പെഗസസിൽ അന്വേഷണത്തിന് ബംഗാൾ സർക്കാർ
text_fieldsകൊൽക്കത്ത: ഇസ്രായേൽ ചാര സോഫ്റ്റ്വെയറായ പെഗസസ് ഉപയോഗിച്ച് പ്രമുഖരുടെ ഫോൺ ചോർത്തിയത് അന്വേഷിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ തീരുമാനിച്ചു. കൽക്കത്ത ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് ജ്യേതിർമയ് ഭട്ടാചാര്യ, സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോകുർ എന്നിവരെയാണ് കമീഷൻ അംഗങ്ങളായി നിയോഗിച്ചത്. ബംഗാളിലെ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ ഫോൺ ചോർത്തിയതായി ആരോപണമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിക്കെതിരെ പ്രതിപക്ഷ വിശാല സഖ്യമുണ്ടാക്കുന്നത് ചർച്ചചെയ്യാൻ ഡൽഹിയിലേക്ക് പോകുന്നതിന് മുമ്പാണ് മുഖ്യമന്ത്രി മമത ബാനർജി അന്വേഷണം പ്രഖ്യാപിച്ചത്.
ഫോൺ ചോർത്തിയതിന് പിന്നിൽ പ്രവർത്തിച്ചത് ആരൊക്കെയാണെന്ന് കമീഷൻ കണ്ടെത്താൻ ശ്രമിക്കുമെന്ന് മന്ത്രിസഭയോഗത്തിന് ശേഷം അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനം തടയുക കൂടിയാണ് ഇതിലൂെട ഉദ്ദേശിക്കുന്നത്. അന്വേഷണത്തിന് കമീഷനെ നിയോഗിക്കുകയോ അല്ലെങ്കിൽ കോടതി മേൽ നോട്ടത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയോ ആണ് കേന്ദ്ര സർക്കാർ ചെയ്യേണ്ടിയിരുന്നത്. എന്നാൽ, കേന്ദ്രം ഒന്നും ചെയ്യാത്തതിനാലാണ് വിഷയം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
ഉടൻ അന്വേഷണം തുടങ്ങാൻ കമീഷനോട് അപേക്ഷിക്കുമെന്ന് മമത പറഞ്ഞു. ഈ വിഷയത്തെക്കുറിച്ച് സുപ്രീംകോടതി സ്വമേധയ അന്വേഷണം നടത്തണമെന്ന് മമത നേരത്തെ ആവശ്യപ്പെട്ടിരുന്നു. മമതയുടെ മരുമകനും തൃണമൂൽ എം.പിയുമായ അഭിഷേക് ബാനർജി, ബംഗാളിൽ തൃണമൂലിെൻറ തെരഞ്ഞെടുപ്പ് തന്ത്രത്തിന് ചുക്കാൻ പിടിച്ച പ്രശാന്ത് കിഷോർ എന്നിവരും പെഗസസ് ചാരപ്പട്ടികയിലുണ്ട്.
കമീഷൻ ഓഫ് എൻക്വയറി ആക്ട്പ്രകാരമാണ് ബംഗാൾ സർക്കാർ പെഗസസ് ചാരവൃത്തിയെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ നിയമപ്രകാരം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അന്വേഷണത്തിന് അധികാരമുണ്ട്. കേന്ദ്ര സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്ന പെഗസസ് നുഴഞ്ഞുകയറ്റം അന്വേഷിക്കാൻ കേന്ദ്രത്തെ സമ്മർദത്തിലാക്കുക എന്നതാണ് ഇതിലൂടെ മമത ബാനർജി ലക്ഷ്യമിടുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.