500 രൂപക്ക് തടവുകാർക്കൊപ്പം കഴിയാം; ബെളഗാവി ജയിലിൽ വിനോദസഞ്ചാര പദ്ധതി
text_fieldsബംഗളൂരു: തടവുപുള്ളികൾ ജയിലിൽ കഴിയുന്നത് അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്നവർക്ക് ഇനി 500 രൂപ മുടക്കിയാൽ 24 മണിക്കൂർ നേരത്തേക്ക് ജയിലിൽ കഴിയാം. ബെളഗാവി ജില്ലയിലെ ഹിന്ദൽഗ സെൻട്രൽ ജയിലിലാണ് തടവുകാർക്കൊപ്പം പൊതുജനങ്ങൾക്കും കഴിയുന്നതിനായി വിനോദ സഞ്ചാരപദ്ധതി നടപ്പാക്കുന്നത്. സംഗതി വിനോദ സഞ്ചാരമെന്നാണ് പേരെങ്കിലും ജയിലിൽ തടവു പുള്ളികൾ എങ്ങനെയാണോ കഴിയുന്നത് അതുപോലെ തന്നെയായിരിക്കണം പൊതുജനങ്ങളും കഴിയേണ്ടത്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് ജയിൽ അധികൃതർ സർക്കാറിന് നൽകിയിട്ടുണ്ട്.
അനുമതി ലഭിച്ചാൽ പദ്ധതി നടപ്പാക്കാനാണ് ജയിൽ അധികൃതരുടെ തീരുമാനം. തടവുകാരുടെ വസ്ത്രവും തടവുകാര്‍ക്ക് നല്‍കുന്ന ഭക്ഷണം തന്നെയാകും വിനോദസഞ്ചാരികള്‍ക്കും നല്‍കുക. വിനോദസഞ്ചാരിയായി പോകുന്നവരും തടവുകാരുടെ അതേ ദിനചര്യ തന്നെ പാലിച്ചിരിക്കണം. കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജയിലിലെ ജീവിതം അടുത്തറിയുന്നതോടെ ആളുകൾ കുറ്റകൃത്യം ചെയ്യുന്നത് കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കൊലയാളികൾ, വീരപ്പെൻറ സംഘത്തിൽ ഉൾപ്പെട്ട കൊള്ളക്കാർ തുടങ്ങിയവർ ഉൾപ്പെടെ കുപ്രസിദ്ധരായവരാണ് ഹിന്ദൽഗ സെൻട്രൽ ജയിലിൽ കഴിയുന്നത്. ഇവരോട് ഇടപഴകാനുള്ള അവസരവും ലഭിക്കും. ആവശ്യമായ സുരക്ഷ മുന്‍കരുതലുകള്‍ എടുത്തതിനു ശേഷമായിരിക്കും ഇതിനുള്ള സൗകര്യമൊരുക്കുക. ഒരു രാത്രിയും ഒരു പകലുമായിരിക്കും ജയിലില്‍ കഴിയാന്‍ വിനോദ സഞ്ചാരികൾക്ക് അവസരമുണ്ടാകുക.
രാവിലെ അഞ്ചിന് എഴുന്നേല്‍ക്കുക, ജയിലിലെ സെൽ വൃത്തിയാക്കുക, ഒരു മണിക്കൂറിനു ശേഷം പ്രഭാത ഭക്ഷണം, 11ന് ഉച്ചഭക്ഷണം, വൈകീട്ട് ഏഴിന് രാത്രിഭക്ഷണം എന്നിവയാണ് ജയിലിലെ പതിവുരീതികൾ. ഇതേ രീതി തന്നെ വിനോദ സഞ്ചാരികളും തുടരണം. തടവുപുള്ളികളുടെ നമ്പറുള്ള വസ്ത്രം ഉൾപ്പെടെ ധരിച്ചായിരിക്കും വിനോദ സഞ്ചാരികളും ജയിലിലേക്ക് പ്രവേശിക്കുക. ജയിലിലെ തോട്ടത്തിലും അടുക്കളയിലേയും ജോലികളും ചെയ്യേണ്ടിവരും. വാരാന്ത്യങ്ങളിലാണ് ജയിലിൽ വിനോദസഞ്ചാരിയായി എത്തുന്നതെങ്കിൽ ജയിൽ മെനുവിലെ പ്രത്യേക ഭക്ഷണം ഉൾപ്പെടെ ലഭിക്കും.
- ജിനു നാരായണൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.