കർഷക പ്രക്ഷോഭം തിളക്കുന്നു; ശംഭു അതിർത്തിയിൽ 500 ഓളം സ്ത്രീകൾ മാർച്ചിൽ അണിനിരന്നു
text_fieldsന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കർഷക സംഘടനകൾ നടത്തുന്ന ‘ദില്ലി ചലോ’ മാർച്ച് കൂടുതൽ ശക്തി പ്രാപിക്കുന്നു. ബുധനാഴ്ച പഞ്ചാബ് ഹരിയാന അതിർത്തിയായ ശംഭുവിൽ 500ഓളം സ്ത്രീകൾ ജാഥയിൽ അണിനിരന്നു. കർഷകരുടെ പ്രതിഷേധം രണ്ടാം ദിവസവും തുടരുകയാണ്. പോലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ജാഥ തടയുന്നതിന് വിവിധ സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു. കർഷക നേതാക്കൾ ഉടൻ യോഗം ചേർന്ന് ഭാവി പരിപാടികൾ തീരുമാനിക്കും. ബുധനാഴ്ച ഉച്ചയോടെ കർഷകർ പഞ്ചാബ്- ഹരിയാന അതിർത്തിയായ ഖനൗരി കടക്കുമെന്ന് അറിയുന്നു.
സംയുക്ത കിസാൻ മോർച്ച (നോൺ പൊളിറ്റിക്കൽ), കിസാൻ മസ്ദൂർ മോർച്ച എന്നീ സംഘടനകളാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നത്. പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരാണ് കാൽനടയായും ട്രാക്ടറിലും ചെറു വാഹനങ്ങളിലുമായി ഡൽഹിയിലേക്കെത്തിച്ചേരുന്നത്. മുള്ളുവേലികളും ബാരിക്കേഡുകളും അണിനിരത്തി പൊലീസ് മാർച്ച് തടയാൻ നോക്കുന്നുണ്ടെങ്കിലും പിരിഞ്ഞു പോകില്ലെന്ന നിശ്ചയ ദാർഢ്യത്തിലാണ് കർഷകർ. വിളകൾക്ക് മിനിമം താങ്ങുവില ലഭ്യമാക്കുക, എം.എസ് സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക, കർഷകർക്കും കർഷകതൊഴിലാളികൾക്കും പെൻഷൻ നൽകുക ഉൾപ്പെയെുള്ള ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്.
ബുധനാഴ്ച രാവിലെ നടന്ന പ്രതിഷേധത്തിൽ 200 ഓളം ട്രാക്ടറുകൾ അണിനിരന്നു. ഹൈവേയിൽ പാർക്ക് ചെയ്തിരിക്കുന്ന ട്രാക്ടറുകളുടെ നിര നാലു കിലോമീറ്ററിലധികം നീളത്തിൽ നീണ്ടുകിടക്കുകയാണ്.
പഞ്ചാബ് സർക്കാർ സ്ഥലത്ത് താൽക്കാലിക ആശുപത്രികൾ ആരംഭിച്ചിട്ടുണ്ട്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ് രാജ്പുര ആശുപത്രിയിലെത്തി. രാഹുൽ ഗാന്ധി പരിക്കേറ്റ കർഷകരുമായി ഫോണിൽ സംസാരിച്ച് പിന്തുണ ഉറപ്പുനൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.