പി.സി. ചാക്കോ എന്നും ഗ്രൂപ്പുകളിയിൽ മുമ്പൻ; ഇപ്പോൾ പുകഞ്ഞ് പുറത്ത്
text_fieldsന്യൂഡൽഹി: കോൺഗ്രസിൽനിന്ന് നാടകീയമായി രാജി പ്രഖ്യാപിച്ച വാർത്തസമ്മേളനത്തിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകർ തെൻറ കൈത്തണ്ടയിൽ കെട്ടിയിരിക്കുന്ന കാവിച്ചരടിലേക്ക് കൗതുകത്തോടെ നോക്കുന്നതു കണ്ട് പി.സി. ചാക്കോ വിശദീകരിച്ചു: ബി.ജെ.പിക്കാരനാകാൻ പോവുകയൊന്നുമല്ല. ഇത് ഒരു സുഹൃത്ത് അദ്ദേഹത്തിെൻറ നാട്ടിലെ വിശേഷദിവസമായ 'മഹാകാൽ' പ്രമാണിച്ച് കുറച്ചു മധുരം കൊണ്ടുവന്ന കൂട്ടത്തിൽ അതിെൻറ ഭാഗമായി കെട്ടിച്ചതാണ്.
ചാക്കോ പിന്നെയും തുടർന്നു: ''കോൺഗ്രസ് വിടുന്നു എന്നു മാത്രമേയുള്ളൂ. ഇനിയും കോൺഗ്രസിൽ എല്ലാം സഹിച്ച് തുടരാൻ പറ്റില്ല. അങ്ങനെ തുടർന്നിട്ടും കാര്യമില്ല. എന്നു കരുതി വേറെങ്ങും പോകാൻ ഉദ്ദേശിക്കുന്നില്ല. കോൺഗ്രസ് രാഷ്ട്രീയം മതിയാക്കുന്നു.'' അങ്ങനെ പറയുേമ്പാഴും അഞ്ചു പതിറ്റാണ്ടായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന ചാക്കോക്ക് എങ്ങനെ കോൺഗ്രസ് മടുത്തുവെന്ന ചോദ്യം ബാക്കിയാണ്.
കോൺഗ്രസിൽ പ്രവർത്തിക്കുക മാത്രമല്ല, പാർട്ടിയുടെ എല്ലാ അവസരങ്ങളും കിട്ടുകകൂടി ചെയ്ത നേതാവാണ് പി.സി. ചാക്കോ. ഡൽഹി ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയും പ്രവർത്തക സമിതി അംഗവുമായി പ്രവർത്തിച്ചതാണ് ഒടുവിലത്തെ റോൾ. ഗ്രൂപ്പിൽ മുങ്ങിത്താഴ്ന്നുപോയി കോൺഗ്രസെന്നു പറയുന്ന ചാക്കോ, നന്നായി ഗ്രൂപ്പുകളിച്ചിട്ടുമുണ്ട്.
ചാക്കോ പറയുന്നതിനപ്പുറം, നിയമസഭ തെരഞ്ഞെടുപ്പിൽ ചാലക്കുടി, തൃക്കാക്കര സീറ്റുകളിൽ അദ്ദേഹത്തിന് കണ്ണുണ്ടായിരുന്നുവെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്. എന്നാൽ, അത് കിട്ടില്ലെന്നു വന്നതോടെ മോഹഭംഗമായി. നിരവധി തവണ എം.പിയാകാൻ പാർട്ടി അവസരം നൽകിയ നേതാവാണ് പി.സി. ചാക്കോ. സിറ്റിങ് എം.പി കെ.പി. ധനപാലനെ തട്ടിമാറ്റിയും ചാലക്കുടിയിൽ പി.സി. ചാക്കോക്ക് പാർട്ടി ലോക്സഭ സീറ്റു കൊടുത്തപ്പോൾ, ചാക്കോ നേതാക്കളുടെ പ്രതീക്ഷ കെടുത്തിയത് തോൽവികളുടെ ഏട്.
മത്സരിക്കാൻ സീറ്റില്ല, സ്ഥാനാർഥികളെ നിശ്ചയിക്കുന്ന കാര്യത്തിൽ കൂടിയാലോചിച്ചില്ല, പ്രവർത്തക സമിതിയിൽനിന്ന് ചോദിക്കുകപോലും ചെയ്യാതെ ഹൈകമാൻഡ് ഒഴിവാക്കി, ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേർന്ന് ഒതുക്കുന്നു, ഹൈകമാൻഡ് സംരക്ഷിക്കുന്നില്ല എന്നിങ്ങനെ ഒരുകൂട്ടം പരാതികളാണ് ചാക്കോയുടെ നെഞ്ചകം നീറ്റുന്നത്. കോൺഗ്രസിൽ തുടർന്നാൽതന്നെ, പുതിയ ഏണിപ്പടികളിലൊന്നും ചവിട്ടാൻ ഇല്ലാത്ത സ്ഥിതി.
മുമ്പ് കോൺഗ്രസ് വിട്ടുപോയപ്പോഴും, കോൺഗ്രസിൽ തിരിച്ചെത്തിയപ്പോഴും ശരദ് പവാറിെൻറ അടുത്തയാളെന്ന നിലയിൽ കൂടിയാണ് ചാക്കോയെ രാഷ്ട്രീയ നേതാക്കൾ വിലയിരുത്തിയത്. അതുകൊണ്ട് കോൺഗ്രസിൽനിന്ന് രാജിവെച്ച ചാക്കോ എൻ.സി.പിയിൽ ചേക്കേറുമോ എന്ന സംശയം ബാക്കിനിൽക്കുന്നുണ്ട്. മുമ്പത്തെ ഇടതു സഹയാത്രികനെന്നനിലയിൽ, ഇടതുചേരിയിലും ഇനിയൊരങ്കത്തിന് ബാല്യമുണ്ടെന്ന് കാണുന്നവരുമുണ്ട്. 'ഒന്നിനുമില്ല' എന്ന മറുപടി മാത്രമേ തൽക്കാലം ചാക്കോ നൽകുന്നുള്ളൂ എന്നു മാത്രം.
ചാക്കോയുടെ രാജിയിലെ രാഷ്ട്രീയത്തിനപ്പുറം, ചാക്കോ പറയുന്നതിൽ കാര്യമുണ്ടെന്നു പറയുന്നവർ ഏറെ. കെ. മുരളീധരനും എം.കെ. രാഘവനും അടക്കമുള്ളവർ സ്ക്രീനിങ് കമ്മിറ്റി ചർച്ചകൾ ബഹിഷ്കരിച്ച സാഹചര്യവും അതുതന്നെ. സ്ഥാനാർഥി പട്ടികയിൽ ഗ്രൂപ് അതിപ്രസരം ഉണ്ടായാൽ പരസ്യമായി എതിർപ്പു പ്രകടിപ്പിക്കുമെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ തുടങ്ങിയവരും മുന്നറിയിപ്പ് നൽകുന്നു.
കോൺഗ്രസുകാരനായിരിക്കാൻ പറ്റാത്ത സ്ഥിതി –പി.സി. ചാക്കോ
ജയസാധ്യതയുള്ളവരെ നിശ്ചയിക്കുകയല്ല, ഓരോ ഗ്രൂപ്പുകാർക്കുമായി സീറ്റ് വീതംവെക്കുന്ന ഏർപ്പാടാണ് കോൺഗ്രസിൽ നടക്കുന്നതെന്ന് പി.സി. ചാക്കോ. ഗ്രൂപ്പുകാരനല്ലാതെ, കോൺഗ്രസുകാരനായിരിക്കാൻ കേരളത്തിൽ പറ്റാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി യോജിച്ചുപോകാൻ പറ്റുന്നില്ല. കോൺഗ്രസല്ല, അവസരങ്ങൾ വീതംവെക്കുന്ന ഗ്രൂപ്പുകളാണ് കേരളത്തിൽ ഉള്ളത്.കോൺഗ്രസിൽ മുമ്പും ഗ്രൂപ് ഉണ്ടായിട്ടുണ്ട്. താനും അതിെൻറ ഭാഗമായിരുന്നു. എന്നാൽ, പാർട്ടിക്കുവേണ്ടിയല്ല, രണ്ടു നേതാക്കളുടെ താൽപര്യപ്രകാരം സീറ്റ് വീതംവെക്കുന്ന ഗ്രൂപ്പിസമാണ് ഇപ്പോൾ. ഒരു കൂടിയാലോചനയുമില്ല. സ്ഥാനാർഥികളെ നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഒരു ചർച്ചയും ഉണ്ടായില്ല. കോൺഗ്രസിെൻറ നടപടിക്രമം അനുസരിച്ചാണെങ്കിൽ പി.സി.സിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ സ്ഥാനാർഥികളുടെ ലിസ്റ്റ് വെക്കണം. ഓരോ സീറ്റുകളെക്കുറിച്ചും ചർച്ച നടത്തി സ്ക്രീനിങ് കമ്മിറ്റിക്ക് ലിസ്റ്റ് അയക്കണം. പക്ഷേ, ഇതൊന്നും നടന്നിട്ടില്ല. ആവശ്യപ്പെട്ടെങ്കിലും ചെയ്തില്ല.
പേരുകളെല്ലാം ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും മനസ്സിൽ മാത്രമാണ്. അതല്ലെങ്കിൽ, അവർക്കൊപ്പം നിൽക്കുന്ന ഗ്രൂപ് നേതാക്കളുടെ കൈയിലാണ്. ജയസാധ്യത പരിഗണിക്കുന്നില്ല. സ്ക്രീനിങ് കമ്മിറ്റിയിൽ എത്തുേമ്പാഴും എ-ഗ്രൂപ്പിനുവേണ്ടി അതിെൻറ നേതാക്കളും ഐ-ഗ്രൂപ്പിനുവേണ്ടി അതിെൻറ നേതാക്കളും പ്രവർത്തിക്കുന്നു. ഹൈകമാൻഡിനെ പോലും ഇവർ സമ്മർദത്തിലാക്കുന്നു. ഭാരവാഹികളെയും ഗ്രൂപ് നേതാക്കൾ വീതംവെക്കുകയാണ്. ഗ്രൂപ്പിെൻറ ഭാഗമല്ലാത്ത ആർക്കും പ്രവർത്തിക്കാൻപറ്റാത്ത സാഹചര്യമാണ്. അതിന് ഹൈകമാൻഡിെൻറ സംരക്ഷണം കിട്ടുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.