പെഹ്ലുഖാൻ കേസ് കോടതിയിൽ പരാജയപ്പെട്ടതെങ്ങിനെ?
text_fieldsമൂന്ന് അന്വേഷണ ഉദ്യോഗസ്ഥർ, അഭിപ്രായ സമന്വയത്തിലെത്താത്ത ഡോക്ടർമാരുടെ രണ്ട് സംഘം, ഉറവിടം അറിയില്ലെന്ന് പറയുന ്ന രണ്ട് വീഡിയോകൾ, രണ്ട് കൂട്ടം പ്രതികൾ... കാലിക്കടത്ത് ആരോപിച്ച് പെഹ്ലുഖാൻ എന്ന ക്ഷീരകർഷകനെ ആൾകൂട്ടം തല്ലിക്കൊന്ന കേസ് കോടതിയിലെത്തിയത് ഇങ്ങിനെയാണ്. രാജസ്ഥാൻ പൊലീസിന്‍റെ അന്വേഷണത്തിലെ അനാസ്ഥ കാരണം കേസിന് സംഭവ ിച്ചതെന്താണെന്നത് ഇത്രയും കാര്യങ്ങളിലുണ്ട്.
പ്രതികളെയെല്ലാം ജില്ല കോടതി വെറുതെവിട്ടതിനെതിരെ ദേശീയ നേത ാക്കളടക്കം പ്രതിഷേധം ഉയർത്തുകയും പുനരന്വേഷണത്തിന് രാജസ്ഥാൻ സർക്കാർ ഉത്തരവിടുകയും ചെയ്തിരിക്കുകയാണ്. തല്ലിക ്കൊല്ലുന്നത് കാമറയിൽ പതിയുകയും ടെലിവിഷൻ സ്ക്രീനുകളിൽ അത് സംപ്രേഷണം ചെയ്യുകയും ചെയ്തിട്ടും കേസ് കോടതിയിൽ പരാ ജയപ്പെട്ടത് എങ്ങിനെയെന്ന് ചർച്ചയാകുകയാണ്.
മൂന്ന് അന്വേഷണ ഉദ്യോഗസ്ഥർ; പ്രതികളുടെ രണ്ട് സംഘം
മൂന ്ന് പൊലീസ് ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ചത്. ആദ്യം ബെഹ്റൂർ പൊലീസ് സ്റ്റേഷൻ മുൻ ഹൗസ് ഓഫീസർ രമേശ് സിൻസിൻവറാണ് അന് വേഷിച്ചത്. സിൻസിൻവർ ഏപ്രിൽ 1ന് ആശുപത്രിയിലെത്തി പെഹ്ലുഖാന്റെ മൊഴി രേഖപ്പെടുത്തി. തന്നെ മർദ്ദിച്ച ആറ് പേരുടെ പേരുകൾ (ഓം യാദവ്, ഹുകുംചന്ദ് യാദവ്, നവീൻ ശർമ, സുധീർ യാദവ്, രാഹുൽ സൈനി, ജഗ്മൽ) ഖാൻ പൊലീസിനോട് പറഞ്ഞു. എന്നാൽ ഡോക്ടറുടെ സാക്ഷ്യപത്രം വാങ്ങുന്നതടക്കം ഏറ്റവും പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളിൽപോലും സിൻസിൻവർ വീഴ്ചവരുത്തി. എഫ്.ഐ.ആർ സമർപ്പിച്ചെങ്കിലും പ്രതികളെ പിടികൂടുകയോ പെഹ്ലുഖാന് മുന്നിൽ തിരിച്ചറിയൽ പരേഡിന് ഹാജരാക്കുകയോ ചെയ്തില്ല. ഏപ്രിൽ 4ന് പെഹ്ലുഖാൻ മരിച്ചു. മർദ്ദിച്ചവരുടെ പേര് പറഞ്ഞിട്ടും സിൻസിൻവർ അറസ്റ്റ് ചെയ്തത് മറ്റൊരു കൂട്ടം ആളുകളെയായിരുന്നു. കലുറാം, വിപിൻ യാദവ്, രവീന്ദ്ര കുമാർ എന്നിവരടക്കം പെഹ്ലുഖാൻ തന്‍റെ മരണമൊഴിയിൽ പറയാത്തവരായിരുന്നു ഇവർ. അക്രമത്തിന്‍റെ വീഡിയോ പ്രകാരമാണ് അറസ്റ്റെന്നായിരുന്നു സിൻസിൻവറുടെ വാദം. ഈ ഉദ്യോഗസ്ഥന്‍റെ പ്രവൃത്തിയെ 'അങ്ങേയറ്റത്തെ അവഗണന' എന്നാണ് കോടതി വിശേഷിപ്പിച്ചത്.
ഏപ്രിൽ 8ന് ബെഹ്റൂർ അഡീഷണൽ പൊലീസ് സൂപ്രണ്ട് പർമൽ സിങ് കേസ് അന്വേഷണം ഏറ്റെടുത്തു. അദ്ദേഹം അക്രമത്തിന്‍റെ മറ്റൊരു വീഡിയോ കൊണ്ടുവന്നു. സിൻസിൻവർ അറസ്റ്റ് ചെയ്തവരടക്കം ഏഴു പേർക്കെതിരെ കുറ്റപത്രം തയാറാക്കി.
കേസ് ജൂലൈയിൽ ക്രൈംബ്രാഞ്ചിന് കൈമാറി. അഡീഷണൽ എസ്.പി ഗോവിന്ദ് ദേത്തയായിരുന്നു മൂന്നാമത്തെ അന്വേഷണ ഉദ്യോഗസ്ഥൻ. എഫ്.ഐ.ആറിൽ പറഞ്ഞ ആറു പേരും അക്രമം നടക്കുമ്പോൾ സംഭവ സ്ഥലത്ത് ഇല്ലായിരുന്നെന്നും മൊബൈൽ ലൊക്കേഷൻ പരിശോധിച്ചാണ് ഇത് കണ്ടെത്തിയതെന്നും ഗോവിന്ദ് ദേത്ത പറയുന്നു. അക്രമികളുടെ പേരുകൾ പെഹ്ലുഖാൻ എങ്ങിനെ അറിഞ്ഞുവെന്ന സംശയം ഉന്നയിച്ച് ഖാന്‍റെ മരണമൊഴിയെയും ഗോവിന്ദ് ദേത്ത ചോദ്യം ചെയ്തു. അതോടെ, ഖാൻ മരണമൊഴിയിൽ പറഞ്ഞ ആറു പേരും രക്ഷപ്പെട്ടു. രണ്ട് വീഡിയോകളെ മുൻനിർത്തി വേറെ ഏഴു പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.
വീഡിയോകളിലെ പ്രതികൾ
വീഡിയോയിൽ കുടുങ്ങിയ അക്രമികളുടെ ചിത്രങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചില്ലെന്നും ഇപ്പോൾ വീഡിയോ കൈവശമില്ലെന്നുമാണ് സിൻസിൻവർ കോടതിയിൽ പറഞ്ഞത്. പ്രതികൾക്കെതിരെയുള്ള പ്രധാന തെളിവായിരുന്ന വീഡിയോ കൈകാര്യം ചെയ്യുന്നതിലും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിൻസിൻവറിന്‍റെ അലംഭാവം ഇത് വ്യക്തമാക്കുന്നു. വീഡിയോ പകർത്തിയ മൊബൈൽ കണ്ടെടുത്തിട്ടുമുണ്ടായിരുന്നില്ല.
രണ്ടാമത്തെ അന്വേഷണ ഉദ്യോഗസ്ഥനായ പർമാൽ സിങ് തന്‍റെ പക്കൽ അക്രമത്തിന്‍റെ മറ്റൊരു വീഡിയോ ഉണ്ടെന്ന് കോടതിയിൽ പറഞ്ഞു. ഹെഡ് കോൺസ്റ്റബിളിന്‍റെ സാന്നിധ്യത്തിലാണ് വീഡിയോ പകർത്തിയ മൊബൈൽ ഫോൺ രവീന്ദ്ര എന്നയാൾ തനിക്ക് നൽകിയതെന്നും പർമാൽ കോടതിയെ അറിയിച്ചു. എന്നാൽ, ഹെഡ് കോൺസ്റ്റബിളടക്കം കോടതിയിൽ കാലുമാറി. തുടർന്ന് അക്രമത്തിന്‍റെ രണ്ടു വീഡിയോകളും കോടതി തള്ളുകയായിരുന്നു.
മരണം ഹൃദയാഘാതം മൂലമെന്നും അല്ലെന്നും
ഭിന്നാഭിപ്രായങ്ങളുള്ള രണ്ട് സംഘം ഡോക്ടർമാരെയാണ് പൊലീസ് കോടതിയിലെത്തിച്ചത്. ഏപ്രിൽ ഒന്നു മുതൽ നാലുവരെ പെഹ്ലുഖാനെ ആശുപത്രിയിൽ ചികിത്സിച്ചവരായിരുന്നു ഒരു സംഘം. ഇവർ ഖാന്‍റെ മരണം ഹൃദായാഘാതം മൂലമാണെന്നാണ് കോടതിയിൽ പറഞ്ഞത്. ഖാൻ ഏറെക്കാലമായി ഹൃദ്രോഗബാധിതനായിരുന്നെന്നും ഈ സംഘം പറഞ്ഞു.
പെഹ്ലുഖാന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തവരായിരുന്നു മറ്റൊരു സംഘം ഡോക്ടർമാർ. മർദ്ദനത്തിലുണ്ടായ മുറിവുകളിൽനിന്ന് രക്തം വാർന്നാണ് ഖാന്‍റെ മരണമെന്ന് ഇവർ കോടതിയെ അറിയിച്ചു.
ബാക്കിയാകുന്ന ചോദ്യം
2017 ഏപ്രിൽ ഒന്നിനായിരുന്നു രാജസ്ഥാനില്നിന്ന് ഹരിയാനയിലേക്ക് പശുക്കളെയും കൊണ്ടു പോവുകയായിരുന്ന 55കാരനായ ഖാനും മക്കളുമുള്പ്പെടുന്ന സംഘത്തെ ഗോരക്ഷക ഗുണ്ടകൾ ആക്രമിച്ചത്. രാജസ്ഥാനിലെ ജയ്പുരിനടുത്ത കാലിച്ചന്തയിൽനിന്ന് പശുവിനെയും കിടാങ്ങളെയും വിലകൊടുത്ത് വാങ്ങിയ രസീത് കാണിച്ചിട്ടും ആക്രമണം തുടർന്നു.
ക്രൂരമായ മർദ്ദനമാണ് പെഹ്ലുഖാന്റെ മരണത്തിനു കാരണം എന്നുതന്നെ കോടതി നിഗമനത്തിലെത്തിയെങ്കിലും, അക്രമികൾക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. അപ്പോഴും ഒരു ചോദ്യം ബാക്കിയാണ്,
ആരാണ് പെഹ്ലുഖാനെ കൊന്നത്....?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.