അനുമതി നൽകാത്തതിനെ തുടർന്ന് ന്യൂഡൽഹി ഐ.ടി.ഒയിലെ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ഓഫീസിലായിരുന്നു വാർത്താസമ്മേളനം.
സമുദായത്തിന്റെ ആശങ്കകൾ ധരിപ്പിക്കാൻ മുസ്‍ലിം നേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണുമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് കത്തെഴുതുമെന്നും നേതാക്കൾ അറിയിച്ചു. കീഴ്കോടതി ചെയ്ത അന്യായം സുപ്രീംകോടതിയും തടയാതിരുന്നാൽ മുസ്‍ലിംകൾ ആവലാതിയുമായി ഇനിയെവിടെ പോകുമെന്ന് ജംഇയ്യത്ത് ഉലമായെ ഹിന്ദ് നേതാവ് മഹ്മൂദ് മദനി ചോദിച്ചു. മുസ്‍ലിംകളെ അപമാനിച്ചും പൈശാചികവൽക്കരിച്ചും ശത്രുവിനോടെന്ന പോലെയാണ് പെരുമാറുകയാണ്. മുഖം നൽകുന്നു പോലുമില്ല. ലാത്തി (കൈയൂക്ക്) കൊണ്ട് നീതി നടത്തുന്നത് ‘ജംഗിൾ രാജ്’ ആണ്. ലാത്തി കൊണ്ട് നീതി നടപ്പാക്കാമെന്നാണ് വിചാരമെങ്കിൽ ലാത്തി ഇരിക്കുന്ന കൈമാറിയേക്കാമെന്ന് ഓർക്കണമെന്നും മഹ്മൂദ് മദനി പറഞ്ഞു.
ക്ഷമിക്കാനും സഹിക്കാനും മുസ്‍ലിംകളോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയ ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് അസിസ്റ്റന്റ് അമീർ മലിക് മുഅ്തസിം ഖാൻ മുസ്‍ലിം സഹോദരങ്ങളോട് ക്ഷമ കൈകൊള്ളാൻ ഇനിയുമെത്ര നാൾ ആഹ്വാനം ചെയ്യുമെന്ന് ഖാൻ ചോദിച്ചു. മുസ്‍ലിംകൾ ക്ഷമയും സഹനവും ഉപേക്ഷിച്ചാൽ പ്രയാസമുണ്ടാകുക രാജ്യത്തിനാകും. ഇക്കാര്യം മനസിലാക്കേണ്ടത് മുസ്‍ലിം നേതാക്കളുടെയും ഭരണകൂടത്തിന്റെയും ഉത്തരവാദിത്തമാണ്. ഭൂരിപക്ഷ സമുദായം മുന്നോട്ടുവന്ന് രാജ്യത്തിന്റെ അടിസ്ഥാന ശിലകൾ തകർക്കുന്ന തങ്ങൾക്കിടയിലെ തീവ്രവാദ ശക്തികളെ പറഞ്ഞു മനസിലാക്കിക്കാൻ പരിശ്രമിക്കണമെന്നും മലിക് മുഅ്തസിം ഖാൻ ആവശ്യപ്പെട്ടു.
കോടതികൾ നിയമത്തിന് പകരം വിശ്വാസം നോക്കി വിധി പുറപ്പെടുവിക്കുകയാണെങ്കിൽ പിന്നെ നിയമപുസ്തകങ്ങൾ കത്തിച്ചുകളയണോ എന്ന് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാന അർശദ് മദനി ചോദിച്ചു. നിയമവും നടപടി ക്രമങ്ങളും മറികടന്നാണ് ഗ്യാൻവാപിയിലെ കോടതി ഉത്തരവെന്ന് ജംഇയ്യത്ത് മർകസ് അഹ്ലെ ഹദീസ് ഹിന്ദ് അമീർ മൗലാന അസ്ഗർ അലി ഇമാം മഹ്ദി വിമർശിച്ചു. അഖിലേന്ത്യാ മുസ്‍ലിം വ്യക്തി നിയമ ബോർഡ് പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി, ബോർഡ് അംഗം ഡോ. എസ്.ക്യൂ.ആർ. ഇല്യാസ്, ബോർഡ് വർക്കിങ് കമ്മിറ്റി അംഗം കമാൽ ഫാറൂഖി എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
ഗ്യാൻവാപി മസ്ജിദിൽ ജുമുഅക്ക് വൻജനാവലി; ബന്ദ് സമാധാനപരം
വാരാണസി: വാരാണസി: ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് കോടതി അനുമതി നൽകിയ ശേഷം ആദ്യമായി നടന്ന വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരത്തിന് വൻ ജനാവലി. പതിവിനേക്കാൾ ഇരട്ടിയാളുകളാണ് ഇന്നലെ നമസ്കാരത്തിനെത്തിയത്. വലിയ തോതിൽ ആളുകൾ എത്തിയതോടെ ചിലരെ പൊലീസ് നിർബന്ധപൂർവം മറ്റു പള്ളികളിലേക്ക് തിരിച്ചയച്ചു. കനത്ത സുരക്ഷയാണ് പൊലീസ് പ്രദേശത്ത് ഏർപ്പെടുത്തിയത്. ഡിവിഷനൽ കമീഷണർ കൗശൽ രാജ് ശർമ, ജില്ല മജിസ്‌ട്രേറ്റ് എസ്. രാജലിംഗം, പൊലീസ് കമീഷണർ മുത്താ അശോക് ജെയിൻ എന്നിവർ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ പള്ളി പരിസരത്ത് എത്തിയിരുന്നു. ഗ്യാൻവാപി പ്രദേശത്ത് ഡ്രോണുകൾ ഉപയോഗിച്ചും നിരീക്ഷണം നടത്തുന്നുണ്ട്. സമൂഹ മാധ്യമ അക്കൗണ്ടുകളും നിരീക്ഷണത്തിലാണ്. അതേസമയം, പള്ളിയിൽ പൂജക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി ആഹ്വാനംചെയ്ത ബന്ദ് സമാധാനപരമായിരുന്നു. നഗരത്തിലെ മുസ്‍ലിം ഭൂരിപക്ഷപ്രദേശങ്ങളിലെ കടകൾ അടഞ്ഞുകിടന്നു. ദൽമാണ്ടി, നയീ സഡക്, നടേസർ, അർദൽ ബസാർ എന്നിവിടങ്ങളിലെ മാർക്കറ്റുകളിൽ ബന്ദിന്റെ പ്രതീതിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.