‘സമാധാനം പുനഃസ്ഥാപിക്കപ്പെടും, ജനങ്ങൾ സന്തുഷ്ടരാകും’-മണിപ്പൂർ മുഖ്യമന്ത്രി
text_fieldsഇംഫാൽ: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നും ജനങ്ങൾ സന്തുഷ്ടരാകുമെന്നും മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. ഇംഫാലിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു ബിരേൻ സിങ്.
നിരോധിത തീവ്രവാദ സംഘടനയായ സി.കെ.എൽ.എയിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്ത മണിപ്പൂർ പൊലീസിനെ മുഖ്യമന്ത്രി നേരത്തെ അഭിനന്ദിച്ചിരുന്നു. സംസ്ഥാനത്തെ ലക്ഷ്യമിട്ട് ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അറസ്റ്റ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂർ പൊലീസും കേന്ദ്ര സായുധ സേനയും നടത്തിയ അന്വേഷണത്തിൽ മ്യാൻമർ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പായ സി.കെ.എൽ.എയിൽ നിന്ന് ആയുധങ്ങൾ, വെടിമരുന്ന്, മയക്കുമരുന്ന്, പണം എന്നിവ പിടികൂടിയിട്ടുണ്ട്. മണിപ്പൂരിലെ നിലവിലെ അശാന്തി മുതലെടുത്ത് ഇന്ത്യാ സർക്കാറിനെതിരെ യുദ്ധം ചെയ്യാൻ മ്യാൻമറും ബംഗ്ലാദേശും ആസ്ഥാനമാക്കിയ തീവ്രവാദ സംഘടനകൾ രാജ്യാന്തര ഗൂഢാലോചന നടത്തിയെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കിയിരുന്നുവെന്ന് ബിരേൻ സിങ് പറഞ്ഞു.
സി.കെ.എൽ.എ കേഡർമാരെ പിടികൂടിയതും ആയുധങ്ങൾ കണ്ടെടുത്തതും മണിപ്പൂരിനെയും രാജ്യത്തെയും അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള രാജ്യാന്തര ഗൂഢാലോചനക്ക് വീണ്ടും അടിവരയിടുന്നുവെന്നും ബിരേൻ സിങ് എക്സിൽ കുറിച്ചു.
നാഗ്പൂരിൽ ആർ.എസ്.എസ് നടത്തിയ ദസറ റാലിക്കിടെ ഇന്ത്യക്ക് പുറത്തുനിന്നുള്ള ശക്തികളാണ് മണിപ്പൂരിലെ സംഘർഷത്തിന് പിന്നിലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.