പി.ഡി.പിയുടെ ശ്രീനഗർ സ്ഥാനാർഥിക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കേസ്
text_fieldsശ്രീനഗർ: പി.ഡി.പിയുടെ ശ്രീനഗർ ലോക്സഭ മണ്ഡലം സ്ഥാനാർഥിക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കേസ്. വാഹിദ് ഉർ റഹ്മാൻ പാരക്കെതിരെയാണ് കേസെടുത്തത്. ജില്ലാ അഡീഷണൽ ഡെപ്യൂട്ടി കമീഷണറുടെ പരാതിപ്രകാരം പുൽവാമ പൊലീസാണ് കേസെടുത്തത്. സെക്ഷൻ 188 പ്രകാരമാണ് കേസ്.
ബിജ്പോര, പദ്ഗാപോര, ലാർക്കിപോര, വാങ്കൺപോര, ഗോരിപോര, ഡാങ്കർപോര, ജൻഗലാന്ത്, ബാട്ടപോര, ദാവ്തു, കാണ്ഡ്യപോര തുടങ്ങിയ പുൽവാമ ജില്ലയിലെ സ്ഥലങ്ങളിൽ അനുമതിയില്ലാതെ റോഡ് ഷോ നടത്തിയെന്ന് ആരോപിച്ചാണ് നടപടി. ഏപ്രിൽ 27നായിരുന്നു റോഡ് ഷോ. എസ്.എസ്.പിയുടെ റിപ്പോർട്ട് പ്രകാരമാണ് തെഞ്ഞെടുപ്പ് ഓഫീസർ പരാതി നൽകിയത്.
സ്ഥാനാർഥി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും പുൽവാമ പൊലീസിന്റേയും ഡ്യൂട്ടി മജിസ്ട്രേറ്റിന്റേയും അഭ്യർഥനകൾ കേൾക്കാതെ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കി. ഇതുസംബന്ധിച്ച പി.ഡി.പി ജില്ലാ പ്രസിഡന്റിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും തെരഞ്ഞെടുപ്പ് ഓഫീസർ നൽകിയ പരാതിയിൽ പറയുന്നു.
വാഹിദ് പാരക്ക് ഇതിന് മുമ്പും തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് ലഭിച്ചിട്ടുണ്ട്. പൊതുതെരഞ്ഞെടുപ്പിനെ റഫറണ്ടമാക്കി യുവാക്കൾ മാറ്റണമെന്ന് പറഞ്ഞതിനായിരുന്നു നോട്ടീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.