പവാർ കുടുംബത്തിന്റെ ചരിത്രത്തിലാദ്യമായി രണ്ട് ദീപാവലി ആഘോഷം
text_fieldsമുംബൈ: പവാർ കുടുംബത്തിന്റെ ചരിത്രത്തിലാദ്യമായി രണ്ട് ദീപാവലി ആഘോഷം നടന്നു. കുടുംബ കാരണവരോടൊപ്പം മറ്റെല്ലാ കുടുംബാംഗങ്ങളും ദീപാവലി ആഘോഷിക്കുന്നതാണ് പതിവ്. ശരദ് പവാറിന്റെ ഗോവിന്ദ്ബാഗിലെ വീട്ടിലാണ് അത്. എന്നാൽ, ഇത്തവണ അജിത് പവാറും കുടുംബവും ഗോവിന്ദ്ബാഗിൽ ആഘോഷത്തിന് ചെന്നില്ല. പകരം പവാറിന്റെ തറവാട് ഗ്രാമമായ കാടെവാടിയിലാണ് അജിത് ‘ദീപാവലി മിലൻ’ സംഘടിപ്പിച്ചത്. അജിത് എൻ.സി.പി പിളർത്തി ബി.ജെ.പി പാളയത്തേക്ക് പോയതിന് തൊട്ടുപിന്നാലെ വന്ന 2023ലെ ദീപാവലി ആഘോഷം പവാറുമായി ഒന്നിച്ചായിരുന്നു.
ഇതുവരെ പവാറിനൊപ്പമാണ് ദീപാവലി ആഘോഷിച്ചതെന്നും ഇത്തവണ എന്താകുമെന്ന് നോക്കാമെന്നും കഴിഞ്ഞ ദിവസം ഒരു ചാനൽ പരിപാടിയിൽ അജിത് പറഞ്ഞിരുന്നു. രാഷ്ട്രീയത്തിലെ പോര് കുടുംബത്തെയും ബാധിച്ചതായാണ് വിലയിരുത്തൽ.
എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യവും തെരഞ്ഞെടുപ്പ് പശ്ചാത്തലവും കാരണമാണ് വേറെ ദീപാവലി ആഘോഷിക്കുന്നതെന്ന് അജിത് പവാറിന്റെ മകൻ പാർഥ പവാർ പറഞ്ഞു. അണികൾ ആവശ്യപ്പെട്ടിട്ടാണ് ഇതെന്നും അടുത്തവർഷം കുടുംബ പാരമ്പര്യം അനുസരിച്ചുതന്നെ നടക്കുമെന്നും പാർഥ കൂട്ടിച്ചേർത്തു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബരാമതിയിൽ പവാറിന്റെ മകൾ സുപ്രിയക്ക് എതിരെ അജിത് ഭാര്യ സുനേത്രയെ മത്സരിപ്പിച്ചിരുന്നു.
ഒന്നര ലക്ഷത്തിലേറെ വോട്ടിന് സുപ്രിയയാണ് ജയിച്ചത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബരാമതിയിൽ അജിത് പവാറിന് എതിരെ അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകൻ യുഗേന്ദ്ര പവാറിനെയാണ് ശരദ് പവാർ സ്ഥാനാർഥിയാക്കിയത്.
ഇതോടെ, പവാറാണ് കുടുംബത്തിൽ വിള്ളലുണ്ടാക്കുന്നതെന്ന് അജിത് ആരോപിക്കുകയും ചെയ്തു. ഇരുകൂട്ടരും വിട്ടുവീഴ്ചയില്ലാതെ തെരഞ്ഞെടുപ്പിൽ പോരാടുകയാണ്. പവാറിന് പാരമ്പര്യം നിലനിർത്തലാണ് മുഖ്യമെങ്കിൽ അജിത്തിന് രാഷ്ട്രീയ നിലനിൽപാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.