പെഗസസ് ചാരവൃത്തിക്ക് ഇരയായെന്ന് ഭീമ കൊറേഗാവ് കേസ് പ്രതികൾ
text_fieldsന്യൂഡൽഹി: തങ്ങൾ പെഗസസ് ചാരവൃത്തിക്ക് ഇരയായതായി, ഭീമ കൊറേഗാവ് കേസിൽ തടവിൽ കഴിയുന്ന മലയാളിയായ റോണ വിൽസൺ അടക്കം നാലു പേർ സുപ്രീംകോടതി വിദഗ്ധ സമിതിയെ അറിയിച്ചു.
പുണെ പൊലീസ് പിടിച്ചെടുത്ത തെൻറ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കിലാണ് പെഗസസ് ചാരവൃത്തി നടത്തിയതെന്നും പ്രോസിക്യൂഷൻ നൽകിയ ഈ ഹാർഡ് ഡിസ്കിെൻറ പകർപ്പ് അമേരിക്കയിൽ പരിശോധിച്ചപ്പോൾ, ചാരവൃത്തിയിലൂടെ 10 രേഖകൾ കൃത്രിമമായി സൃഷ്ടിച്ചതായി കണ്ടെത്തിയെന്നും റോണ ബോധിപ്പിച്ചു. 2016 ജൂൺ 13 മുതൽ 22മാസം കൊണ്ടാണ് ഈ ചാരവൃത്തി നടന്നതെന്ന് അമേരിക്കൻ ബാർ അസോസിയേഷെൻറ സ്വതന്ത്ര ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയെന്നും റോണ അറിയിച്ചു.
24 ഫയലുകളിൽ 22ഉം ഒപ്പം ഐ ഫോണും ചാരവൃത്തിക്കിരയായതായി, അമേരിക്കൻ ബാർ അസോസിയേഷനുവേണ്ടി പരിശോധന നടത്തിയ ആഴ്സനൽ കൺസൾട്ടിങ് കഴിഞ്ഞ ഡിസംബർ 17ന് അറിയിച്ചിരുന്നുവെന്നും അദ്ദേഹം മൊഴി നൽകി.
എൻ.ഐ.എ കസ്റ്റഡിയിലുള്ള ഒറിജിനൽ ഹാർഡ് ഡിസ്കും ഐ ഫോണും ഫോറൻസിക് പരിശോധനക്ക് അയക്കാൻ വിട്ടുനൽകാൻ നിർദേശം നൽകണമെന്നും അഭ്യർഥിച്ചു. 2018 മുതൽ ജയിലിൽ കഴിയുകയാണ് ഇദ്ദേഹം.
റോണയെ കൂടാതെ ഭീമ കൊറേഗാവ് കേസിൽ പ്രതിയാക്കപ്പെട്ട അഡ്വ. അരുൺഫെറേറിയ, ഡോ. ഷോമ സെൻ, സുരേന്ദ്ര ഗാഡ്ലിങ് എന്നിവരും തങ്ങൾ ചാരവൃത്തിക്ക് ഇരയായതായി അറിയിച്ചു. മനുഷ്യാവകാശ കേസുകളിൽ ഇടപെടുന്ന അഭിഭാഷകൻ നിഹാൽസിങ് ബി റാതോഡും ഇതേ പരാതിയുമായി സമിതിക്ക് മുന്നിലെത്തി. വാട്ട്സ്ആപ്പിൽ ഗ്രൂപ് വിഡിയോ കാളുകൾ വന്നിരുന്നുവെന്നും അത് എടുക്കാൻ ശ്രമിക്കുമ്പോൾ വിഛേദിക്കപ്പെട്ടുപോകുമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ഇത് ശല്യമായപ്പോൾ നമ്പറുകൾ ബ്ലോക്ക് ചെയ്തു. എന്നിട്ടും അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് ആവർത്തിച്ച് വിളികൾ വരാൻ തുടങ്ങിയതോടെ വാട്സ്ആപ്പിന് പരാതി നൽകിയെന്നും റാതോഡ് ബോധിപ്പിച്ചു. തെൻറ സുഹൃത്തായ ജഗദീഷ് മേശ്രാമിനും സമാന അനുഭവമുണ്ടെന്നും റാതോഡ് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.