പവൻ കല്യാൺ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി; ചന്ദ്രബാബു നായിഡുവിന്‍റെ മകന് രണ്ട് വകുപ്പുകൾ
text_fieldsഅമരാവതി: ആന്ധ്രപ്രദേശിൽ ജനസേന പാർട്ടി അധ്യക്ഷൻ പവൻ കല്യാൺ ഉപമുഖ്യമന്ത്രിയാകും. പഞ്ചായത്ത് രാജ് - ഗ്രാമീണ വികസനം, വനം - പരിസ്ഥിതി, ശാസ്ത്ര - സാങ്കേതികം എന്നീ വകുപ്പുകളുടെ ചുമതലയും പവൻ കല്യാണിന് ലഭിക്കും. നടനും നിർമാതാവുമായ പവൻ കല്യാൺ 2014ലാണ് ജനസേന പാർട്ടി രൂപവത്കരിച്ചത്. ബുധനാഴ്ചയാണ് ആന്ധ്രയിൽ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും 24 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രിയുടെ മകൻ നര ലോകേഷിന് മാനവവിഭവശേഷി വികസനം, ഐ.ടി ആൻഡ് കമ്യൂണിക്കേഷൻ വകുപ്പുകളുടെ ചുമതല നൽകും. സ്റ്റാൻഫോർഡ് സർവകലാശാലയിൽനിന്ന് എം.ബി.എ ബിരുദം നേടിയ ലോകേഷ് ലോകബാങ്കിൽ ഉദ്യോഗസ്ഥനായി പ്രവർത്തിച്ചിട്ടുണ്ട്. നെരത്തെയും മന്ത്രിപദം നിർവഹിച്ചിട്ടുള്ള ലോകേഷ് മംഗളഗിരി സീറ്റിൽനിന്ന് 91,413 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്.
അനിത് വെങ്കലപുഡി ആഭ്യന്തരമന്ത്രിയാകും. അമരാവതിയെ തലസ്ഥാന നഗരമാക്കി വികസിപ്പിക്കാനുള്ള ചുമതലയുള്ള മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് പി.നാരായണക്ക് ലഭിക്കും. നായിഡുവിനു പുറമെ ടി.ഡി.പിക്ക് 20 മന്ത്രിമാരാണുള്ളത്. ജനസേനയിലെ മൂന്നു പേരും ഒരു ബി.ജെ.പി എം.എൽ.എയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.