പവാർ രംഗത്ത്; വീര്യം വീണ്ടെടുത്ത് ശിവസേന
text_fieldsമുംബൈ: മഹാ വികാസ് അഘാഡിയുടെ ശിൽപിയും എൻ.സി.പി അധ്യക്ഷനുമായ ശരദ് പവാർ മഹാരാഷ്ട്രയിലെ ഭരണപ്രതിസന്ധി പരിഹരിക്കാൻ നേരിട്ടിറങ്ങിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത് ശിവസേന. വിമതർ നേരിട്ട് ആവശ്യപ്പെട്ടാൽ അഘാഡി വിടാൻ തയാറാണെന്ന് കഴിഞ്ഞദിവസം പറഞ്ഞ ശിവസേന വെള്ളിയാഴ്ച വീണ്ടും നിലപാട് കടുപ്പിക്കുന്നതാണ് കണ്ടത്. താക്കറെ കുടുംബത്തെ പിന്നിൽനിന്ന് കുത്തിയവരുടെ അടുത്തേക്ക് മടക്കമില്ലെന്ന് ബി.ജെ.പിയെ ഉദ്ദേശിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി. താൻ ശാന്തനാണെങ്കിലും ദുർബലനല്ല. ഔദ്യോഗിക വസതി വിട്ടെങ്കിലും പോരാട്ടം അവസാനിപ്പിച്ചിട്ടില്ല- പാർട്ടി അണികളോട് ഓൺലൈനിൽ സംസാരിക്കവേ ഉദ്ധവ് വ്യക്തമാക്കി.
വിശ്വാസ വോട്ടെടുപ്പിന് വഴിയൊരുങ്ങുകയും വിമതർ മുംബൈയിൽ എത്തുകയും ചെയ്താൽ വിമത സംഘത്തെ പൊളിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ശിവസേനയും എൻ.സി.പിയും. വെള്ളിയാഴ്ച രാവിലെ ശിവസേന വക്താവ് സഞ്ജയ് റാവുത്ത് ശരദ് പവാറിനെ കണ്ടതോടെയാണ് ചിത്രം മാറിയത്. വൈകീട്ട് 'മാതോശ്രീ'യിലെത്തി പവാർ ഉദ്ധവുമായി ചർച്ചയും നടത്തി. ചർച്ചക്കുപിന്നാലെ ശനിയാഴ്ച ശിവസേന ദേശീയ നിർവാഹക സമിതി യോഗം വിളിച്ചു. ഇതിനിടയിൽ 16 വിമത എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന ഔദ്യോഗിക പക്ഷത്തിന്റെ അപേക്ഷയിൽ സെക്രട്ടേറിയറ്റ് മഹാരാഷ്ട്ര അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടി. അഡ്വക്കറ്റ് ജനറലിന്റെ നിർദേശം നിർണായകമാകും.
55 എം.എൽ.എമാരിൽ 38 പേർ തനിക്കൊപ്പം ഉണ്ടെന്നാണ് വിമത നേതാവ് ഏക് നാഥ് ഷിൻഡെ അവകാശപ്പെട്ടത്. കൂറുമാറ്റ നിയമം മറികടക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 37 പേരുടെ പിന്തുണയാണ് വേണ്ടത്. എന്നാൽ, വിപ്പ് ലംഘിച്ച 16 പേരുടെ ഭാവി സ്പീക്കറുടെ കൈകളിലാണ്. ബി.ജെ.പിക്ക് പിന്തുണ നൽകുമെന്ന് ഷിൻഡെ സൂചന നൽകിയെങ്കിലും വെള്ളിയാഴ്ചയോടെ അത് തിരുത്തി. നിയമക്കുരുക്കുകൾ എല്ലാം പരിഹരിച്ചശേഷം സർക്കാർ രൂപവത്കരണത്തിന് മുന്നിട്ടിറങ്ങിയാൽ മതിയെന്നത്രെ ബി.ജെ.പി നൽകിയ നിർദേശം.
ഇതോടെ നാലുദിവസമായി തുടരുന്ന ഭരണപ്രതിസന്ധിക്ക് ഉടൻ അറുതി ഉണ്ടാവില്ലെന്ന് വ്യക്തമായി. പൂവും കായും ഇലകളും പറിക്കാം, എന്നാൽ ബാൽ താക്കറെ നട്ട മരത്തെ വെറുക്കാൻ ആകില്ല എന്നതുൾപ്പെടെ കഴിഞ്ഞദിവസം ഉദ്ധവ് നടത്തിയ വൈകാരിക ഭാഷണം അണികളെ സ്പർശിച്ചിട്ടുണ്ട്. പല വിമതരുടെയും ഓഫിസുകളും ബാനറുകളും ആക്രമിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.