പവാറിന്റെ ബരാമതിയിൽ നാത്തൂൻ പോരിന് വിസിൽ മുഴങ്ങി
text_fieldsമുംബൈ: സുനേത്ര പവാറിന്റെ സ്ഥാനാർഥിത്വം ഭരണപക്ഷ സഖ്യമായ മഹായൂത്തി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ മഹാരാഷ്ട്രയിലെ ബരാമതിയിൽ പവാർ കുടുംബപോരിന് വിസിൽ മുഴങ്ങി. എൻ.സി.പി ശരദ് പവാർ പക്ഷം സിറ്റിങ് എം.പിയും പവാറിന്റെ മകളുമായ സുപ്രിയ സുലെയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ അജിത് പവാർ പക്ഷം അദ്ദേഹത്തിന്റെ ഭാര്യ സുനേത്ര പവാറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. മത്സരിക്കുന്നത് സുപ്രിയയും സുനേത്രയുമാണെങ്കിലും യഥാർഥ പോര് ശരദ് പവാറും അജിത് പവാറും തമ്മിലാണ്.
പെട്ടെന്നുണ്ടായ തടസ്സങ്ങളെല്ലാം നീക്കിയാണ് അജിത് പക്ഷം സുനേത്ര പവാറിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. സ്വതന്ത്രനായി മത്സരിക്കുമെന്ന ഭീഷണിയുമായി വന്ന ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേന നേതാവ് വിജയ് ശിവ്താരെയായിരുന്നു പ്രധാന വെല്ലുവിളി. ശിവ്താരെ വെല്ലുവിളി ഉയർത്തിയപ്പോൾ ഷിൻഡെ ഇടപെടാതിരുന്നത് അജിത് പക്ഷത്തിന് ആശങ്കയേറ്റി. ഒടുവിൽ ഉപമുഖ്യമന്ത്രി ബി.ജെ.പിയിലെ ദേവേന്ദ്ര ഫഡ്നാവിസ് ഇടപെട്ടതോടെ ശിവ്താരെ പത്തിമടക്കി അജിത്തിന് ബൊക്കെ നൽകി രമ്യതയിലായി. ശരദ് പവാറാകട്ടെ മണ്ഡലത്തിലെ മറ്റ് മുതിർന്ന നേതാക്കളെയെല്ലാം നേരിൽ കണ്ട് മകൾക്കായി സഹായം തേടി.
സുപ്രിയ-സുനേത്ര പോര് മണ്ഡലത്തിലെ വോട്ടർമാരെ ധർമസങ്കടത്തിലാക്കി. ഇ.ഡിയാണ് അജിത്തിന്റെ വിമതനീക്കത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെ സംശയം. അല്ലാതെ ‘ദാദ’ ഇത് ചെയ്യില്ലെന്നാണ് അവരുടെ വിശ്വാസം.
അജിതിന്റെ ജ്യേഷ്ഠനടക്കം പവാർ കുടുംബം ഒന്നടങ്കം സുപ്രിയക്ക് ഒപ്പമാണ്. കുടുംബത്തിന്റെ വളർച്ചയുടെ നട്ടെല്ല് പവാറാണെന്ന് അവർ പറയുന്നു. സാഹെബിനെയും (പവാർ) ദാദയേയും (അജിത്) കൈയൊഴിയാൻ ജനങ്ങൾക്ക് കഴിയില്ല. ‘പവാറിനെ ഇല്ലാതാക്കാനുള്ള ബി.ജെ.പിയുടെ ഗൂഢതന്ത്രമാണ് സുനേത്രയുടെ സ്ഥാനാർഥിത്വം. ജ്യേഷ്ഠന്റെ ഭാര്യ അമ്മക്ക് സമമാണ്. എന്നാൽ, തെരഞ്ഞെടുപ്പ് പോര് പ്രത്യയശാസ്ത്രപരമാണ്-സുപ്രിയ പറഞ്ഞു. പവാറിന്റെ ജ്യേഷ്ഠന്റെ മകനാണ് അജിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.