പെഗസസ്: ഏറ്റുമുട്ടി സർക്കാറും പ്രതിപക്ഷവും
text_fieldsന്യൂഡൽഹി: പെഗസസ് ചാരവൃത്തിയിൽ അന്വേഷണം പ്രഖ്യാപിക്കാതെ പാർലമെൻറ് സമ്മേളനം അനുവദിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയതോടെ വർഷകാലസമ്മേളനം കേന്ദ്ര സർക്കാറും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിൽ. സമ്മേളനത്തിെൻറ രണ്ടാമത്തെ ആഴ്ചയിലെ ആദ്യദിനവും കലങ്ങിയതോടെ പ്രതിപക്ഷവുമായി ചർച്ചക്കുള്ള ശ്രമങ്ങളും കേന്ദ്രം തുടങ്ങി.
ചാരവൃത്തിയും കർഷക സമരവും ഉയർത്തി പാർലമെൻറിെൻറ ഇരുസഭകളും പ്രതിപക്ഷം തിങ്കളാഴ്ചയും സ്തംഭിപ്പിച്ചു. പെഗസസ് ചർച്ചചെയ്യാൻ കേന്ദ്ര സർക്കാർ അനുവദിക്കാതെ വർഷകാല സമ്മേളനവുമായി മുന്നോട്ടുപോകാൻ അനുവദിക്കില്ലെന്ന സൂചന കോൺഗ്രസ് നേതാവ് ശശി തരൂരും നൽകി. വിഷയം പാർലമെൻറ് ചർച്ച ചെയ്യണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും എന്നാൽ, സർക്കാർ തയാറല്ലെന്നും ലോക്സഭ ചൊവ്വാഴ്ചത്തേക്ക് പിരിഞ്ഞശേഷം ശശി തരൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് സർക്കാർ ഉത്തരം നൽകണമെന്നാണ് ഞങ്ങൾ പറയുന്നത്. സർക്കാർ അത് സമ്മതിക്കുന്നില്ലെങ്കിൽ പിന്നെ സർക്കാറിെൻറ അജണ്ട നടത്താൻ പ്രതിപക്ഷം എന്തിന് അനുവദിക്കണമെന്ന് തരൂർ ചോദിച്ചു.
പ്രതിപക്ഷം തെൻറ രാജി ആവശ്യപ്പെടുന്നതിനിടയിൽ സഭാ സ്തംഭനം അവസാനിപ്പിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ സ്പീക്കർ ഓം ബിർളയുമായി ചർച്ച നടത്തി. ഒളിമ്പിക്സ് ജേത്രി മീരാബായ് ചാനുവിനെ അനുമോദിക്കുകയും കാർഗിൽ രക്തസാക്ഷികളെ അനുസ്മരിക്കുകയും ചെയ്ത ശേഷമാണ് നടപടികളിലേക്ക് കടക്കാൻ രാജ്യസഭ, ലോക്സഭ അധ്യക്ഷന്മാർ ശ്രമിച്ചത്. രാജ്യസഭയിൽ അധ്യക്ഷൻ വെങ്കയ്യ നായിഡു നടപടികളിലേക്ക് കടന്നതും കോൺഗ്രസ് തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് നടുത്തളത്തിലേക്ക് പ്ലക്കാർഡുകളുമായി കുതിച്ചു.
പ്രാധാന്യമുള്ള പല വിഷയങ്ങളും ഉന്നയിക്കുന്നതിൽനിന്ന് പ്രതിപക്ഷം അംഗങ്ങളെ തടയുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തുടർന്ന് സഭ 12 മണിക്കു ചേർന്ന് ഉപാധ്യക്ഷൻ ഹരിവൻഷ് റായ് നാരായണൻ സംസാരിച്ച് തുടങ്ങിയപ്പോൾ നടുത്തളം വളഞ്ഞ് മുദ്രാവാക്യം വിളിച്ച കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സി.പി.ഐ അംഗങ്ങൾ 'ബിഗ് ബ്രദർ നിങ്ങളെ നിരീക്ഷിക്കുന്നു' എന്ന് എഴുതിയ പ്ലക്കാർഡ് അദ്ദേഹത്തിെൻറ മേശക്ക് മുകളിൽ ഉയർത്തി സംസാരം തടസ്സപ്പെടുത്തി.
'ഗുജറാത്ത് മോഡൽ ചാരപ്പണി ഇപ്പോൾ ദേശീയതലത്തിലും', 'ചാരനിരീക്ഷണം നിർത്തുക' എന്നീ പ്ലക്കാർഡുകളും നടുത്തളത്തിൽ ഉയർത്തിക്കാട്ടി. ഇത് അവഗണിച്ച് ചോദ്യോത്തരവേളയുമായി മുന്നോട്ടുപോകാൻ തുനിഞ്ഞ ഉപാധ്യക്ഷനോട് അനുവദിക്കില്ലെന്നുപറഞ്ഞ് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ശബ്ദമുയർത്തിയതോടെ നടപടികൾ രണ്ടു മണി വരെ നിർത്തിവെക്കുകയാണെന്ന് ഹരിവൻഷ് റായ് പറഞ്ഞു. തുടർന്ന് നാലു തവണ ചേർന്നെങ്കിലും പ്രതിപക്ഷവും പിന്നോട്ടു പോയില്ല. തുടർന്ന് ചൊവ്വാഴ്ചത്തേക്ക് സഭ പിരിഞ്ഞതായി അറിയിച്ചു. ലോക്സഭയിൽ പ്രതിപക്ഷ ബഹളത്തിനിടയിൽ അരമണിക്കൂർ ചോദ്യോത്തര വേള നടത്തി നോക്കിയാണ് സ്പീക്കർ ഓം ബിർള സഭ നിർത്തിവെച്ചത്. മൂന്നു തവണ നിർത്തിവെച്ചശേഷം പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എൻറർപ്രണർഷിപ് ആൻഡ് മാനേജ്മെൻറ് ബില്ലും ഫാക്ടറി നിയന്ത്രണ ഭേദഗതി ബില്ലും ലോക്സഭ പാസാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.