ബിരേൻ സിങ് തുടർന്നാൽ സമാധാന നീക്കം നടക്കില്ല -കോൺഗ്രസ്
text_fieldsന്യൂഡൽഹി: ബിരേൻ സിങ് മുഖ്യമന്ത്രിയായി തുടരുവോളം മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഒരു നീക്കവും ഉണ്ടാവില്ലെന്ന് കോൺഗ്രസ്. ഗൗരവസ്ഥിതി മൂടിവെക്കാനും ശ്രദ്ധ വഴിതിരിച്ചു വിടാനും ശ്രമിക്കുന്നതിനു പകരം ക്രിയാത്മക പ്രശ്നപരിഹാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
18കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത മേയ് 15ലെ ഇംഫാൽ സംഭവത്തിൽ ഇര ജൂലൈ 21ന് പൊലീസിനെ സമീപിച്ചിട്ടും ഇനിയും എഫ്.ഐ.ആർ ആയിട്ടില്ലെന്ന റിപ്പോർട്ടുകൾ മുൻനിർത്തിയാണ് കോൺഗ്രസിന്റെ പ്രതികരണം. ക്രമസമാധാന നില പാടേ തകർന്ന സംസ്ഥാനത്ത് അക്രമിക്കൂട്ടവും ഒളിപ്പോരാളികളുമെല്ലാം അഴിഞ്ഞാടുകയാണെന്നും സ്ത്രീകളും കുടുംബങ്ങളും ചിന്താതീതമായ അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുകയാണെന്നും കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമൂഹികാവസ്ഥ പാടേ തകർന്നു. സമുദായങ്ങൾക്കിടയിൽ വിശ്വാസമില്ലായ്മ നിറഞ്ഞു. ബിരേൻ സിങ് തുടരുന്ന കാലത്തോളം നീതി നടപ്പാവില്ല. പ്രധാനമന്ത്രി ഉണർന്നു പ്രവർത്തിക്കേണ്ട സമയം പണ്ടേ കഴിഞ്ഞു. ഇനിയെങ്കിലും അദ്ദേഹം അതിനു തയാറാകണം -ജയ്റാം രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.