നാലര വർഷത്തിനുശേഷം ഇന്ത്യ-ചൈന അതിർത്തിയിൽ പട്രോളിങ്
text_fieldsന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ഇന്ത്യ- ചൈന സംഘർഷമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ നാലരവർഷമായി നിർത്തിവെച്ചിരുന്ന സൈനിക പട്രോളിങ് ഇരുരാജ്യങ്ങളും പുനരാരംഭിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിൽ നടക്കുന്ന നയതന്ത്ര, സൈനിക ചർച്ചകളെയും സൈനികരുടെ പിന്മാറ്റത്തെയും തുടർന്നാണ് ഡെപ്സാംഗിലെയും ഡെംചോകിലെയും യഥാർഥ നിയന്ത്രണ രേഖയിൽ പട്രോളിങ് തുടങ്ങിയത്. ഇരുകൂട്ടരുടെയും നിയന്ത്രണത്തിലുള്ള ഭൂപ്രദേശങ്ങളെന്ന് ഇന്ത്യയും ചൈനയും പരസ്പരം അംഗീകരിക്കുന്ന റൂട്ടുകളിലാണ് മൂന്നുമുതൽ അഞ്ച് കിലോമീറ്റർവരെ ദൂരത്തിൽ പട്രോളിങ് പുനരാരംഭിച്ചത്.
സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾക്ക് ഗതിവേഗം കൂട്ടുന്നതാണിത്. ഇന്ത്യൻ സൈനികർക്ക് കഴിഞ്ഞ നാലുവർഷമായി പോകാൻ കഴിയാത്ത ഡെപ്സാംഗിലെയും ഡെംചോകിലെയും പട്രോൾ പോയന്റുകളിലേക്കും ഇതോടെ പ്രവേശിക്കാനായി. ഇന്ത്യൻ സൈനികരുടെ പട്രോളിങ് തടഞ്ഞിരുന്ന തമ്പുകൾ ചൈന നീക്കം ചെയ്തതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്തുവന്നു. ഏറ്റുമുട്ടിയ ഭാഗങ്ങളിൽനിന്ന് സൈനിക പിന്മാറ്റം പൂർത്തിയാക്കാനും പട്രോളിങ് റൂട്ട് നിർണയിക്കാനും കമാൻഡർതല ചർച്ച നടന്നിരുന്നു. സംഘർഷമില്ലാതാക്കാൻ സമവായമുണ്ടായിട്ടുണ്ടെന്നും നയതന്ത്ര സൈനിക ചർച്ചകൾ തുടരുകയാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
സംഘർഷ പ്രദേശങ്ങളിലെ സൈനിക പിന്മാറ്റത്തിനപ്പുറത്തേക്ക് സമാധാന ശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, എവിടെനിന്നാണ് ചൈനീസ് സൈന്യം പിന്മാറിയതെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് സന്ദ്പ് ദീക്ഷിത് ആവശ്യപ്പെട്ടു. ഇന്ത്യൻ സൈന്യം ചൈനയിലേക്ക് കടന്നുകയറിയതായി റിപ്പോർട്ടുകളൊന്നുമുണ്ടായിട്ടില്ല. എങ്കിൽ പിന്നെ ഇന്ത്യൻ സൈനികർ എവിടെനിന്ന് പിന്മാറിയെന്ന് വെളിപ്പെടുത്താനും സർക്കാർ തയാറാകണമെന്നും ദീക്ഷിത് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.