പവാറിന്റെ പടിയിറക്കം നിർണായക ഘട്ടത്തിൽ
text_fieldsന്യൂഡൽഹി: ശരദ്പവാർ എൻ.സി.പി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത് നിർണായക ഘട്ടത്തിൽ. ലോക്സഭ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം. 2024ൽ തന്നെയാണ് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്. രണ്ടു തെരഞ്ഞെടുപ്പുകളിലൂം വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന അതികായനാണ് ഉത്തരവാദിത്തങ്ങൾ ഒഴിഞ്ഞ് മാർഗദർശി റോളിലേക്ക് മാറുന്നത്.
പ്രതിപക്ഷം ദേശീയ തലത്തിൽ ഐക്യശ്രമം ശക്തിപ്പെടുത്തി വരുകയാണ്. മരുമകനും മുൻ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനായി ബി.ജെ.പി വല വീശുന്നുണ്ട്.എൻ.സി.പിയും ശിവസേനയും കോൺഗ്രസും ഉൾപ്പെട്ട മഹാ വികാസ് അഘാഡി സഖ്യത്തിനപ്പുറത്തെ സാധ്യതകളിലേക്ക് എൻ.സി.പിയിൽ ഒരു വിഭാഗം ഉറ്റുനോക്കുകയും ചെയ്യുന്നു. ഇതിനെല്ലാമിടയിലാണ് പവാറിന്റെ ‘ബോംബിടൽ’.
പൊതുജീവിതത്തിൽനിന്ന് വിരമിക്കുകയല്ലെന്ന് പവാർ ആവർത്തിച്ചിട്ടുണ്ട്. എന്നാൽ, പവാറിന്റെ പിന്മാറ്റ പ്രഖ്യാപനം കളം അറിഞ്ഞു തന്നെ. 15 ദിവസത്തിനകം ദേശീയ രാഷ്ട്രീയത്തിലും മഹാരാഷ്ട്ര രാഷ്ട്രീയത്തിലുമായി രണ്ടു ബോംബ് പൊട്ടുമെന്ന് മകളും എം.പിയുമായ സുപ്രിയ സുലെ പറഞ്ഞത് 15 ദിവസം മുമ്പാണ്. മറാത്തയിലെ രാഷ്ട്രീയ സ്ഫോടനത്തോടെ മകളുടെ വാക്ക് ശരിയായി.
മുൻകൂട്ടി തീരുമാനിച്ചതും അടുത്തയാളുകൾ അറിഞ്ഞതുമാണ് പവാറിന്റെ പ്രഖ്യാപനമെന്നും ഇതോടെ തെളിഞ്ഞു. പവാർ ആരോടും ആലോചിച്ചില്ലെന്ന് നേതാക്കൾ പരാതിപ്പെടുന്നതും നേതൃനിര കണ്ണീരണിഞ്ഞതുമെല്ലാം ഇതിനിടയിൽ തന്നെ.
പ്രതിപക്ഷ ഐക്യത്തെ ബാധിക്കുമോ?
ചിതറിനിൽക്കുന്ന പ്രതിപക്ഷ പാർട്ടികളെ ബി.ജെ.പിക്കെതിരെ തടുത്തുകൂട്ടുന്ന ശ്രമങ്ങൾ ഊർജിതപ്പെട്ടതിനിടയിൽ നടത്തിയ പ്രഖ്യാപനം തന്ത്രപരമല്ലെങ്കിൽ പവാറിന് പ്രതിപക്ഷ ഐക്യത്തിനായി ഇനിയുമേറെ ചെയ്യാനാവും. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെങ്കിലും രാജ്യസഭാംഗമാണ്. പാർട്ടിയിൽ ഭാരവാഹിത്വമില്ലെങ്കിലും, എൻ.സി.പിയിലും ദേശീയ രാഷ്ട്രീയത്തിലും പവാർ ആചാര്യൻ തന്നെ.
എന്നാൽ, മരുമകൻ അജിത് പവാർ ഉയർത്തുന്ന സമ്മർദങ്ങളെയും വെല്ലുവിളികളെയും മറികടക്കാനുള്ള ഇച്ഛാശക്തി അദ്ദേഹം ഇനിയും പ്രകടിപ്പിച്ചിട്ടുവേണം.വിവിധ പ്രതിപക്ഷ നേതാക്കളുമായി നല്ല ബന്ധം പുലർത്തുമ്പോൾ തന്നെ, വ്യവസായി ഗൗതം അദാനിക്കുവേണ്ടി വാദിക്കുകയും നിതിൻ ഗഡ്കരി, ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങി ബി.ജെ.പി പ്രമുഖരുമായി അടുത്ത ബന്ധം സൂക്ഷിക്കുകയും രാഹുൽ ഗാന്ധിയുടെ സവർക്കർ പരാമർശത്തെ ചെറുക്കുകയും ചെയ്യുന്നു. അജിത് പവാർ ഉപമുഖ്യമന്ത്രിയായത് എൻ.സി.പി പിന്തുണയോടെ ഫഡ്നാവിസ് മുഖ്യമന്ത്രിയായപ്പോഴാണ്. കൂടെക്കിട്ടിയ ശിവസേന ഷിൻഡെ വിഭാഗത്തേക്കാൾ എൻ.സി.പിയെ ഒപ്പം കൂട്ടാനാണ് ബി.ജെ.പിക്ക് താൽപര്യം.
അഘാഡി സഖ്യത്തിന്റെ ഭാവി
രാഷ്ട്രീയ പ്രതിയോഗികളോടും സന്ധി ചെയ്യാനുള്ള മെയ്വഴക്കത്തിലൂടെ പന്തലിച്ച നേതാവാണ് ശരദ്പവാർ. കോൺഗ്രസ് വിട്ട് എൻ.സി.പി രൂപവത്കരിക്കുന്നതിന് നേതൃത്വം നൽകിയ പവാർ, ഒരു വർഷത്തിനകം നടന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ദേശീയതലത്തിൽ യു.പി.എ രൂപവത്കരണത്തിൽ പ്രധാന പങ്കുവഹിച്ചതടക്കം കോൺഗ്രസുമായുള്ള നല്ല ബന്ധം തുടർന്നുപോരുന്നു. അസംഭവ്യമെന്ന് കരുതിയ കോൺഗ്രസ്-ശിവസേന-എൻ.സി.പി സഖ്യത്തിന്റെ മുഖ്യശിൽപി. എന്നാൽ, 82ാം വയസ്സിലെ പവാറിന്റെ പിന്മാറ്റ പ്രഖ്യാപനം ഈ സഖ്യത്തിന്റെ ഭാവിയും വലിയ വെല്ലുവിളിയുടേതാക്കും.
സംസ്ഥാനത്ത് ഒന്നാം കക്ഷിയായി വളർന്ന ബി.ജെ.പി, അഘാഡി സഖ്യത്തിലെ മൂന്നു കക്ഷികളെയും തല്ലിപ്പിരിക്കാനും എൻ.സി.പിയെ കൈക്കലാക്കി ശക്തിപ്പെടാനുമാണ് പരിശ്രമിക്കുന്നത്.ഹിന്ദുത്വ ആശയക്കാരായ ശിവസേന മെലിഞ്ഞാൽ ബി.ജെ.പിക്ക് വളർച്ച വേഗത്തിലാവും. എൻ.സി.പിയെ ചേർത്തുനിർത്താൻ ബി.ജെ.പിക്കായാൽ കോൺഗ്രസ് സംസ്ഥാനത്ത് ക്ഷയിക്കും.
എൻ.സി.പിയുടെ ഗതി
എൻ.സി.പിയുടെ ഭാരവാഹിത്വം ഒഴിയാൻ പവാറിനെ ഏറ്റവും കുടുതൽ പ്രേരിപ്പിക്കുന്നത് പ്രായമോ ആരോഗ്യമോ അല്ല. മരുമകൻ അജിത് പവാറിന്റെ താൽപര്യങ്ങൾ പാർട്ടിയിൽ പിടിമുറുക്കിയതാണ്. പവാർ തീരുമാനത്തിൽ ഉറച്ചു നിന്നാൽ പാർട്ടി നീങ്ങുന്നത് തലമുറ മാറ്റത്തിലേക്ക്. അടുത്തതായി പ്രസിഡന്റാകുന്നത് ആരായാലും, പവാറിന്റെ വാക്കുകൾക്കു തൽക്കാലം മേൽക്കൈ ലഭിച്ചാലും, പാർട്ടി നീങ്ങുന്നത് അനൈക്യത്തിലേക്കും ശോഷണത്തിലേക്കുമാണ്.
2019ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ എൻ.സി.പി നേടിയത് 16.71 ശതമാനം വോട്ടാണ്. പവാറിന്റെ പിൻവാങ്ങൽ എൻ.സി.പിയുടെ ജനസ്വീകാര്യതയിൽ കാര്യമായ ഇടിവുണ്ടാക്കും. ദേശീയ പാർട്ടി പദവി നഷ്ടപ്പെടുകയും മേഘാലയ, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ സംസ്ഥാന പാർട്ടി പദവി നഷ്ടപ്പെടുകയും ചെയ്ത സ്ഥിതിയിലാണ് ഇന്ന് എൻ.സി.പി. ആത്മകഥയുടെ പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്ത ചടങ്ങിലാണ് പവാറിന്റെ പിൻവാങ്ങൽ പ്രഖ്യാപനം. അടുത്ത വർഷത്തെ നിർണായക തെരഞ്ഞെടുപ്പുകൾക്ക് കാത്തുനിൽക്കാതെ ഒരു വർഷം മുമ്പേ ഈ തീരുമാനമെടുത്തതിന്റെ ആത്മകഥാംശം പക്ഷേ, പുസ്തകത്തിലോ പ്രസംഗത്തിലോ പവാർ ഉൾപ്പെടുത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.