പെഗസസ് നുഴഞ്ഞുകയറ്റം: ഭീമ കൊറേഗാവ് പ്രതികളുടെ മൊബൈലുകൾ സുപ്രീംകോടതി സമിതിക്ക് നൽകാൻ ഉത്തരവ്
text_fieldsമുംബൈ: ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റിലായ മലയാളികൾ ഉൾപ്പെടെ ഏഴ് പേരുടെ മൊബൈൽ ഫോണുകൾ പെഗസസ് നുഴഞ്ഞുകയറ്റം പരിശോധിക്കുന്ന സുപ്രീംകോടതി സമിതിക്ക് കൈമാറാൻ എൻ.ഐ.എ കോടതി അനുവദിച്ചു. മലയാളികളായ റോണ വിൽസൻ, ഹാനി ബാബു, തെലുഗു കവി വരവര റാവു, ആനന്ദ് തെൽതുംബ്ഡെ, വെർനൻ ഗോൻസാൽവസ്, സുധ ഭരദ്വാജ്, ഷോമ സെൻ എന്നിവരുടെ മൊബൈലുകൾ നൽകാനാണ് പ്രത്യേക ജഡ്ജി ദിനേശ് കൊത്തലിക്കർ അനുമതി നൽകിയത്.
ഇസ്രായേൽ ചാര സോഫ്റ്റ്‌വെയറായ പെഗസസ് തങ്ങളുടെ മൊബൈലിലും നുഴഞ്ഞു കയറിയതായി ആരോപിച്ച് അറസ്റ്റിലായവരുടെ ബന്ധുക്കളും അഭിഭാഷകരും സുപ്രീംകോടതി സമിതിക്ക് എഴുതുകയായിരുന്നു. തുടർന്ന്, ഇവരുടെ മൊബൈൽ ഫോണുകൾ ഹാജരാക്കാൻ സുപ്രീംകോടതി സമിതി എൻ.ഐ.എയോട് ആവശ്യപ്പെട്ടു. എൻ.ഐ.എയാണ് തെളിവായി കസ്റ്റഡിയിൽ വെച്ച മൊബൈൽ ഫോണുകൾ കൈമാറാൻ കോടതിയുടെ അനുമതി തേടിയത്. സുപ്രീംകോടതി പാനലിന് മൊബൈൽ കൈമാറുന്നതിൽ എതിർപ്പില്ലെന്ന് പ്രതികളുടെ അഭിഭാഷകർ കോടതിയെ അറിയിച്ചതോടെയാണ് ഉത്തരവ്.
തന്നിൽ നിന്നും പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളുടെ ക്ലോൺ പകർപ്പിൽ അമേരിക്കയിലെ സ്വകാര്യ ഫോറൻസിക് കമ്പനിയായ ആഴ്സണൽ കൺസൾട്ടിങ്ങ് പരിശോധനക്കു ശേഷം നൽകിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് റോണ വിൽസൺ സുപ്രീംകോടതി സമിതിക്ക് എഴുതിയത്. 2018 ജൂൺ ആറിന് അറസ്റ്റിലാകുന്നതിന് രണ്ടുവർഷം മുമ്പ് ഇ-മെയിൽ വഴി ലാപ്ടോപ്പിൽ വൈറസ് ബാധയേറ്റതായാണ് കണ്ടെത്തൽ. ഐ ഫോണുകളിൽ പെഗസസ് വൈറസ് നുഴഞ്ഞുകയറിയതിന്‍റെ ലക്ഷണങ്ങളുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.