സർക്കാറിെൻറ ചാരപ്പണിക്ക് കോടതിയുടെ മൂക്കുകയർ, ദേശസുരക്ഷ മറയാക്കി എന്തും ചെയ്യാൻ സർക്കാറിന് അധികാരമില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സർക്കാറിെൻറ ചാരപ്പണിക്ക് സുപ്രീംകോടതിയുടെ മൂക്കുകയർ. ദേശസുരക്ഷയുടെ പേരുപറഞ്ഞ് ജനങ്ങളുടെ സ്വകാര്യതയിൽ കടന്നുകയറാൻ ഭരണകൂടത്തിന് പരമമായ അധികാരമില്ലെന്ന് പരമോന്നത നീതിപീഠം വ്യക്തമാക്കി. ഇസ്രായേൽ നിർമിച്ച 'പെഗസസ്' എന്ന വിവരംചോർത്തൽ സോഫ്റ്റ്വെയർ രാഷ്ട്രീയ, സാമൂഹിക, മാധ്യമ പ്രവർത്തകർക്കുമേൽ ചാരപ്പണിക്ക് ദുരുപയോഗിച്ചെന്ന വ്യാപക പരാതി അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു.
മോദിസർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തി ശാസിക്കുന്നവിധം സുപ്രധാനമായ പരാമർശങ്ങളും നടപടികളുമാണ് പെഗസസ് വിഷയത്തിൽ സുപ്രീംകോടതിയിൽനിന്നുണ്ടായത്. പെഗസസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് വിവരം ചോർത്തിയോ എന്ന കോടതിയുടെ ചോദ്യത്തിന് മറുപടി പറയാൻ യഥേഷ്ടം സമയം നൽകിയിട്ടും വ്യക്തമായ വിശദീകരണം നൽകാൻ സർക്കാറിനു കഴിഞ്ഞില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. ആവശ്യമായ വിവരങ്ങളൊന്നുമില്ലാത്ത ചെറിയൊരു സത്യവാങ്മൂലമാണ് സർക്കാർ നൽകിയത്. ചാരപ്പണി വ്യക്തമായി നിഷേധിച്ചിട്ടുമില്ല. സർക്കാർ ഇങ്ങനെ നിലപാട് സ്വീകരിച്ചാൽ പോരാ. മൗലികാവകാശം ഉയർത്തിപ്പിടിക്കേണ്ട സർക്കാർ, അതിന് എതിരുനിൽക്കാൻ പാടില്ല.
എല്ലാ സമയത്തും ദേശസുരക്ഷ മറയാക്കി എന്തും ചെയ്യാൻ സർക്കാറിന് അവകാശമില്ല. സ്വകാര്യത എന്ന അവകാശത്തിനുമുണ്ട് നിയന്ത്രണം. ഭീകരത പ്രതിരോധിക്കാൻ സർക്കാർ ഏജൻസികൾക്ക് നിരീക്ഷണം ആവശ്യമായേക്കാം. ചില ഘട്ടങ്ങളിൽ സ്വകാര്യതയിലേക്കും കടന്നുകയറേണ്ടിവന്നേക്കാം. എന്നാൽ, ആ നിയന്ത്രണം ഭരണഘടനാപരമായ പരിശോധനകൾക്കു വിധേയമായിരിക്കണം. ദേശസുരക്ഷ വിഷയത്തിൽ കോടതി ഇടപെടുകയില്ല. അതിനർഥം കോടതി നിശ്ശബ്ദ കാഴ്ചക്കാരാവുമെന്നല്ല. നീതിപീഠം ഒഴിഞ്ഞുമാറുന്ന ഒന്നായി ദേശസുരക്ഷപ്രശ്നം മാറാൻ പാടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയക്കാരുടെയും പത്രക്കാരുടെയും മാത്രമല്ല, ഓരോ വ്യക്തിയുടെയും അവകാശത്തിേൻറതാണ് വിഷയം. വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാമെന്ന സർക്കാർ നിലപാട് തള്ളിയാണ് സുപ്രീംകോടതി റിട്ട. ജസ്റ്റിസ് ആർ.വി. രവീന്ദ്രെൻറ മേൽനോട്ടത്തിൽ പ്രത്യേക സമിതി രൂപവത്കരിച്ചത്. സമിതിയെ സർക്കാർ നിശ്ചയിക്കുന്നത് പക്ഷപാതിത്വത്തിന് എതിരായ നീതിപീഠ തത്ത്വങ്ങൾക്ക് നിരക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. മുൻ ഐ.പി.എസ് ഓഫിസർ അലോക് േജാഷി, ഗുണനിലവാരനിർണയ സ്ഥാപനമായ ഐ.എസ്.ഒയിൽ ദീർഘകാലം പ്രവർത്തിച്ച ഡോ. സുന്ദീപ് ഒബ്റോയി എന്നിവരെയും മൂന്ന് സാങ്കേതിക വിദഗ്ധരെയുമാണ് സമിതിയിൽ ഉൾപ്പെടുത്തിയത്. ഡോ. നവീൻകുമാർ ചൗധരി, ഡോ. പി. പ്രഭാഹരൻ, ഡോ. അശ്വിൻ അനിൽ ഗുമസ്തെ എന്നിവരാണ് ഈ അംഗങ്ങൾ.
പലരും ഒഴിഞ്ഞുമാറിയതിനാൽ സ്വതന്ത്ര അംഗങ്ങളെ കണ്ടെത്താൻ പ്രയാസപ്പെടേണ്ടിവന്ന കാര്യം കോടതി എടുത്തു പറഞ്ഞു. രണ്ടു മാസത്തിനുശേഷം കേസ് വീണ്ടും പരിഗണിക്കുേമ്പാൾ സമിതി സുപ്രീംകോടതിക്ക് റിപ്പോർട്ട് നൽകണം. ബി.ജെ.പി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്ന മുൻ ധനമന്ത്രി യശ്വന്ത്സിൻഹ, മുതിർന്ന മാധ്യമപ്രവർത്തകരായ എൻ. റാം, ശശികുമാർ, സി.പി.എം എം.പി ജോൺ ബ്രിട്ടാസ്, സുപ്രീംകോടതി അഭിഭാഷകൻ എം.എൽ. ശർമ, എഡിറ്റേഴ്സ് ഗിൽഡ് തുടങ്ങിയവരാണ് പെഗസസ് സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള സർക്കാറിെൻറ ചാരപ്പണിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
പെഗസസ്: സമിതി അന്വേഷിക്കേണ്ട വിഷയങ്ങൾ
ന്യൂഡൽഹി: പെഗസസ് ചാരവൃത്തി സംബന്ധിച്ച അന്വേഷണത്തിന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയുടെ പരിഗണന വിഷയങ്ങൾ: പെഗസസ് എന്ന ചാരപ്പണി ഉപകരണം ഇന്ത്യയിലെ ജനങ്ങളുടെ ഫോണിലോ മറ്റ് ഉപകരണങ്ങളിലോ ശേഖരിച്ച േഡറ്റ ചോർത്താനോ സംഭാഷണങ്ങൾ പിടിച്ചെടുക്കാനോ വിവരം ചോർത്താനോ ഉപയോഗിച്ചിട്ടുണ്ടോ?
ചാരവൃത്തിക്ക് ഇരയാക്കപ്പെട്ട വ്യക്തികൾ ആരൊക്കെ?
പെഗസസ് ഉപയോഗിച്ച് ജനങ്ങളുടെ വാട്സ്ആപ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തെന്ന് 2019ൽ റിപ്പോർട്ടുകൾ വന്ന ശേഷം കേന്ദ്രസർക്കാർ എന്തു നടപടി സ്വീകരിച്ചു?
കേന്ദ്ര സർക്കാറോ, സംസ്ഥാന സർക്കാറുകളോ അതിനു കീഴിലെ ഏതെങ്കിലും ഏജൻസികളോ പെഗസസ് സോഫ്റ്റ്വെയർ വാങ്ങി ജനങ്ങൾക്കെതിരെ ഉപയോഗിച്ചിട്ടുണ്ടോ?
ഏതെങ്കിലും സർക്കാർ ഏജൻസി പെഗസസ് നിരീക്ഷണം നടത്തിയെങ്കിൽ, അത് ഏതു നിയമവും ചട്ടവും മാർഗവും അനുസരിച്ചാണ്, നടപടിക്രമം പാലിച്ചിട്ടുണ്ടോ?
ഇന്ത്യയിലെ ഏതെങ്കിലും സ്ഥാപനമോ വ്യക്തിയോ ചാര ഉപകരണം ജനങ്ങൾക്കെതിരെ ഉപയോഗിച്ചെങ്കിൽ, അതിന് അനുമതി നൽകിയിരുന്നോ?
ശിപാർശ നൽകേണ്ട വിഷയങ്ങൾ:
സ്വകാര്യതക്കുള്ള അവകാശം സംരക്ഷിക്കാനും നിരീക്ഷണവുമായി ബന്ധപ്പെട്ടും നിലവിലെ നിയമങ്ങളിൽ ഭേദഗതി ആവശ്യമുണ്ടോ?
രാജ്യത്തിെൻറയും അതിെൻറ സ്വത്തുക്കളുടെയും സൈബർ സുരക്ഷ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ എന്തൊക്കെ?
ചാരപ്പണി ഉപകരണങ്ങൾ മുഖേന സ്വകാര്യതക്കുള്ള ജനങ്ങളുടെ അവകാശത്തിനു മേൽ കടന്നുകയറുന്നില്ലെന്ന് ഉറപ്പുവരുത്താൻ എന്തെല്ലാം ചെയ്യണം?
നിയമവിരുദ്ധ നിരീക്ഷണം സംശയിക്കുെന്നങ്കിൽ പരാതിപ്പെടാൻ പ്രത്യേക സംവിധാനം സ്ഥാപിക്കുന്നതിനെക്കുറിച്ച നിർദേശങ്ങൾ എന്തൊക്കെ?
സൈബർ സുരക്ഷ പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പൂർണസജ്ജ സ്വതന്ത്ര സംവിധാനം സ്ഥാപിക്കുന്നതിനെക്കുറിച്ച അഭിപ്രായം എന്താണ്?
പൗരാവകാശം ഉറപ്പുവരുത്തുന്നതിന് കോടതി സ്വീകരിക്കേണ്ട ഇടക്കാല നടപടികൾ എന്തൊക്കെ?
നുഴഞ്ഞുകയറും; എല്ലാം ചോർത്തും
സ്വന്തം ഫോണിൽ പെഗസസ് കയറിക്കൂടിയിട്ടുണ്ടോ എന്നറിയാൻ ഒരു വഴിയുമില്ല. അതാണ് അതിെൻറ ഭീകരത. കയറിക്കഴിഞ്ഞാൽ ഫോണിലെ എല്ലാ സംവിധാനങ്ങളും പെഗസസിെൻറ നിയന്ത്രണത്തിലാകും. ശബ്ദം, ചാറ്റുകൾ, കാമറ, ഫോട്ടോകൾ, വിഡിയോകൾ, ലൊക്കേഷൻ, വെബ് സെർച്ച്, പാസ്വേഡ്, സോഷ്യൽ മീഡിയ പോസ്റ്റുകൾ, കോൾ ലിസ്റ്റ് അങ്ങനെ എല്ലാം ചോർത്തപ്പെടും. സ്വയം കാമറ പ്രവർത്തിപ്പിക്കാനും ചാര സോഫ്റ്റ്വെയറിനാകും. ഒരാളുടെ ഫോണിനെ അയാൾ അറിയാതെ ചാര ഉപകരണമാക്കി മാറ്റുകയാണ് പെഗസസ് ചെയ്യുന്നത്.
ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒ സൃഷ്ടിച്ച പെഗസസ് ആൻഡ്രോയ്ഡ്, ബ്ലാക്ബെറി, ഐ.ഒ.എസ്, സിംബിയൻ എന്നീ ഓപറേറ്റിങ് സിസ്റ്റങ്ങളിലെല്ലാം പ്രവർത്തിക്കും.
'സീറോ ക്ലിക് എക്സ്പ്ലോയിറ്റ്' എന്നറിയപ്പെടുന്ന സാങ്കേതികതവഴിയാണ് ഒരു ഇലയനക്കംപോലുമില്ലാതെ ഒരാളുടെ ഫോണിൽ പെഗസസ് കയറിക്കൂടുന്നത്. സ്വന്തം ഫോണിലെ ഏതെങ്കിലും ആപ്പുകൾ, ഓപറേറ്റിങ് സിസ്റ്റം എന്നിവയാണ് ഇതിനായി ചാര സോഫ്റ്റ്വെയർ ഉപയോഗപ്പെടുത്തുക.
ഗവൺമെൻറുകൾക്ക് മാത്രമേ പെഗസസ് വിൽക്കാറുള്ളൂവെന്നും ഭീകരവാദം, ക്രിമിനൽ പ്രവർത്തനം എന്നിവ നിരീക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ചാര സോഫ്റ്റ്വെയർ വികസിപ്പിച്ചതെന്നുമാണ് കമ്പനിയുടെ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.