സനാതന ധര്‍മ്മ വിമർശനം; ഉദയനിധി സ്റ്റാലിന് പട്‌ന കോടതിയുടെ സമൻസ്
text_fieldsപട്‌ന: സനാതന ധര്‍മത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ. നേതാവുമായ ഉദയനിധി സ്റ്റാലിന് സമന്‍സ് അയച്ച് കോടതി. ബിഹാറിലെ പട്‌നയിലെ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരായ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സമന്‍സ് അയച്ചിരിക്കുന്നത്. കേസിെൻറ വിചാരണയ്ക്ക് ഫെബ്രുവരി 13-ന് കോടതി മുന്‍പാകെ ഹാജരാകണമെന്നാണ് നിർദേശം.
ഉദയനിധിയ്‌ക്കെതിരേ രണ്ട് പെറ്റീഷനുകളാണ് കോടതി മുന്‍പാകെ സമര്‍പ്പിക്കപ്പെട്ടിരുന്നത്. മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് സെക്രട്ടറി കിഷോര്‍ കുണാല്‍, പട്‌ന ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കൗശലേന്ദ്ര നാരായണ്‍ എന്നിവരാണ് വെവ്വേറെ പെറ്റീഷനുകള്‍ നല്‍കിയത്. വിവാദ പരാമര്‍ശത്തിലൂടെ ഹിന്ദുക്കളുടെ വികാരം മുറിപ്പെടുത്തിയതിന് ഉദയനിധിയ്‌ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് രണ്ട് ഹര്‍ജിക്കാരും ആവശ്യപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ വർഷം സെപ്തംബർ ആദ്യവാരം ചെന്നൈയിൽ നടന്ന എഴുത്തുകാരുടെ സമ്മേളനത്തിൽ സംസാരിക്കവേ, സനാതന ധർമ്മം മലമ്പനിയും ഡെങ്കിപ്പനിയും പോലെയാണ്, അതിനാൽ അതിനെ തുടച്ചുനീക്കണമെന്നും വെറുതെ എതിർക്കരുതെന്നും ഉദയനിധി പറഞ്ഞിരുന്നു. സനാതൻ ധർമ്മം അന്തർലീനമായി പിന്തിരിപ്പൻ ആണെന്നും ജാതിയുടെയും ലിംഗഭേദത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും അടിസ്ഥാനപരമായി സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണെന്നും വാദിച്ചിരുന്നു. ഈ പരാമർശത്തിനെതിരെ ബി.ജെ.പി നേതാക്കളിൽ നിന്ന് രൂക്ഷമായ വിമർശനമാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.