പെഗസസ്: കേന്ദ്രം പ്രതിരോധത്തിൽ
text_fieldsന്യൂഡൽഹി: ഇസ്രായേലുമായുള്ള പെഗസസ് കരാറിന്റെ വിശദാംശങ്ങൾ പുറത്തു വന്നതോടെ സർക്കാർ പ്രതിരോധത്തിൽ. തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ 'ന്യൂയോർക്ക് ടൈംസ്' വെളിപ്പെടുത്തലിൽ സർക്കാറിനോട് വിശദീകരണം ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ. സുപ്രീംകോടതി രൂപവത്കരിച്ച അന്വേഷണ സമിതിക്കു മുന്നിലും സർക്കാർ വിശദീകരിക്കേണ്ടി വരും. പെഗസസ് ഇന്ത്യ വാങ്ങി ഉപയോഗിച്ചുവെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്നാണ് നേരത്തെ വിവാദമുയർന്നപ്പോൾ ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ വിശദീകരിച്ചത്. വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിൽ ആഭ്യന്തര മന്ത്രാലയവും നിഷേധിച്ചിരുന്നു. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും ഈ നിഷേധം തുടർന്നു. എന്നാൽ വിശദീകരണം തന്ത്രപരമായിരുന്നു. പെഗസസ് വാങ്ങിയിട്ടില്ലെന്ന് ഒരിടത്തും വ്യക്തമായി നിഷേധിച്ചില്ല. പകരം, പെഗസസ് ഉപയോഗിച്ചിട്ടില്ലെന്നാണ് എല്ലായിടത്തും പറഞ്ഞത്. സർക്കാർ നിലപാട് തള്ളിയാണ് സുപ്രീംകോടതി അന്വേഷണ സമിതിയെ നിയോഗിച്ചതെന്നതും ശ്രദ്ധേയം.
കഴിഞ്ഞ വർഷകാല പാർലമെന്റ് സമ്മേളനം പെഗസസ് വിഷയത്തിൽ പൂർണമായും കലങ്ങിയിരുന്നു. സർക്കാർ തൃപ്തികരമായി കാര്യങ്ങൾ വിശദീകരിക്കാത്തതിലെ പ്രതിപക്ഷ പ്രതിഷേധമായിരുന്നു കാരണം. അതേ സ്ഥിതി ബജറ്റ് സമ്മേളനത്തിനും ഉണ്ടാകാൻ സാധ്യതയേറെ. കർഷക പ്രശ്നമടക്കം വിവിധ വിഷയങ്ങളും പുറമെയുണ്ട്.
അതേസമയം, സുപ്രീംകോടതി അന്വേഷണ സമിതിയെ നിയോഗിച്ചത് പ്രതിരോധത്തിനുള്ള ഉപായമാക്കുകയാണ് തൽക്കാലം സർക്കാർ. റിട്ട. ജസ്റ്റിസ് ആർ.വി. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതിയുടെ അന്തിമ റിപ്പോർട്ടാണ്, ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടല്ല പ്രധാനമെന്ന്
ഔദ്യോഗിക കേന്ദ്രങ്ങൾ വിശദീകരിച്ചു. പെഗസസിന്റെ ചാരവൃത്തിക്ക് വിധേയരായെന്ന് സംശയിക്കുന്നവർ ഫോണും മറ്റു വിശദാംശങ്ങളും ഹാജരാക്കാൻ ജനുവരി രണ്ടിന് സമിതി പത്രപരസ്യം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.