എൻ.െഎ.എയെ ഉപയോഗിച്ച് പി.ഡി.പിയെ സമ്മർദത്തിലാക്കുന്നെന്ന് മെഹ്ബൂബ
text_fieldsന്യൂഡൽഹി: ദേശീയ അന്വേഷണ എജൻസിയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ പി.ഡി.പി എം.എൽ.എമാരെ സമ്മർദ്ദത്തിലാക്കുന്നുവെന്ന ആരോപണവുമായി ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി. എൻ.െഎ.എ റെയ്ഡ് ഉണ്ടാവുമെന്ന് ഭീഷണിപ്പെടുത്തി എം.എൽ.എമാരോട് പാർട്ടി വിടാൻ നിർബന്ധിക്കുകയാണെന്നാണ് മെഹ്ബൂബ ആരോപിക്കുന്നത്. ബി.ജെ.പിയുടെ പേരെടുത്ത് പറയാതെയായിരുന്നു മെഹ്ബൂബയുടെ ആരോപണം.
പി.ഡി.പി എം.എൽ.എമാരെ പണവും കാബിനറ്റിൽ സ്ഥാനങ്ങളും നൽകുമെന്ന് അറിയിച്ച് പാർട്ടി വിടാൻ നിർബന്ധിക്കുകയാണെന്ന് മെഹ്ബൂബ പറഞ്ഞു. അതിന് തയാറാകാത്തവരെ എൻ.െഎ.എ റെയ്ഡ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പാർട്ടിയിൽ നിന്ന് രാജിവെപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് മെഹ്ബൂബ പാർട്ടി എം.എൽ.എമാരെ ചാക്കിട്ട് പിടിക്കാൻ നീക്കം നടക്കുന്നുവെന്ന വിമർശനം ഉയർത്തിയത്.
പി.ഡി.പിയെ നിങ്ങൾ തകർക്കുകയാണെങ്കിൽ ബുള്ളറ്റുകളെ പോലും വകവെക്കാതെ പി.ഡി.പിക്കും നാഷണൽ കോൺഫറൻസിനും കോൺഗ്രസിനുമെല്ലാം വോട്ട് ചെയ്ത ജനങ്ങളുടെ ജനാധിപത്യത്തിലുള്ള വിശ്വാസത്തെ കൂടിയാണ് തകർക്കുന്നതെന്നും മെഹ്ബൂബ പറഞ്ഞു.
87 അംഗ കശ്മീർ നിയമസഭയിൽ 28 അംഗങ്ങളാണ് പി.ഡി.പിക്ക് ഉള്ളത്. ബി.ജെ.പിക്ക് 25 എം.എൽ.എമാരുടെയും നാഷണൽ കോൺഫറൻസ്, കോൺഗ്രസിനും യഥാക്രമം 15,12 എം.എൽ.എമാരുണ്ട്. പീപ്പിൾസ് കോൺഫറൻസ് രണ്ട് എം.എൽ.എമാരുടെയും സി.പി.എം, പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ടിന് ഒരോ എം.എൽ.എമാരുമുണ്ട്. മൂന്ന് പേർ സ്വതന്ത്ര എം.എൽ.എമാരാണ്. ഇതിൽ ബി.ജെ.പി മാത്രമേ സഖ്യസർക്കാർ രൂപീകരിക്കുന്നതിനെ അനുകൂലിക്കുന്നുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.