കർണാടക മുഖ്യമന്ത്രിക്കെതിരെ 'പേ സി.എം' പോസ്റ്റർ കാമ്പയിൻ; ഡി.കെ. ശിവകുമാർ ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ
text_fieldsബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരായ 'പേ സി.എം' കാമ്പയിനുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്‍ദീപ് സിങ് സുര്‍ജേവാല, ബി.കെ ഹരിപ്രസാദ്, പ്രിയങ്ക് ഖാർഗെ തുടങ്ങിയ നേതാക്കളും കസ്റ്റഡിയിലുണ്ട്. കാമ്പയിനിന്റെ ഭാഗമായി ബി.ജെ.പി നെലമംഗല ഓഫിസിലും പോസ്റ്റർ പതിച്ചിരുന്നു.
പൊതുമരാമത്ത് വകുപ്പുകളിലടക്കം എല്ലാ പ്രവൃത്തികളും നടക്കണമെങ്കിൽ 40 ശതമാനം കമീഷൻ സർക്കാർ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും നൽകണമെന്ന് കരാറുകാർ ആരോപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സർക്കാറിനെതിരെ കോൺഗ്രസ് പേ സി.എം പോസ്റ്ററുകളുമായി കാമ്പയിൻ ആരംഭിച്ചത്. ഇ വാലറ്റായ 'പേ ടി.എമ്മി'നോട് സാദൃശ്യമുള്ളതാണ് 'പേ സി.എം' എന്ന വാചകത്തോടെ ക്യു.ആര്‍ കോഡും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ചിത്രവുമുള്‍പ്പടെയുള്ള പോസ്റ്റർ. '40 ശതമാനം ഇവിടെ സ്വീകരിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍.
പോസ്റ്ററുകളിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ 40percentsarkara.com എന്ന വെബ്സൈറ്റിലേക്കാണ് പോവുക. പൊതുജനങ്ങൾക്ക് സർക്കാറിന്റെ അഴിമതിക്കെതിരെ പരാതി നൽകാനായി ഈയിടെ കോൺഗ്രസ് തുടങ്ങിയ വെബ്സൈറ്റാണിത്. കോൺഗ്രസിന്റെ പോസ്റ്ററുകൾ ബി.ജെ.പിക്ക് ഏറെ അലോസരമുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം തന്നെ പോസ്റ്ററുകൾ പലയിടത്തും നീക്കുകയും ചെയ്തിരുന്നു.
അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ് ആരോപണം വലിയ ചർച്ചയാകുകയാണ്. എന്നാൽ, അടിസ്ഥാനരഹിതമായ ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നതെന്നും അഴിമതി നടത്തിയതിന് തെളിവുണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തനിക്കെതിരെ തെരുവുകളിൽ പതിച്ചത് തിന്മയുടെ പോസ്റ്ററാണെന്നും ബൊമ്മെ പ്രതികരിച്ചിരുന്നു.
"തിന്മയുടെ ഡിസൈനാണത്. അവരുടെ പക്കൽ തെളിവുകളൊന്നുമില്ല. രാഷ്ട്രീയപ്രേരിതമായ ആരോപണം മാത്രമാണത്. തെളിവ് ഹാജരാക്കാൻ ഞാൻ വെല്ലുവിളിക്കുകയാണ്. അവരുടെ (കോൺഗ്രസ്) ഭരണകാലത്ത് നിരവധി അഴിമതികളുണ്ടായിരുന്നല്ലോ, അതൊക്കെ പരിശോധിക്കണോ?" ബൊമ്മെ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.